കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ് കൂടുതല്‍ നാശം ആലപ്പുഴയില്‍; ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: കനത്തമഴയിലും കാറ്റിലും വൃക്ഷങ്ങള്‍ മറിഞ്ഞുവീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍ പെട്ടാല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലോ എമര്‍ജന്‍സി നമ്പറായ 9496010101 ലോ അറിയിക്കണം.
കാറ്റിലും മഴയിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോള്‍ട്ടേജുള്ള ലൈനുകള്‍ക്കുവരെ തടസ്സമുണ്ടായിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണ് നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വലിയതോതില്‍ നാശനഷ്ടമുണ്ടായി.
കോവിഡ് മഹാമാരിയുടെ കാലത്തും ചിലയിടങ്ങളില്‍ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്‌സിജന്‍ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുന:സ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു.
വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ.വി ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുന്‍ഗണന നല്‍കുക. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികള്‍ പരിഹരിക്കുകയെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."