നന്ദു മഹാദേവയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും മഞ്ജുവാരിയരും സീമ.ജി.നായരും
തിരുവനന്തപുരം: അര്‍ബുദം കൊണ്ടു മുറിവേറ്റവരെ ജ്വലിപ്പിച്ചുനിര്‍ത്തിയ നന്ദു മഹാദേവയുടെ വിയോഗത്തില്‍ അനുസ്മരിച്ച് പ്രമുഖര്‍. മുഖ്യമന്ത്രി പിണറായി വിജയനും നടി മഞ്ജുവാരിയരും മറ്റൊരു നടി സീമ. ജി. നായരും നന്ദുവിന്റെ മരണത്തില്‍ അനുശോചനമറിയിച്ചു.
അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനുനല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നു. സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ അനേകര്‍ക്ക് പ്രചോദനമായിരുന്ന നന്ദുവിന്റെ നിര്യാണത്തില്‍ അനുശോചനക്കുറിപ്പുമായി നടി മഞ്ജു വാര്യരും. കേരള കാന്‍ ക്യാംപെയിനില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നതായി മഞ്ജു കുറിച്ചു. ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചിട്ടുണ്ട് നന്ദുവെന്ന് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി ഇന്ന് കറുത്ത ശനി... വേദനകള്‍ ഇല്ലാത്ത ലോകത്തേക്കു എന്റെ നന്ദുട്ടന്‍ പോയി (നന്ദുമഹാദേവ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു. ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ. എന്നാണ് സീമ ജി നായരുടെ കുറിപ്പ്.
കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു നന്ദു മഹേദേവന്റെ അന്ത്യം.
സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായ നന്ദു മഹാദേവ അതിജീവനം എന്ന കൂട്ടായ്!മയുടെ മുഖ്യ സംഘാടകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."