ടെസ്റ്റ് ബോളിങ്ങിൽ ഒന്നാം റാങ്കിൽ അശ്വിൻ, ഓൾ റൗണ്ടർ ആയി ജഡേജ; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം
ദുബായ്: ടെസ്റ്റ് ബോളിങ്, ഓൾറൗണ്ടർ പട്ടികയിൽ ഒന്നാം സ്ഥാനങ്ങൾ ഉൾപ്പടെ ഐസിസി റാങ്കിങ്ങിൽ മെച്ചപ്പെട്ട റാങ്ക് സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ. ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയത് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ആണ്. ടെസ്റ്റ് ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ രണ്ടാമതുമാണ് അശ്വിൻ.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 25 വിക്കറ്റ് വീഴ്ത്തിയതാണ് ഒന്നാം റാങ്കിൽ അശ്വിനെ തനിച്ച് എത്തിച്ചത്. കഴിഞ്ഞ തവണത്തെ റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സനൊപ്പമായിരുന്നു അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. പുതിയ റാങ്കിങ് പ്രകാരം 869 റേറ്റിങ് പോയിന്റുമായി അശ്വിൻ ഒന്നാമതും 859 പോയിന്റുമായി ആൻഡേഴ്സന് രണ്ടാം സ്ഥാനത്തുമാണ്.
ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഇടം പിടിച്ചത്. രവീന്ദ്ര ജഡേജ ഒന്നാമതും ആർ. അശ്വിൻ രണ്ടാമതും ആയി ആധിപത്യം തുടരുന്നു. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അക്ഷർ പട്ടേല് നാലാം സ്ഥാനത്തുണ്ട്.
ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ കോഹ്ലി സ്ഥാനം മെച്ചപ്പെടുത്തി. അഹമ്മദാബാദ് ടെസ്റ്റിൽ സെഞ്ചറി നേടിയ കോഹ്ലി എട്ട് സ്ഥാനങ്ങൾ ഉയർന്ന് പതിമൂന്നാമതെത്തി. ക്യാപ്റ്റൻ രോഹിത് ശർമ ഒരു സ്ഥാനം ഉയർന്ന് പത്താമതുണ്ട്. അതേസമയം, ബോളർമാരുടെ പട്ടികയിൽ ഒരു സ്ഥാനം താഴേക്കിറങ്ങിയ രവീന്ദ്ര ജഡേജ ഒൻപതാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."