കോവിഡിനു ശേഷം പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലെന്ന് അമിത് ഷാ; വിടുവായത്തം മതിയാക്കൂവെന്ന് മമത
കൊല്‍ക്കത്ത: കോവിഡ് പ്രതിസന്ധി തീര്‍ന്നാലുടന്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നടന്ന പൊതു പരിപാടിയിലാണ് അദ്ദേഹം നിലപാട് വീണ്ടും ആവര്‍ത്തിച്ചത്. രാജ്യത്ത് ഈ നിയമം നടപ്പാക്കില്ലെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം അമിത്ഷാക്ക് മറുപടിയുമായി മമത ബാനര്‍ജിയും രംഗത്തെത്തി.
'രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്. കോവിഡ് കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരും'-അമിത് ഷാ പറഞ്ഞു. സി.എ.എ ഒരു യാഥാര്‍ഥ്യമാണ്. അത് നടപ്പാക്കാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ തവണ വരുമ്പോഴും വിടുവായത്തം പറയുകയെന്നത് അമിത് ഷായുടെ ശീലമാണ്. ഒരു വര്‍ഷത്തിന് ശേഷം ബംഗാളിലേക്ക് വന്നപ്പോഴും അതേ വിടുവായത്തം ആവര്‍ത്തിച്ചിരിക്കുന്നു. എന്നുമായിരുന്നു മമതയുടെ മറുപടി. എന്തുകൊണ്ടാണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തതെന്നു ചോദിച്ച മമത 2024ല്‍ ഭരണത്തില്‍ എത്താന്‍ പോകുന്നില്ലെന്ന് ബിജെപിക്ക് നന്നായി അറിയാമെന്നും വ്യക്തമാക്കി.
രാജ്യത്തെ ഒരു പൗരാവകാശത്തിന് നേരെയും ഒരു കടന്നുകയറ്റവും അനുവദിക്കാന്‍ കഴിയില്ലെന്നും ഐക്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും മമത കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."