HOME
DETAILS

സംഘ്പരിവാറിന്റെ ദര്‍ബാറില്‍ ജമാഅത്തിൻ്റെ വിധേയത്വം

  
backup
March 15 2023 | 19:03 PM

jamat-and-rss

പ്രമോദ് പുഴങ്കര


സംഘ്പരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്താണെന്നും പ്രവര്‍ത്തനപദ്ധതി എന്താണെന്നുമുള്ള കാര്യത്തില്‍ ഒരു സംശയത്തിനും അവര്‍ ഇടനല്‍കുന്നില്ല. ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുരാഷ്ട്ര നിര്‍മിതിയാണ് തങ്ങളുടെ അജൻഡയെന്നത് സംഘ്പരിവാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന ഒന്നാണ്. 1925ല്‍ രൂപംകൊണ്ടതിനുശേഷം ഇന്നുവരെയും ആര്‍.എസ്.എസും സംഘ്പരിവാറും ആ രാഷ്ട്രീയപദ്ധതിയില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് മാത്രമല്ല ഇത് വലിയതോതില്‍ വിജയകരമായി നടപ്പാക്കുകയുമാണ്. സംഘ്പരിവാറിന്റെ ആ നടത്തിപ്പ് ഇന്ത്യയുടെ ജനാധിപത്യ, മതേതര റിപ്പബ്ലിക്കെന്ന രാഷ്ട്രീയാസ്തിത്വത്തെ ഇല്ലാതാക്കുകയുമാണ്. ഹിന്ദുത്വ ഫാസിസത്തിന്റെ ഏറ്റവും ഭീഷണിപ്പെടുത്തുന്ന കാലത്തിലൂടെ ഇന്ത്യ കടന്നുപോകുമ്പോള്‍ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ നേതൃത്വവുമായി പോരാട്ടത്തിൻ്റേതല്ലാത്ത ഒരുവഴിയും ഇന്ത്യയിലെ ജനാധിപത്യ, മതേതര രാഷ്ട്രീയ കക്ഷികള്‍ക്കും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമില്ല. ഇൗയൊരു ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള, മതരാഷ്ട്ര ആശയഘടനയില്‍പ്രവര്‍ത്തിക്കുന്നവരും മറ്റു മുസ്‌ലിം സംഘടനകളും സംഘ്പരിവാര്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയത്. ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള ചര്‍ച്ചകളിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും എന്തുതരം ഭാവിയായിരിക്കും അവര്‍ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടാവുക?
ജനാധിപത്യസമൂഹത്തില്‍ പരസ്പര ചര്‍ച്ചകളും സംവാദങ്ങളും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. ജനാധിപത്യത്തിന്റെ സുസ്ഥിരതയും ചലനാത്മകതയും സംവാദങ്ങള്‍ക്കും അതിലൂടെയുള്ള സ്വയം പുതുക്കലിനുമുള്ള അതിന്റെ സന്നദ്ധതയാണ്. ഇത്തരം സമൂഹവും രാഷ്ട്രീയ സംവിധാനവും മാത്രമാണ് ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹം എന്ന വിശേഷണത്തിന് അർഹമാവുകപോലുമുള്ളു. ഇൗ സമൂഹത്തെ നിര്‍മിച്ചെടുക്കാനുള്ള നിരന്തര ശ്രമം നടക്കുക എന്നതുകൂടിയാണ് ഒരു സമൂഹത്തിലെ ജനാധിപത്യ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്. ജനാധിപത്യസങ്കല്‍പ്പനത്തോട് പരിപൂര്‍ണമായും എതിര്‍വശത്താണ് സംഘ്പരിവാറും അവരുടെ ഹിന്ദുത്വ രാഷ്ട്രീയവും നില്‍ക്കുന്നത്. ജനാധിപത്യവുമായി അതിനുള്ള ഏകബന്ധം തങ്ങളുടെ സമഗ്രാധിപത്യ, ഫാസിസ്റ്റ് ഭരണകൂട സ്ഥാപനത്തിനുള്ള താൽക്കാലികവഴി എന്നത് മാത്രമാണ്. അത്തരം സംഘവുമായുള്ള ചര്‍ച്ചകളിലൂടെ എന്തുതരത്തിലുള്ള ജനാധിപത്യമണ്ഡലമാണ് ജമാഅത്തെ ഇസ്്‌ലാമിയെപ്പോലൊരു സംഘടന ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നത്?


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മതന്യൂനപക്ഷങ്ങളും ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ഇത്രയേറെ അടിച്ചമര്‍ത്തലും വെല്ലുവിളികളും നേരിടുന്ന മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. ജനാധിപത്യനിഷേധത്തിന്റെയും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെയും ഇന്ത്യന്‍ ചരിത്രപാഠമായ അടിയന്തരാവസ്ഥക്കാലത്തില്‍നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം പലരീതിയിലും പുത്തന്‍ ജനാധിപത്യ തിരസ്‌കാര രീതികളുമായി മുന്നോട്ടുപോയിരിക്കുന്നു. അടിയന്തരാവസ്ഥ നേരിട്ടുള്ള അടിച്ചമര്‍ത്തലായിരുന്നുവെങ്കില്‍ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് ഇന്ത്യയെന്ന ജനാധിപത്യ മതേതര ആശയത്തെത്തന്നെയാണ്. ഒരു ഘടനയെ എങ്ങനെയാണ് അതിനുള്ളില്‍ നിന്നുകൊണ്ട് തകര്‍ക്കുക എന്നതാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം ഫാസിസ്റ്റ് പ്രക്രിയക്ക് ആവശ്യമായ ഒന്ന് തങ്ങളുടെ അജൻഡകള്‍ക്കുള്ള സാമൂഹിക സാധൂകരണമാണ്. ഇതിനുവേണ്ടിയാണ് അവര്‍ ജമാഅത്തെ ഇസ്്‌ലാമിയെപ്പോലുള്ള സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ജമാഅത്തെ ഇസ്‌ലാമിയെന്നല്ല ഏതു മുസ്‌ലിം സംഘടനയെയും ഏതെങ്കിലും തരത്തില്‍ പ്രത്യക്ഷമായി തങ്ങളുടെ നിലവിലെ രാഷ്ട്രീയ അജൻഡയില്‍ ഭയപ്പെടേണ്ട കാര്യം സംഘ്പരിവാറിനില്ല. മുസ്‌ലിം എന്ന 'അപരത്വത്തെ', 'ശത്രുവിനെ' കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി നിര്‍മിച്ചെടുത്ത ആര്‍.എസ്.എസിനും അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനും ഏതു മുസ്‌ലിം സംഘടനയുടെ എതിര്‍പ്പും വളരെ സ്വാഭാവികമായ, ഒട്ടും അമ്പരപ്പുണ്ടാക്കാത്ത ഒന്നാണ്. തങ്ങളുടെ മുസ്‌ലിം ഭീകരതയുടെ നിര്‍മിത ആഖ്യാനങ്ങളിലേക്ക് അവയെ കൂട്ടിവയ്ക്കുക മാത്രമേ വേണ്ടതുള്ളൂ. എന്നിട്ടും എന്തിനാണ് സംഘ്പരിവാര്‍ ജമാഅത്തെ ഇസ്‌ലായെപ്പോലെ പലതരത്തിലും മതരാഷ്ട്രമെന്ന മൗദൂദി ചിന്തയും രാഷ്ട്രീയവും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയുമായി ചര്‍ച്ചകള്‍ നടത്തുന്നത്? അത് തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജൻഡയുടെ സ്വാഭാവികവത്കരണത്തിനു വേണ്ടിയാണ്.

ഹിന്ദുത്വ രാഷ്ട്രീയം ജമാഅത്തെ ഇസ്‌ലാമിക്ക് സൗഹൃദ, രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ കഴിയുന്ന ഒന്നാണെന്നും തങ്ങളുടെ രാഷ്ട്രീയാധികാരം മുസ്‌ലിം സംഘടനകള്‍ വരെ അംഗീകരിക്കുന്നു എന്നുമുള്ള സംഘ്പരിവാര്‍ പ്രചാരണത്തിന് വേണ്ടിയാണത്. ഇതോടെ ഹിന്ദുത്വത്തെ ഇന്ത്യക്കും സംഘ്പരിവാറിനെ ജനാധിപത്യ രാഷ്ട്രീയത്തിനും പകരംവയ്ക്കുന്ന പ്രക്രിയയിലേക്ക് അവരൊന്നുകൂടി അടുക്കുന്നു. മറ്റൊരു ലക്ഷ്യംകൂടി സംഘ്പരിവാറിന് ഇതിലുണ്ട്. അത് തങ്ങളുടെ ശത്രുക്കളെ ഒന്നുകൂടി കൃത്യമായി വേര്‍തിരിക്കുകയാണ്. ഇന്ത്യയിലെ മതേതര രാഷ്ട്രീയമാണ് സംഘ്പരിവാറിന്റെ എതിരാളികള്‍. ജനാധിപത്യത്തിന്റെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അത് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ള എല്ലാ എതിര്‍ശബ്ദങ്ങളെയും കൃത്യമായ ക്രമത്തില്‍ അടിച്ചമര്‍ത്തുകയാണ്. അത്, എല്‍ഗാര്‍ പരിഷദ്, ഭീമ കോറേഗാവ് കേസില്‍ തടവിലടക്കപ്പെട്ടവര്‍ മുതല്‍ നൂറുകണക്കിന് മനുഷ്യരാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആള്‍ക്കൂട്ട സൈന്യം കൊലചെയ്ത മുസ്‌ലിംകളാണ്. ഗുജറാത്ത് വംശഹത്യയില്‍ വെന്തെരിഞ്ഞുപോയ മനുഷ്യര്‍ക്ക് ഒരിക്കലും ലഭിക്കാതെപോയ നീതിയാണ്. പശുക്കടത്തിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും തെരുവുകളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വെറുപ്പിന്റെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന, മുസ്‌ലിംകളാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തുമ്പോള്‍ അതിനെതിരേ പ്രതിഷേധിച്ചതിന് തടവിലടയ്ക്കപ്പെട്ട നിരവധി മനുഷ്യരാണ്.

ജമാഅത്തെ ഇസ്‌ലാമിയെപ്പോലൊരു സംഘടന സംഘ്പരിവാറിന്റെ രാഷ്ട്രീയ യുക്തിയിലേക്ക് പാകമാണ്. ശക്തികൊണ്ടോ എതിര്‍പ്പിന്റെ ഭൗതികമായ സാധ്യതകള്‍കൊണ്ടോ ഒരുതരത്തിലും സംഘ്പരിവാറിനെ ജമാഅത്തെ ഇസ്‌ലാമി ഭയപ്പെടുത്തുന്നില്ല. ഇരുവരും മതരാഷ്ട്രവാദത്തിന്റെ പൊതുസ്വഭാവങ്ങള്‍ പേറുന്നവയാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം എന്ന് പറഞ്ഞാല്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വമ്പന്‍ അവകാശവാദത്തെ വളരെ സൗമനസ്യത്തോടെയും ആഹ്ലാദത്തോടെയും സംഘ്പരിവാര്‍ അംഗീകരിക്കും. കാരണം തങ്ങളുടെ അതെ ഭാഷയില്‍ സംസാരിക്കുന്ന തങ്ങള്‍ സൃഷ്ടിച്ച 'മുസ്‌ലിം ശത്രു' അവരുടെ വിജയമാണ്. അതായത് സംഘ്പരിവാറിന്റെ കളിനിയമങ്ങളില്‍ അവരുടെ താളത്തിനൊത്ത് കളിക്കുന്നവരായി മാറാനുള്ള സന്നദ്ധതയാണത്.
ഇന്ത്യയിലെ ജനാധിപത്യ, മതേതര രാഷ്ട്രീയം സംഘ്പരിവാറിന് നേരെയുയര്‍ത്തുന്ന എതിര്‍പ്പിന്റെ ചേരിയിലല്ല തങ്ങളെന്ന് ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിച്ചുകഴിഞ്ഞു. സംഘ്പരിവാറിന്റെ കോലായില്‍ വിരിച്ച പായയില്‍ ഉണ്ടുറങ്ങാനുള്ള തങ്ങളുടെ സന്നദ്ധത വെളിവാക്കിയ അതേ ജമാഅത്തെ ഇസ്‌ലാമി മൊത്തം മുസ് ലിംകളുടെയും പ്രതിനിധാനവകാശം ഏറ്റെടുക്കുന്നതിലും വലിയ വഞ്ചന വേറെന്തുണ്ട്. മതവിശ്വാസത്തെ രാഷ്ട്രീയാധികാരവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും തങ്ങളുടെ രാഷ്ട്രീയത്തെയും മതരാഷ്ട്രവാദത്തെയും സാധൂകരിക്കാന്‍ ഒരേ ന്യായങ്ങളാണ് ഉയര്‍ത്തുക. ആര്‍.എസ്. എസ് മൊത്തം ഹിന്ദുക്കളുടെയും പ്രതിനിധാനം അവകാശപ്പെടുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസുമായുള്ള ചര്‍ച്ചയില്‍ മുസ്‌ലിംകളുടെ പ്രതിനിധിയായി ഞെളിയുന്നു.
ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ ഇന്ത്യയിലെ സമരങ്ങളെ പിന്നില്‍നിന്ന് കുത്താന്‍ സംഘ്പരിവാറിന്റെ അച്ചാരം വാങ്ങിയിരിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി. സംഘ്പരിവാറിനാകട്ടെ മുസ്‌ലിംകളും ദലിത് ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നുമുള്ള ജനാധിപത്യ പ്രതിഷേധങ്ങളെ മറികടക്കാനുള്ള ഒരു തന്ത്രവും അത്തരം ജനവിഭാഗങ്ങളിലേക്ക് തങ്ങളുടെ രാഷ്ട്രീയാധികാരം വളരെ സ്വാഭാവികമായ ഒന്നാണെന്നുള്ള മറ്റു ബദലുകളില്ലാത്ത സ്വീകാര്യതയും നേടുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണിത്.

ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലിനെതിരേ ദേശസുരക്ഷയുടെ പേര് പറഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാരെടുത്ത ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തല്‍ നടപടിക്കെതിരേ രാജ്യത്തെ മതേതര ചേരിയാകെ ഒന്നിച്ചാണ് ശബ്ദമുയര്‍ത്തിയത്, അത് രാജ്യത്തെ ജനാധിപത്യ, മതേതര സംവിധാനത്തിനും ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ക്കുമെതിരേ സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള ആക്രമണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്. ജമാഅത്തെ ഇസ്‌ലാമിയോടുള്ള രാഷ്ട്രീയ യോജിപ്പല്ല, ജനാധിപത്യത്തിന്റെ ഉന്നത രാഷ്ട്രീയ മൂല്യബോധമായിരുന്നു ആ ഐക്യദാര്‍ഢ്യത്തിനുള്ള പ്രേരണ. ഹിന്ദുത്വ രാഷ്ട്രീയാധികാരത്തെ അംഗീകരിച്ചുകൊണ്ട് തങ്ങള്‍ക്കുകൂടി ഇത്തിരി ഇടമെന്ന മട്ടില്‍ വിധേയത്വം പ്രഖ്യാപിക്കുന്നതിനായി സംഘ്പരിവാറിന്റെ ദര്‍ബാറില്‍പ്പോയി ജമാഅത്തെ ഇസ്‌ലാമി ഒറ്റുകൊടുത്തതും തള്ളിപ്പറഞ്ഞതും ആ ഉന്നത ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങളെയാണ്.

(സുപ്രിംകോടതി അഭിഭാഷകനാണ്
ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago