സ്ഥാനാർഥി നിർണയത്തിൽ അട്ടിമറി; അമ്പരപ്പ് മാറാതെ ഇടത് ക്യാംപ്
കൊച്ചി
തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത അട്ടിമറി. ഇതിൻ്റെ അമ്പരപ്പിലാണ് ഇടത് ക്യാംപ് . ഇന്നലെ ഉച്ചവരെ ഡി.വൈ.എഫ്.ഐ നേതാവ് കെ.എസ് അരുൺകുമാറിൻ്റെ സ്ഥാനാർഥിത്വം ഉറപ്പിച്ച മട്ടിലായിരുന്നു ഇടതുമുന്നണി പ്രവർത്തകർ. എന്നാൽ, ഉച്ചയോടെയാണ് കാറ്റ് മാറി വീശിയത്. ഇടത് പ്രവർത്തകർക്ക് മുന്നിലെത്തിയത് നിനച്ചിരിക്കാത്ത സ്ഥാനാർഥിയും .തൃക്കാക്കര എം.എൽ.എയായിരുന്നു പി.ടി തോമസിൻ്റെ മരണം സംഭവിച്ച് ഏറെ താമസിയാതെ തന്നെ സ്ഥാനാർഥികളെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. യു.ഡി.എഫ് ക്യാംപ് ആദ്യംമുതലേ പി.ടിയുടെ പത്‌നി ഉമാ തോമസ് എന്ന ഒറ്റ സാധ്യതയിലാണ് ഊന്നിയത്. എന്നാൽ, ഇടതുമുന്നണിയിലാകട്ടെ ഇത്തവണ രാഷ്ട്രീയ മത്സരത്തിനാണ് മുൻഗണന എന്ന നിലയിൽ പല പേരുകളും മാറി ചിന്തിച്ചിരുന്നു.
തൃപ്പൂണിത്തുറയിൽ രണ്ടാമംഗത്തിൽ കെ.ബാബുവിനോട് പരാജയപ്പെട്ട എം. സ്വരാജിൻ്റെ പേര് ആദ്യം ഉയർന്നെങ്കിലും താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ കൊച്ചി മേയർ അനിൽകുമാറിലേക്ക് ചർച്ചകൾ നീണ്ടു. അതിനിടെ, കോൺഗ്രസിനുള്ളിൽ മുതിർന്ന നേതാവ് കെ.വി തോമസ് വിമത ശബ്ദം ഉയർത്തുകയും സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുകയും ചെയ്തതോടെ അദ്ദേഹവും മകൾ രേഖാ തോമസും പേരുമൊക്കെ ഇടത് സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഇടം നേടിയിരുന്നു.എന്നാൽ, വർഷങ്ങൾക്കുശേഷം ലഭിച്ച കൊച്ചി കോർപറേഷൻ ഭരണം അവതാളത്തിലാകുമെന്ന വിലയിരുത്തൽ ഉയർന്നതോടെയാണ് ചർച്ച ഡി.വൈ.എഫ്.ഐ നേതാവ് കെ.എസ് അരുൺകുമാറിലെത്തിയത്.
തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷമുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫാണ് വിജയിച്ചത്. അപ്പോഴെല്ലാം ഇടത് സ്വതന്ത്രരെയാണ് സി.പി.എം കളത്തിലിറക്കിയിരുന്നതും. എന്നാൽ, നിയമസഭയിലെ അംഗബലം നൂറ് തികക്കുക എന്ന ലക്ഷ്യവുമായി കടുത്ത രാഷ്ട്രീയ മത്സരം സ്വപ്നം കണ്ട ഇടത് പ്രവർത്തകർ ഇത്തവണ ശക്തനായ സ്ഥാനാർഥി തന്നെ വരുമെന്ന് കണക്കുകൂട്ടുകയും ചെയ്തിരുന്നു. കണക്കുകൂട്ടലെല്ലാം തെറ്റിയതിൻ്റെ നിരാശയിലാണ് അവർ. കെ. റെയിലിന് എറണാകുളം ജില്ലയിൽ വിഭാവനം ചെയ്തിരിക്കുന്ന ഏക സ്റ്റോപ്പ് തൃക്കാക്കര മണ്ഡലത്തിലാണ്. ചാനലുകൾതോറും കെ. റെയിലിനെ ന്യായീകരിക്കാൻ സി.പി.എം നിയോഗിക്കുന്നത് കെ.എസ് അരുൺകുമാറിനെയുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ സ്ഥാനാർഥിത്വം കെ. റെയിൽ വിവാദത്തിനിടെ മാറ്റുരക്കുന്ന തെരഞ്ഞെടുപ്പിൽ മുന്നണിക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."