സഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തിയത് ശരിയായില്ലെന്ന് സ്പീക്കര്‍; പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും സഭാ ടിവിയില്‍ മന്ത്രിമാരുടെ മുഖമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സഭയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതിപക്ഷം മാധ്യമങ്ങളെ കാണിച്ചത് ശരിയായില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പ്രതിഷേധം അവകാശമാണെങ്കിലും ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ അനുവദിച്ച് തരാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ റെക്കോഡിങ് സഭയില്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. എന്നാല്‍ അത്തരം നടപടികളിലേക്ക് താന്‍ പോയിട്ടില്ലെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു.
അതേസമയം, സഭാ ടി.വിയുടെ പ്രവര്‍ത്തനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. ഭരണകക്ഷികള്‍ക്ക് വേണ്ടി മാത്രമാണ് സഭാ ടി.വി പ്രവര്‍ത്തിക്കുന്നതെന്നും സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേറെ വഴിയില്ലെന്നും സതീശന്‍ മറുപടി നല്‍കി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും മന്ത്രിമാരുടെ മുഖമാണ് സഭ ടി.വി കാണിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിരന്തരമായി ഹനിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ തന്നെ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് സ്പീക്കര്‍ സംസാരിക്കാന്‍ അനുമതി നല്‍കി. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തിനിടെ ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും അല്‍പനേരം മാത്രമേ നീണ്ടുനിന്നുള്ളു.
വെറും 18 മിനുട്ട് ചേര്‍ന്ന സഭ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു. പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെയാണ് ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ നടന്ന സമരത്തെക്കുറിച്ച് സ്പീക്കര്‍ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. പ്രതിപക്ഷം ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്യണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം കൂടുതല്‍ കടുക്കുകയാണുണ്ടായത്. തുടര്‍ന്ന് രണ്ട് ചോദ്യങ്ങള്‍ക്ക് ശേഷം സഭാ നടപടികള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ സഭ പിരിച്ചുവിടുകയായിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി. വനിതകള്‍ക്കെതിരായ കയ്യേറ്റത്തില്‍ കെ.കെ രമ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതിനു മുന്‍പേ സഭ പിരിഞ്ഞു. അതിനാല്‍ വനിതാ എം.എല്‍.എമാര്‍ക്കെതിരായ അതിക്രമം ചര്‍ച്ചയായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."