നിയമസഭയിലെ കൈയ്യാങ്കളി; പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ കലാപശ്രമ കേസ്; ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നിസാര കേസ്
തിരുവനന്തപുരം: നിയമസഭ മന്ദിരത്തിലെ സ്പീക്കറുടെ ഓഫിസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി എം.എല്‍.എ സനീഷിന്റെ പരാതിയിലാണ് ഒരു കേസ്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് നല്കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.
റോജി എം. ജോണ്‍, ഉമ തോമസ്, കെ.കെ രമ, പി.കെ ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ്. ഭരണപക്ഷ എം.എല്‍.എമാരായ എച്ച്.സലാമിനും സച്ചിന്‍ദേവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സനീഷിന്റെ മൊഴിയെടുത്താണ് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്. ഇവര്‍ക്കെതിരെ ജാമ്യം ലഭി ക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മര്‍ദ്ദിക്കുക, പരിക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
അതേസമയം വനിത വാച്ച് ആന്റ് വാര്ഡന് നല്കിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചീഫ് മാര്‍ഷന്‍ ഓഫിസില്‍ നിന്ന് സ്പീക്കറുടെ ഓഫിസിലേക്ക് പോകുമ്പോള്‍ തന്നെയും ചീഫ് മാര്‍ഷലിനെയും പ്രതിപക്ഷ എം.എല്‍.എമാര്‍ അസഭ്യം വിളിച്ച് ആക്രമിച്ചതായി വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പരിക്കേല്‍പ്പിക്കല്‍, ഭീഷണി, സംഘം ചേര്‍ന്നുള്ള ആക്രമണം എന്നിവയാണ് വകുപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."