HOME
DETAILS
MAL
കര്‍ണാടക ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനോട് കേരളാ ആരോഗ്യ സര്‍വകലാശാലയ്ക്ക് അയിത്തം
backup
May 16 2021 | 05:05 AM
കണ്ണൂര്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ ആവശ്യത്തിനു ജീവനക്കാരില്ലാതെ ആശുപത്രികളും ലബോറട്ടറികളും വലയുമ്പോഴും കര്‍ണാടകയില്‍ നിന്നു ബി.എസ്.സി മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ (എം.എല്‍.ടി) കോഴ്‌സ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം നല്‍കാതെ കേരള ആരോഗ്യ സര്‍വകലാശാല.
കര്‍ണാടകയില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന രാജീവ്ഗാന്ധി ആരോഗ്യ സര്‍വകലാശാലയ്ക്കു കീഴില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളോടാണു കേരള ആരോഗ്യ സര്‍വകലാശാലയുടെ അയിത്തം. കര്‍ണാടകയില്‍ ഇന്റേണ്‍ഷിപ് കേരളത്തേക്കാള്‍ ആറുമാസം കുറവാണെന്നതാണ് അംഗീകാരം നിഷേധിക്കാന്‍ കാരണമായി പറയുന്നത്. ഇതോടെ പഠനം കഴിഞ്ഞ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പെരുവഴിയിലായി.
പഠനവായ്പ തിരിച്ചടയ്ക്കാനാവാതെ പലരും ജപ്തി ഭീഷണിയിലുമാണ്. കേരളത്തില്‍ മൂന്നുവര്‍ഷം പഠനവും ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പുമാണ് എം.എല്‍.ടി കോഴ്‌സിന്. കര്‍ണാടകയില്‍ രണ്ടുവര്‍ഷം മുന്‍പുവരെ പ്രവേശനം നേടിയവര്‍ക്ക് മൂന്നുവര്‍ഷം പഠനവും ആറുമാസം ഇന്റേണ്‍ഷിപ്പുമാണ്. നിലവില്‍ പഠിച്ചിറങ്ങിയവരും അവസാനവര്‍ഷം പഠിക്കുന്നവരും ഇതില്‍ ഉള്‍പ്പെടും.
ബംഗളൂരു, മംഗളൂരു, മൈസൂരു തുടങ്ങി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിനു മലയാളി വിദ്യാര്‍ഥികളാണ് ഓരോവര്‍ഷവും ഈ കോഴ്‌സ് പഠിച്ചിറങ്ങുന്നത്. നേരത്തെ ഈ സ്‌കീമില്‍ പഠിച്ചവര്‍ക്കു കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ കേരള ആരോഗ്യ സര്‍വകലാശാല നിലവില്‍ വന്നതോടെ ഇതു നിര്‍ത്തലാക്കി.
ചൈനയില്‍നിന്ന് എം. ബി.ബി.എസ് പൂര്‍ത്തിയാക്കി വരുന്നവര്‍ക്കുവരെ കേരളത്തില്‍ പ്രത്യേക പരീക്ഷ നടത്തി അംഗീകാരം നല്‍കുന്നുണ്ട്. ഇതേ ആരോഗ്യ സര്‍വകലാശാലയാണു രാജ്യത്തെ പ്രധാന ആരോഗ്യ സര്‍വകലാശാലകളില്‍ ഒന്നായ രാജീവ്ഗാന്ധി സര്‍വകലാശാലയ്ക്കു കീഴില്‍ പഠിച്ചിറങ്ങിയ എം.എല്‍.ടി വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ് ആറുമാസം കുറവാണെന്ന കാരണം പറഞ്ഞ് അംഗീകാരം നിഷേധിക്കുന്നത്.
നേരത്തെ ഉണ്ടായിരുന്ന അംഗീകാരം പൊടുന്നനെ നിര്‍ത്തലാക്കിയതോടെ പഠിച്ചിറങ്ങിയവരും അവസാനവര്‍ഷ വിദ്യാര്‍ഥികളും അടക്കമുള്ളവരുടെ ഭാവി തുലാസിലായി. ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രണ്ടുവര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്ക് ഉദ്യോഗാര്‍ഥികള്‍ നിവേദനം നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. രണ്ടുവര്‍ഷം മുന്‍പ് രാജീവ്ഗാന്ധി സര്‍വകലാശാലയും മൂന്നുവര്‍ഷം പഠനവും ഒരുവര്‍ഷം ഇന്റേണ്‍ഷിപുമായി പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിനുശേഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അംഗീകാരത്തിനു തടസമുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."