HOME
DETAILS
MAL
കോടതി നടപടികള്‍ക്കിടയിലും കാലിക്കറ്റില്‍ അധ്യാപക നിയമനം
backup
May 16 2021 | 05:05 AM
തേഞ്ഞിപ്പലം: അധ്യാപക നിയമനങ്ങള്‍ റദ്ദാക്കികൊണ്ടുള്ള കോടതി ഉത്തരവുകള്‍ക്കിടയിലും കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക നിയമനം തുടരുന്നു.
കാലിക്കറ്റിലെ മൂന്ന് ഡിപ്പാര്‍ട്ടുമെന്റുകളിലായി ഏഴ് അസിസ്റ്റന്റ് പ്രഫസര്‍ നിയമനം നാളത്തെ ഓണ്‍ലൈന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ നടത്തുന്നതിനാണ് നീക്കം.
സര്‍വകലാശാലകളിലെ മുഴുവന്‍ പഠനവിഭാഗങ്ങളേയും ഒറ്റ യൂനിറ്റാക്കി സംവരണ തസ്തികകള്‍ നിശ്ചയിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ 2014 ലെ സര്‍വകലാശാല നിയമ ഭേദഗതിയനുസരിച്ച് കേരള സര്‍വകലാശാല നടത്തിയ 58 നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത്തരത്തില്‍ ഒറ്റ യൂനിറ്റാക്കിയാണ് കാലിക്കറ്റ്, കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാലകളിലും അധ്യാപക നിയമനങ്ങള്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
സര്‍വകലാശാലയെ ഒരു യൂനിറ്റാക്കി സംവരണ തസ്തികകള്‍ കണക്കാക്കി നിയമനം നടത്തിയ ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്ടിലെ ഭാരതിദാസന്‍ സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളും അതാത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ റദ്ദാക്കിയിരുന്നു. ഇത്തരം നിരവധി കോടതി ഉത്തരവുകള്‍ നില നില്‍ക്കുമ്പോഴാണ് കാലിക്കറ്റ് സര്‍വകലാശാല തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അധ്യാപക നിയമന പ്രക്രിയയുമായി മുന്നോട്ടു പോകുന്നത്. നാളെ നടക്കാനിരിക്കുന്ന ഓണ്‍ലൈന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ മൂന്ന് ഡിപ്പാര്‍ട്ടുമെന്റുകളിലെ ഏഴ് നിയമനങ്ങള്‍ നടത്തുന്നതിനാണ് നീക്കം. കാലിക്കറ്റിലെ അധ്യാപകനിയമനങ്ങള്‍ക്കെതിരെയും ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കേരളയില്‍ പുറപ്പെടുവിച്ച കോടതി വിധിപോലെ കാലിക്കറ്റിലെ അധ്യാപകനിയമനങ്ങള്‍ക്കെതിരേയും കോടതി വിധി വരുമെന്നുറപ്പാണ്. ഇതറിഞ്ഞു കൊണ്ടു തന്നെ അധ്യാപക നിയമനങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ അധ്യാപകരെ ഒന്നടങ്കം കോടതി വരാന്തയില്‍ കയറ്റുന്നതിനാണ് സിന്‍ഡിക്കേറ്റ് നീക്കം നടത്തുന്നതെന്നാണ് ആരോപണം.
എന്നാല്‍ നിയമപരമായ രീതിയില്‍ തന്നെയാണ് അധ്യാപക നിയമന പ്രക്രിയയുമായി സര്‍വകലാശാല മുന്നോട്ട് നീങ്ങുന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."