പേയ്‌മെന്റ് സീറ്റോ ? സ്വത്ത് വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്ന് ഡോ.ജോ ജോസഫ്
തൃക്കാക്കര: ഉപ തിരഞ്ഞെടുപ്പില്‍ പേയ്‌മെന്റ് സീറ്റാണെന്നും സീറോ മലബാര്‍ സഭയുടെ നോമിനിയാണെന്നുമുള്ള ആരോപണങ്ങളോട് പ്രതികരിച്ച് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ്.
തന്റെ സ്വത്ത് വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. ഇത്തരം ആരോപണങ്ങള്‍ക്കുള്ള മറുപടി പാര്‍ട്ടി നേതൃത്വം നല്‍കും. തൃക്കാക്കരയിലൂടെ എല്‍ഡിഎഫ് സീറ്റുകളുടെ എണ്ണം 99ല്‍ നിന്നും 100 തികയ്ക്കുമെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തനിക്ക് എല്‍ഡിഎഫ് നല്‍കിയ സീറ്റില്‍ സഭയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ജോ ജോസഫ് ആവര്‍ത്തിച്ചു. സഭയുടെ കീഴിലുള്ള സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. അതുകൊണ്ട് സഭ ഇടപെട്ടു എന്ന് പറയുന്നത് ശരിയല്ലെന്നും ജോ ജോസഫ് പ്രതികരിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. ജോ ജോസഫ്. ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായ സമയത്ത് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്നു ജോ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വൈദികനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥി സഭയുടെ നോമിനിയാണെന്ന വിമര്‍ശനങ്ങളുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."