'എന്തിനാണവര്‍ മിസൈലുകളയച്ച് ഞങ്ങള്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത്': ഇനിയും കണ്‍തുറക്കാത്ത ലോകമേ ഈ പത്തുവയസ്സുകാരിയുടെ ചോദ്യം കേള്‍ക്കുക video
ഗസ്സ: 'വല്ലാതെ പേടിയാവുന്നു. എനിക്കൊന്നും ചെയ്യാനാവുന്നില്ല.എല്ലെങ്കിലും ഞാനെന്ത് ചെയ്യാനാണ്. എനിക്ക് വെറും പത്തു വയസ്സേ ആയിട്ടുള്ളു', തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കു മുമ്പില്‍ നിന്ന് സങ്കടവും പ്രതിഷേധവും വിങ്ങുന്ന ശബ്ദത്തില്‍ നദീനെ അബ്ദൈല്‍ എന്ന പത്തുവയസ്സുകാരി പറയുകയാണ്. അവള്‍ക്കു ചുര്‌റിലും കുറേ കുട്ടികളുണ്ട്. പ്രിയപ്പെട്ടവര്‍ നഷ്ടമായവര്‍. കിടപ്പാടം തകര്‍ന്നവര്‍.
തന്റെ അയല്‍വാസികളായ 8 കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളും കൊല്ലപ്പെടുന്നത് കണ്‍മുന്നില്‍ കണ്ടിട്ടുണ്ട് നദീന്‍.
'എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ വെറും 10 വയസ്സുകാരി മാത്രമാണ്. ഞാനെന്താണു ചെയ്യേണ്ടത്? ഈ തകര്‍ന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക് കഴിയുമോ? ഞാന്‍ വല്ല ഡോക്ടറുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ എനിക്കെന്റെ ആളുകളെ സഹായിക്കാന്‍ കഴിയുമായിരുന്നല്ലോ. എന്നാല്‍ ഞാന്‍ വെറുമൊരു കുട്ടിയാണ്. എന്റെ ആളുകള്‍ക്കായി എനിക്കെന്തെങ്കിലും ചെയ്യണം. പക്ഷേ ഒന്നിനും കഴിയുന്നില്ല. ദിവസവും ഇതൊക്കെ കണ്ട് ഞാന്‍ കരയുകയാണ്. ഇങ്ങനെയൊക്കെയുണ്ടാകാന്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? എന്റെ കുടുംബം പറയുന്നത് ഇസ്‌റാഈല്‍ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഞങ്ങള്‍ മുസ്‌ലിംകളായതുകൊണ്ട് അവര്‍ക്ക് ഞങ്ങളെ ഇഷ്ടമില്ലെന്നാണ്.എനിക്ക് ചുറ്റുമുള്ളവരെ കണ്ടോ? അവര്‍ വെറും കുഞ്ഞുങ്ങളാണ്. എന്തുകൊണ്ടാണ് മിസൈലുകള്‍ അവര്‍ക്കു നേരെ അയക്കുന്നത്? എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല. ഇത് ശരിയല്ല'- അവള്‍ പറയുന്നു.
ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ നിരവധി കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. അതിലേറെ കുട്ടികള്‍ അനാഥരായി. വീടും കിടപ്പാടവും നഷ്ടമായവര്‍ അതിലുമെത്രയോ ഇരട്ടിയാണ്. കത്തിപ്പടരുന്ന ഷെല്ലുകളുടെ ഭീകര ശബ്ദത്തിലാണ് ഈ കുഞ്ഞുങ്ങളുടെ രാവുണരുന്നതും പകലിരുളുന്നതും.
ഇസ്‌റാഈല്‍ നരനായാട്ട് ഏഴാം ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആറുനാള്‍ പിന്നിടുമ്പോള്‍ 170ലേറെ ഫലസ്തീനികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 41 കുട്ടികളും ഉള്‍പെടുന്നു. ആയിരത്തിലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പിനോട് ചേര്‍ന്ന വീടിനുമുകളില്‍ നടന്ന ബോംബാക്രമണത്തില്‍ എട്ടു കുട്ടികളടക്കം കുടുംബത്തിലെ പത്തു പേരാണ് കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി.
അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടവും ഇസ്ഇറാഈല്‍ പൂര്‍ണമായും തകര്‍ത്തു. ഗസ്സ സിറ്റിയിലെ ജലാ കെട്ടിടവും വ്യോമാക്രമണത്തിലാണ് നിലംപൊത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."