സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ കാർ ഓടിച്ച് യുവാവിന്റെ അഭ്യാസം
ന്യൂഡൽഹി: സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്യാനായി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ കാർ ഓടിച്ച് യുവാവിന്റെ സാഹസ പ്രകടനം. സംഭവത്തിൽ യുവാവിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഉത്തർപ്രദേശ് ജഗദീഷ്പുര സ്വദേശി സുനിൽ കുമാറിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. റെയിൽവേ നിയമത്തിലെ 159, 147 വകുപ്പുകൾ പ്രകാരമാണ് സുനിൽ കുമാറിനെതിരെ കേസെടുത്തത്.
ഈ മാസം എട്ടിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വിദേശികൾ ഉൾപ്പെടെ ധാരാളം പേർ താജ്‌മഹൽ കാണാൻ എത്തുന്ന ആഗ്ര കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനിലാണ് സുനിൽ കുമാർ പ്ലാറ്റ്‌ഫോമിലൂടെ കാർ ഓടിച്ചത്. യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു റീൽ വിഡിയോയ്ക്കു വേണ്ടിയുള്ള ഇയാളുടെ അഭ്യാസം.
എം.ജി ഹെക്ടർ എസ്.യു.വി കാറാണ് ഇയാൾ റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ചത്. പ്ലാറ്റ്‌ഫോമിൽ കാർ കയറ്റിയ ശേഷം റിവേഴ്‌സ് എടുക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ, റെയിൽവേ ജീവനക്കാർക്ക് സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആഗ്ര ഡിവിഷനൽ കൊമേഴ്ഷ്യൽ മാനേജർ പ്രശസ്തി ശ്രീവാസ്തവ പ്രതികരിച്ചു. ഇന്ത്യക്ക് അകത്ത് നിന്നും പുറം രാജ്യങ്ങളിൽ നിന്നും ദിനംപ്രതി പതിനായിക്കണക്കിന് പേർ എത്തുന്ന സ്റ്റേഷനാണ് ആഗ്ര കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."