ദുരൂഹത നീങ്ങുമോ?; റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്ന് പുറത്തെടുക്കും
കോഴിക്കോട്: മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുകയാണ് ലക്ഷ്യം. റിഫയുടെ വീടിന് സമീപത്തെ കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കിയ മൃതദേഹം രാവിലെ 10 മണിയോടെയാണ് പുറത്തെടുക്കുക.
തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്ജന്മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. കഴിഞ്ഞ ദിവസം ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു.
റിഫയുടെ മരണത്തില്‍ ഒട്ടേറെ സശയങ്ങള്‍ ഉന്നയിച്ച് കുടുംബം നല്കിയ പരാതിയിലാണ് കഴിഞ്ഞ ആഴ്ച്ച പൊലിസ് അന്വേഷണം തുടങ്ങിയത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബൈ പൊലിസിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മര്‍ദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."