കെ.എസ്.ആർ.ടി.സി മൈലേജില്ലാത്ത ബസുകൾ നശിപ്പിക്കണമെന്നുണ്ടോ: ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി
മൈലേജില്ലാത്ത കെ.എസ്.ആർ.ടി.സി ബസുകൾ നശിക്കുന്നതിനെതിരേ ഹൈക്കോടതിയുടെ വിമർശനം. മൈലേജില്ലെങ്കിൽ ബസുകൾ വെറുതേയിട്ട് നശിപ്പിച്ച് സ്‌ക്രാപ്പാക്കി വിൽക്കുകയാണോ ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
വാഹനം ഫിറ്റല്ലെങ്കിൽ ഉടൻ തന്നെ വിൽക്കണം. സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. കെ.എസ്.ആർ.ടിസി ലോൺ ചോദിക്കുന്നു. സർക്കാർ കൊടുക്കുന്നു. ഇതാണ് പതിവെന്നും കോടതി ചൂണ്ടിക്കാട്ടി.
ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകൾ ഇങ്ങനെയിട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെന്നും കോടതി കുറ്റപ്പെടുത്തി.
455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. ഇപ്പോൾ ഒരു ലക്ഷത്തിൽ താഴെ പോലും ലഭിക്കുമോയെന്നും കോടതി ചോദിച്ചു.
കാലാവധി കഴിഞ്ഞ 920 ബസുകളാണ് നിലവിൽ സ്‌ക്രാപ്പ് ആക്കാനുള്ളതെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിൽ 681 സാധാരണ ബസുകളും 239 ജൻറം ബസുകളുമാണ്. 10 വർഷം മുതൽ 19 വർഷം വരെ സർവിസ് നടത്തിയ ബസുകളാണ് സ്‌ക്രാപ്പ് ആക്കുന്നതെന്നും വിശദീകരിച്ചിരുന്നു. കാസർകോട് സ്വദേശിയായ എൻ.രവീന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു കോടതി വിശദാംശങ്ങൾ തേടിയത്.
സ്‌ക്രപ്പ് ആക്കുന്ന ബസുകൾ തേവര, പാറശാല, ഇഞ്ഞക്കൽ, ചടയമംഗലം, ആറ്റിങ്ങൽ, കായംകുളം, ചേർത്തല, ചിറ്റൂർ, ചാത്തന്നൂർ, കാഞ്ഞങ്ങാട്, എടപ്പാൾ എന്നിവിടങ്ങളിലെ യാർഡുകളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും വിശദീകരണത്തിൽ കെ.എസ്.ആർ.ടി.സി പറഞ്ഞിരുന്നു. ഹരജി മെയ് 31നു വീണ്ടും പരിഗണിക്കും. അതിനു മുൻപായി കെ.എസ്.ആർ.ടി.സിയും സർക്കാരും മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."