പരീക്ഷ: എൻ.എസ്.എസ് കാംപുകൾ മാറ്റിവച്ചു പ്ലസ്ടു ഫലം ജൂൺ 20നുള്ളിലെന്ന് മന്ത്രി ശിവൻകുട്ടി
കോഴിക്കോട്
ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂൺ 20നകം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ പരിഗണിച്ച് നേരത്തെ നിശ്ചയിച്ച എൻ.എസ്.എസ് കാംപുകൾ മാറ്റിവച്ചതായും മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി ഫലം ജൂൺ 15 നുള്ളിൽ പ്രഖ്യാപിക്കും.
കൈത്തറി സ്‌കൂൾ യൂനിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്‌കൂൾ വിഭാഗത്തിൽ ഒന്ന് മുതൽ നാല് വരെ എൽ.പി സ്‌കൂളുകൾക്കും ഒന്ന് മുതൽ അഞ്ചു വരെയുള്ള സ്‌കൂളുകൾക്കും ഒന്നു മുതൽ ഏഴു വരെയുള്ള യു.പി സ്‌കൂളുകൾക്കും അഞ്ചു മുതൽ ഏഴു വരെയുള്ള യു.പി സ്‌കൂളുകൾക്കുമാണ് കൈത്തറി യൂനിഫോം നൽകുന്നത്.
എയ്ഡഡ് സ്‌കൂൾ വിഭാഗത്തിൽ ഒന്ന് മുതൽ നാലുവരെയുള്ള എൽ.പി സ്‌കൂളുകൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്. ആകെ 42.08 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്യുന്നത്. ഈ വർഷം 120 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. മേയർ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."