ശ്രീകണ്ഠപുരം കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കണ്ണൂർ
കർണാടകയിൽ പാട്ടത്തിന് ക്വാറി നൽകാമെന്ന് പറഞ്ഞ് ശ്രീകണ്ഠപുരം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ കർണാടക ചിത്രദുർഗ ഹൊറപ്പേട്ടിലെ പി.വി ശിവകുമാർ(55) പൊലിസ് കസ്റ്റഡിയിൽ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്സിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ശിവകുമാറിന്റെ ബന്ധുക്കൾ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശിവകുമാർ മരിച്ചത്. അന്നു പുലർച്ചെ ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി സുരേശൻ, എസ്.ഐ കെ.വി രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കർണാടക ഡാവുങ്കലിൽ വച്ചാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. കർണാടക ചിത്രദുർഗ ജില്ലയിൽ ക്വാറി, ക്രഷർ എന്നിവ ലീസിന് നൽകാമെന്ന് വിശ്വസിപ്പിച്ച്, വ്യാജരേഖയുണ്ടാക്കി ചേപ്പറമ്പ് പയറ്റ്യാലിലെ ചൂരക്കാട്ട് ജെമിനി രാജിൽ നിന്ന് ഇയാൾ പണം തട്ടിയതായാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."