കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ മാറിനല്‍കി; സ്ത്രീക്ക് പകരം പുരുഷന്‍, അറിഞ്ഞത് സംസ്‌കരിച്ചശേഷം
കുന്ദമംഗലം: കുന്ദമംഗലത്ത് കൊവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ മൃതദേഹത്തിനു പകരം ബന്ധുക്കള്‍ക്ക് ലഭിച്ചത് സ്ത്രീയുടെ മൃതദേഹം. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കുറ്റകരമായ അനാസ്ഥ റിപ്പോര്‍ട്ട് ചെയ്തത്.
കുന്ദമംഗലം കോ.ഓപ്പറേറ്റിവ് ബാങ്ക് റിട്ട: പ്യൂണ്‍ പാണരുകണ്ടിയില്‍ സുന്ദരന്‍(62) കൊവിഡ് ബാധിച്ച് ഞായറാഴ്ചയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കളരിക്കണ്ടിയിലെ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ വൈകുന്നേരത്തോടെയാണ് മൃതദേഹം മാറിയ വിവരം പൊലിസ് വന്ന് സുന്ദരന്റെ കുടുംബത്തെ അറിയിച്ചത്.
സുന്ദരന്റെ ബന്ധുക്കള്‍ക്ക് ലഭിച്ചത് കക്കോടി മോരിക്കര സ്വദേശി കൗസല്യ(76)യുടെ മൃതദേഹമായിരുന്നു. കൊവിഡ് മരണമായതിനാല്‍ സുന്ദരന്റെ ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കൗസല്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് തങ്ങള്‍ക്ക് നല്‍കിയത് സുന്ദരന്റെ മൃതദേഹമാണെന്ന് മനസിലായത്.
ഇതോടെയാണ് മൃതദേഹം മാറിയ വിവരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും ബോധ്യപ്പെട്ടത്. സംഭവം വാക്തര്‍ക്കത്തിലേക്ക് നീങ്ങിയെങ്കിലും, സുന്ദരന്റെ മൃദേഹം വീട്ടുവളപ്പില്‍ അടക്കാമെന്നും കൗസല്യയുടെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് നല്‍കാമെന്നും ധാരണയാവുകയായിരുന്നു. സംസ്‌കാര ചടങ്ങുകളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."