'സഭാ'തളത്തിൽ തൃക്കാക്കര ആദ്യ ദിനം ചർച്ച സഭ കേന്ദ്രീകരിച്ച്
സുനി അൽഹാദി
കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ ചർച്ച മുഴുവൻ ക്രൈസ്തവ സഭ കേന്ദ്രീകരിച്ച്. ഇടതുസ്ഥാനാർഥി ഡോ. ജോ ജോസഫ് ക്രൈസ്തവ സഭയുടെ നോമിനിയാണെന്ന് യു.ഡി.എഫും ഇടതിതരകേന്ദ്രങ്ങളും സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അങ്ങനെയല്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള പെടാപാടിലാണ് ഇടതുനേതാക്കൾ.
ഇതുസംബന്ധിച്ച പ്രചാരണം ശക്തമായതോടെ സീറോ മലബാർ സഭാനേതൃത്വത്തിന് വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. അതിനിടെ സ്ഥാനാർഥിക്കെതിരേ സഭയിലെ തന്നെ ആലഞ്ചേരി വിരുദ്ധ വിഭാഗവും രംഗത്തിറങ്ങി.
ഇടതുസ്ഥാനാർഥി നിർണയത്തിൽ ബാഹ്യസമ്മർദം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ആദ്യ വെടിപൊട്ടിച്ചത്. ക്രൈസ്തവ സഭയുടെ നോമിനിയാണ് ഡോ. ജോ ജോസഫ് എന്ന പ്രചാരണം ശക്തമാക്കി നഗരവോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് യു.ഡി.എഫ് കാംപിന്റെ ആദ്യപ്രചാരണ തന്ത്രം.സ്ഥാനാർഥിയുടെ ആദ്യ വാർത്താസമ്മേളനത്തിൽ തന്നെ ക്രൈസ്ത പുരോഹിതന്റെ സാന്നിധ്യം ഉണ്ടായത് സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തു. ഇതോടെ താൻ സഭയുടെ നോമിനിയല്ലെന്ന് സ്ഥാനാർഥിക്ക് ഇന്നലെയും ആവർത്തിച്ച് ആവർത്തിച്ച് വ്യക്തമാക്കേണ്ടിവന്നു. അതിനിടെ സ്ഥാനാർഥി കർദിനാൾ ആലഞ്ചേരിയുടെ പക്ഷക്കാരനാണെന്നും തങ്ങളുമായി ബന്ധമില്ലെന്നുമുള്ള പ്രചാരണം സഭയിലെ ആലഞ്ചേരി വിരുദ്ധവിഭാഗം നടത്തുകയും ചെയ്തു.തൊട്ടുപിന്നാലെ സ്ഥാനാർഥി നിർണയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കോ ക്രൈസ്തവസഭാ നേതൃത്വത്തിനോ യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി സീറോ മലബാർ സഭ സെക്രട്ടറിയും രംഗത്തെത്തി. ഏതായാലും പ്രചാരണത്തിന്റെ ആദ്യദിനം മുഴുവൻ സഭയെ ചുറ്റിപ്പറ്റിയായി എന്നത് കൗതുകമായി. ഇതിനിടെ പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനുള്ള തിരക്കിലാണ് ഇടതുസ്ഥാനാർഥി ഡോ. ജോ ജോസഫും യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."