HOME
DETAILS
MAL
ഒറ്റക്കാര്‍ക്ക് പകുത്തുനല്‍കും, എല്‍.ജെ.ഡിക്ക് മന്ത്രിയില്ല, ഇടതുമുന്നണി യോഗം ഇന്ന്
backup
May 16 2021 | 18:05 PM
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ എല്‍.ജെ.ഡിക്ക് മന്ത്രിയില്ല. രണ്ടംഗങ്ങളുള്ള ജനാതാദള്‍ എസിന് മന്ത്രിസ്ഥാനം നല്‍കുന്നതിനാല്‍ ഒരംഗം മാത്രമുളള എല്‍.ജെ.ഡിയെ പരിഗണിക്കാനാവില്ലെന്ന് അറിയിച്ച സി.പി.എം, ജനതാദളുമായി ലയിക്കാന്‍ വീണ്ടും ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍, ബോര്‍ഡ് വീതംവയ്പില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാമെന്നും അറിയിച്ചു.
ഒരംഗം മാത്രമുള്ള കോണ്‍ഗ്രസ് - എസ്, കേരള കോണ്‍ഗ്രസ് - ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ പാര്‍ട്ടികള്‍ക്കു മന്ത്രിസ്ഥാനം വീതം വയ്ക്കാനും തീരുമാനമായി. രണ്ടര വര്‍ഷം വീതമായിരിക്കും ഓരോ പാര്‍ട്ടിക്കും മന്ത്രിമാരുണ്ടാവുക. കെ.ബി ഗണേഷ് കുമാര്‍, ആന്റണി രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് രണ്ടര വര്‍ഷം വീതം മന്ത്രിമാരാകുക. ഗണേഷ്‌കുമാറിന് ആദ്യ ടേമില്‍ തന്നെ മന്ത്രിസ്ഥാനം നല്‍കും.
മറ്റുള്ളവരുടെ ടേം മുഖ്യമന്ത്രി തീരുമാനിക്കും. മുന്നണിക്കു പുറത്തുനിന്നു സഹകരിക്കുന്ന ആര്‍.എസ്.പി ലെനിനിസ്റ്റ് പ്രതിനിധി കോവൂര്‍ കുഞ്ഞുമോനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നും അറിയിച്ചു. രണ്ടു മന്ത്രിസ്ഥാനം വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം ഇന്നലത്തെ ചര്‍ച്ചയിലും സി.പി.എം തള്ളി. 1996ലെ നായനാര്‍ മന്ത്രിസഭയില്‍ പി.ജെ ജോസഫ് വിഭാഗത്തിന് ആറ് എം.എല്‍.എമാരുണ്ടായിരുന്നപ്പോള്‍ ഒരു മന്ത്രിസ്ഥാനം മാത്രമേ നല്‍കിയിരുന്നുള്ളൂവെന്നും അഞ്ച് എം.എല്‍.എമാരുണ്ടായിരുന്ന ആര്‍.എസ്.പിക്ക് ഒരു മന്ത്രിസ്ഥാനമേ നല്‍കിയിരുന്നുള്ളൂവെന്നും ചര്‍ച്ചയില്‍ കോടിയേരിയും പിണറായിയും ചൂണ്ടിക്കാട്ടി.
എന്നാല്‍ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കണമെന്നും റവന്യൂ, കൃഷി ഇതിലൊന്നു വേണമെന്നും ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ വകുപ്പുകള്‍ വിട്ടുനല്‍കാനാവില്ലെന്ന് അറിയിച്ച സി.പി.ഐ, വനം വകുപ്പ് വിട്ടുനല്‍കാമെന്ന സൂചനയും നല്‍കി. കേരള കോണ്‍ഗ്രസ് എമ്മിന് വനം വകുപ്പോ, സി. പി.എമ്മിന്റെ കൈവശമുള്ള പൊതുമരാമത്തോ നല്‍കിയേക്കും. എന്‍.സി.പിക്കും ജനതാദളിനുമുള്ള വകുപ്പുകള്‍ ഇന്നു തീരുമാനിക്കും. എന്‍.സി.പിയുടെ കൈവശമുള്ള ഗതാഗതം ഗണേഷി ന് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ആലോചന. ജനതാദള്‍ എസിന് നിലവിലുള്ള വകുപ്പുതന്നെ നല്‍കിയേക്കും. ഇന്ന് ഇടതുമുന്നണി യോഗത്തില്‍ ഘടക കക്ഷികളിലെ മന്ത്രിമാര്‍ക്ക് നല്‍കേണ്ട വകുപ്പുകളില്‍ അന്തിമ തീരുമാനമുണ്ടാകും. നാളെ സി.പി.എം, സി.പി.ഐ സംസ്ഥാന സമിതികള്‍ ചേരും. അതിനുശേഷം മന്ത്രിമാരെ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."