ഹജ്ജ് തീർഥാടകർക്ക് ഇത്തവണ മക്കയിൽ ഒരേ കാറ്റഗറിയിൽ താമസം
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
കേരളത്തിൽ നിന്നുള്ള മുഴുവൻ ഹജ്ജ് തീർഥാടകർക്കും ഇത്തവണ മക്കയിൽ ഒരേ കാറ്റഗറിയിൽ താമസം. മക്കയുടെ ഏഴ് കിലോമീറ്റർ ചുറ്റളവിലുള്ള അസീസിയ്യ കാറ്റഗറിയിലാണ് ഇത്തവണ താമസ സൗകര്യം ഒരുക്കുക. ഇതോടെ തീർഥാടകർക്കെല്ലാം ഒരേ നിരക്കായിരിക്കും ഉണ്ടാവുക.
മുൻ വർഷങ്ങളിൽ മക്കയുടെ ഒന്നര കിലോമീറ്റർ ചുറ്റളവിലെ ഗ്രീൻ കാറ്റഗറിയിലും താമസ സൗകര്യം ഒരുക്കിയിരുന്നു.എന്നാൽ കൊവിഡ് കാരണം തീർഥാടകരെ കുറച്ചിട്ടുണ്ട്. തീർഥാടകർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സൗകര്യം ഒരുക്കുന്നത്. കെട്ടിടങ്ങൾ കണ്ടെത്തുന്ന നടപടികൾ പൂർത്തീകരിച്ച് വരികയാണ്.
അതിനിടെ തീർഥാടകർക്ക് ഇത്തവണ മെനഞ്ചൈറ്റിസിന്റെ കുത്തിവെപ്പ് ഹജ്ജ് ക്യാംപിൽ വച്ചാണ് നൽകുക.നേരത്തെ യാത്ര പുറപ്പെടുന്നതിന് 10 ദിവസം മുമ്പാണ് കുത്തിവെപ്പ് നൽകാറുള്ളത്. എന്നാൽ ഇത്തവണ മരുന്ന് എത്താൻ വൈകുമെന്നതിനാൽ ഹജ്ജ് ക്യാംപിൽ വച്ച് കുത്തിവെപ്പ് നടത്താനാണ് തീരുമാനം. ഈ വർഷത്തെ ഹജ്ജ് സർവിസുകൾ ഈ മാസം 31 മുതലാണ് ആരംഭിക്കുന്നത്. തീർഥാടകർക്കുള്ള പരിശീലന ക്ലാസുകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കും.
പണമടക്കാനുള്ള തീയതി 10 വരെ നീട്ടി
കൊണ്ടോട്ടി
ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഒന്നാം ഘട്ട പണമടക്കാനുള്ള തീയതി ഈമാസം 10 വരെ നീട്ടി. ഇന്നായിരുന്നു പണമടക്കേണ്ട അവസാന തീയതി. പ്രവാസികളുൾപ്പെടെ നിരവധിയാളുകളുടെ പ്രയാസം കണക്കിലെടുത്താണ് തീയതി നീട്ടി നൽകുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ സമീപിച്ചിരുന്നു. പണം അടക്കാത്തവരും പാസ്‌പോർട്ട് സമർപ്പിക്കാത്തവരും മെയ് പത്തിനകം പണം അടച്ച് രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫിസുകളിൽ സമർപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."