നാല് ഫലസ്തീനികളെ കൂടി ഇസ്റാഈൽ കൊന്നു; കൊല്ലപ്പെട്ടവരിൽ 16കാരനും
റാമല്ല: വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 20ലേറെ ആളുകൾക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മുഹമ്മദ് ഷമീം(29), നിദാൽ കാസിം(28), ഉമർ അവാദിൻ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. നാലാമത്തെയാണ് തിരിച്ചറിഞ്ഞില്ലെന്നും ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെനിൽ അഭയാർത്ഥി ക്യാംപിൽ ആക്രമണം നടത്തിയതായി ഇസ്റാഈലി സൈന്യം പറയുന്നു.
ഇസ്റാഈലി രഹസ്യ യൂനിറ്റ് നഗരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നും തുടര്‍ന്ന് തെരുവില്‍ സൈന്യവും ഫലസ്തീനികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നുമാണ് ഫലസ്തീന് സ്രോതസ്സുകളും ദൃക്സാക്ഷികളും പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്റാഈല്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞയാഴ്ച ജെനിനില്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ ഒമ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന സ്ത്രീയും അന്ന് കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.
ജനുവരി മുതല്‍ 84 ഫലസ്തീനികള്‍ ഇസ്റാഈല്‍ സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. 2022ല്‍ 170 ലേറെ ഫലസ്തീനികള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. സിവിലിയന്മാരായിരുന്നു ഇതില്‍ ഭൂരിഭാഗവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."