HOME
DETAILS
MAL
പ്രവാസികളുടെ രണ്ടാം വാക്സിനേഷന് അനിശ്ചിതത്വം തീരുന്നില്ല
backup
May 16 2021 | 19:05 PM
കൊണ്ടോട്ടി: വിദേശ രാജ്യങ്ങളില്‍ നിന്ന് കൊവിഡ് ആദ്യ ഡോസ് വാക്സിനെടുത്ത് നാട്ടിലെത്തിയ പ്രവാസികളുടെ രണ്ടാം ഡോസ് സ്വീകരണം അനിശ്ചിതത്വത്തില്‍.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആദ്യ ഡോസ് സ്വീകരിച്ച വാക്സിന് തന്നെയാവണം രണ്ടാമത്തെ ഡോസായും സ്വീകരിക്കേണ്ടത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ ഇതിനു സാധിക്കുന്നില്ല. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ഒന്നാംഘട്ട വാക്സിനെടുത്ത് നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാത്തവരും വിസ റദ്ദാക്കി വന്നവരുമായ പ്രവാസികള്‍ക്കാണ് രണ്ടാമത്തെ ഡോസ് ഇന്ത്യയില്‍ നിന്നും സ്വീകരിക്കാന്‍ കഴിയാത്തത്. ഇതു മടങ്ങിയെത്തിയ പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഗള്‍ഫിലും ഇന്ത്യയിലും കൊവിഡ് വാക്സിന് സ്വീകരിക്കുമ്പോള്‍ നല്കുന്ന രേഖകളിലും വ്യത്യാസമുണ്ട്. രേഖകള്‍ വാക്സിന് സ്വീകരിക്കുമ്പോള്‍ അവിടെ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയാണ്. എന്നാല്‍ ഈ വിവരങ്ങള്‍ ഇന്ത്യയിലെ മെഡിക്കല്‍ സംവിധാനത്തിന് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നില്ല. ഇവിടെ ആധാര്‍ കാര്‍ഡാണ് വാക്സിനായി പരിഗണിക്കുന്നതും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒന്നാംഘട്ട വാക്സിന് സ്വീകരിച്ച് നാട്ടിലെത്തിയവര്‍ക്ക് രണ്ടാംഘട്ടം വാക്സിനേഷന് നല്കുന്നതില് ആരോഗ്യ വകുപ്പിനും കൃത്യമായ വിവരങ്ങളില്ലെന്ന് പ്രവാസികള്‍ പറയുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ആയിരത്തിലേറെ പ്രവാസികളാണ് കൊവിഡ് രണ്ടാംവാക്സിന്‍ സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."