മുസ്‌ലിം സംവരണത്തിൽ സുപ്രിംകോടതി ; കേരളത്തിലെ സംവരണ സീറ്റിൽ മറ്റ് സംസ്ഥാനക്കാർക്ക് അർഹതയില്ല
ന്യൂഡൽഹി
കേരളത്തിൽ മുസ് ലിംകൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് ഇതര സംസ്ഥാനങ്ങളിലെ മുസ് ലിംകൾക്ക് അർഹതയില്ലെന്ന് സുപ്രിംകോടതി. കണ്ണൂർ സർവകലാശാലയിൽ ഐ.ടി വിഭാഗത്തിൽ കർണാടക സ്വദേശി ബി. മുഹമ്മദ് ഇസ്മാഈലിനെ നിയമിച്ച കേസിലാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ അനുസരിച്ചാണു നിശ്ചയിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
സംവരണം തസ്തികയിലേക്ക് മുഹമ്മദ് ഇസ്മാഈലിനെ നിയമിച്ചത് കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കണ്ണൂർ സർവകലാശാലയും, മുഹമ്മദ് ഇസ്മാഈലും സമർപ്പിച്ച ഹരജികൾ സുപ്രിംകോടതി തള്ളി. 2018ലെ യു.ജി.സി ചട്ടങ്ങൾ പ്രകാരം ദേശീയതലത്തിൽ നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് ഇസ്മാഈലിനെ നിയമിച്ചതെന്നായിരുന്നു കണ്ണൂർ സർവകലാശാലയുടെ വാദം. മുസ് ലിംകൾ കേരളത്തിലും കർണാടകത്തിലും പിന്നോക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാൽ കർണാടക സ്വദേശിയായ മുഹമ്മദ് ഇസ്മാഈലിന് കണ്ണൂർ സർവകലാശാലയിൽ പിന്നോക്ക വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുളള തസ്തികയിലേക്ക് നിയമനം നൽകുന്നതിൽ തെറ്റില്ലെന്നും സർവകലാശാല വാദിച്ചു.
എന്നാൽ, ഒരു സംസ്ഥാനത്ത് പട്ടിക ജാതി, പട്ടിക വർഗ, ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതാണെന്ന സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിക്ക് മറ്റൊരു സംസ്ഥാനത്ത് ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ലെന്ന് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ അബ്ദുൾ ഹലീമിന്റെ അഭിഭാഷകർ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ റാങ്ക് പട്ടികയിൽ ഒന്നാമനായിരുന്നു ബി. മുഹമ്മദ് ഇസ്മാഈൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."