സുബൈർ വധം മൂന്ന് ആർ.എസ്.എസ് ജില്ലാ നേതാക്കൾ അറസ്റ്റിൽ
പ്രത്യേക ലേഖകൻ
പാലക്കാട്
പാലക്കാട് എലപ്പുള്ളിയിലെ എസ്.ഡി.പി.ഐ നേതാവ് സുബൈർ വധക്കേസിൽ ആർ.എസ്.എസിൻ്റെ മൂന്ന് ജില്ലാ നേതാക്കൾ അറസ്റ്റിൽ. ആർ.എസ്.എസ് ജില്ലാ കാര്യദർശി പള്ളത്തേരി ഗിരീഷ്, ജില്ലാസഹകാര്യവാഹക് കൊട്ടേക്കാട് സുചിത്രൻ, മണ്ഡലം കാര്യവാഹക് പി.കെ ചള്ള ആർ. ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്ന് പൊലിസ് അറിയിച്ചു. ഇതോടെ സുബൈർ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം പൊലിസിന് ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. സുബൈറിനെ വധിക്കാൻ നേരത്തെ രണ്ട് തവണ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലിസ് വ്യക്തമാക്കി. ഈ ഗൂഢാലോചനയിൽ ഇന്ന് അറസ്റ്റിലായ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. സുബൈർ വധത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ആർ.എസ്.എസ് കാര്യവാഹക് വേനോലി സ്വദേശി ശ്രുബിൻ ലാലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാടിന്റെ സമാധാന അന്തരീക്ഷം തകർത്ത് 24 മണിക്കൂറിനുള്ളിൽ നടന്ന രണ്ട് കൊലപാതകളിലെയും, ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉൾപ്പടെ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷംസുദ്ധീൻ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."