ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റോഡ് ഷോയുമായി മാലിദ്വീപ് ടൂറിസം വകുപ്പ്
വിനോദ സഞ്ചാര മേഖലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പദ്ധതികളുമായി മാലിദ്വീപ് ടൂറിസം വകുപ്പ്. പ്രധാനമായും ഇന്ത്യന്‍ യാത്രക്കാരെ ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ ഘട്ടമെന്നോണം ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കാനാണ് ടൂറിസം വകുപ്പിന്റെ നീക്കം.
ഈയിടെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെത്തുടര്‍ന്ന് സഞ്ചാരികളുടെ എണ്ണത്തിലും വന്‍തോതിലുള്ള കൊഴിഞ്ഞുപോക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദ്വീപ് സന്ദര്‍ശിച്ചവരില്‍ സിംഹഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ അതിനുശേഷം നടന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കു ശേഷം ഇന്ത്യക്കാരുടെ സന്ദര്‍ശനത്തില്‍ വന്‍തോതിലുള്ള കുറവ് രേഖപ്പെടുത്തുകയുണ്ടായി. പ്രധാന വരുമാന ശ്രോതസ്സ് ടൂറിസം ആണെന്നിരിക്കെ മാലി ദ്വീപിന് ഇത് വലിയൊരു തിരിച്ചടിയുണ്ടാക്കി
ഇപ്പോള്‍ മാലിദ്വീപ് അസോസിയേഷന് ഓഫ് ട്രാവല്‍ ഏജന്‍സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്സ് സംഘം ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തിയാണ് പുതിയ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ദ്വീപ് സന്ദര്‍ശനത്തിനുള്ള യാത്രപ്രക്രിയകളും ലളിതമാക്കും. ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കി പഴയതുപോലെ കൂടുതല്‍ ഇന്ത്യന്‍ യാത്രികരെ ആകര്‍ഷിക്കാനാണ് മാലിദ്വീപ് ടൂറിസംവകുപ്പ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."