HOME
DETAILS

വീട് നഷ്ടപ്പെടുന്നവരുടെ  കണ്ണുനീര്‍ സര്‍ക്കാര്‍  കാണാതെ പോകരുത്

  
backup
May 16 2021 | 19:05 PM

546534154566-2
 
പല്ലി എന്നര്‍ഥം വരുന്ന ടൗട്ടേ ചുഴലിക്കാറ്റ് കേരളം വിട്ട് ഗോവയിലേക്കു നീങ്ങിയെങ്കിലും ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ അതു സംസ്ഥാനത്തുടനീളം ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. കനത്ത മഴയിലും കൊടുങ്കാറ്റിലും കോടികളുടെ നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങിയ ചുഴലിക്കാറ്റും കനത്ത മഴയും കലിയടങ്ങാതെ ഞായറാഴ്ച വരെ നീണ്ടു. ആയിരം കോടി രൂപയ്ക്കുമേല്‍ കൃഷിനാശം സംഭവിച്ചതായാണു കണക്ക്. പുറമെ കെട്ടിടങ്ങളും നിരവധി വീടുകളും തൊഴിലുപകരണങ്ങളും തകര്‍ന്നു. ചുഴലിക്കാറ്റ് കടന്നുപോയാലും മഴ ശക്തിയായി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
വീടുകള്‍ നഷ്ടപ്പെട്ടവരില്‍ പലരും ക്യാംപുകളില്‍ അഭയം തേടിയിരിക്കുകയാണ്. കടലാക്രമണം മൂലമാണ് നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടത്. കടലാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ കടലോരങ്ങളില്‍ ഏതാനും പാറക്കഷണങ്ങള്‍ തള്ളി കൈയൊഴിയാറാണ് സര്‍ക്കാര്‍ പതിവ്. കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളിലെ അകലം പാലിക്കല്‍ എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം. ഇതിനു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ പൊതുജീവിതം കൂടുതല്‍ അപകടകരമായ അവസ്ഥയിലെത്തുമോ എന്നാണു ഭയപ്പെടേണ്ടത്.
 
71 ക്യാംപുകളിലായി ഇതിനകം രണ്ടായിരത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. തെക്കന്‍ ജില്ലകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര ജലകമ്മിഷന്‍. ഇതിനിടയിലാണ് 31 മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്ന അറിയിപ്പും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു വന്നിരിക്കുന്നത്. പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന്-നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക്-മാറിത്താമസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒന്നാം തരംഗത്തില്‍നിന്ന് വ്യത്യസ്തമായി അതിവേഗത്തിലാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം. നിരവധി ആരോഗ്യപ്രവര്‍ത്തകരും പൊലിസുകാരും സന്നദ്ധപ്രവര്‍ത്തകരും വരെ രോഗബാധിതരായി ക്വാറന്റൈനില്‍ കഴിയുകയാണ്. മതിയായ ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ഇല്ലാതെയാണ് സംസ്ഥാനം രണ്ടാം തരംഗത്തിന്റെ രൂക്ഷവ്യാപനത്തെ പ്രതിരോധിക്കുന്നത്.
 
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിനു ശമനം കാണാതെ വന്നതിനെ തുടര്‍ന്നാണ് പല ജില്ലകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ നടപ്പാക്കിയത്. ഇത്തരമൊരു ഗുരുതരപ്രതിസന്ധി സംസ്ഥാനത്തു നിലനില്‍ക്കുമ്പോഴാണ് മൂന്നാമതൊരു പ്രളയഭീതി സൃഷ്ടിച്ചുകൊണ്ട് കൊടുങ്കാറ്റും മഴയും കേരളത്തെ ഉലച്ചത്. നേരത്തെയുണ്ടായ രണ്ടു പ്രളയങ്ങളിലും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാതിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊടുങ്കാറ്റും പേമാരിയും ഉണ്ടായത്.
വൈപ്പിനില്‍നിന്നു പോയ മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപി നടുത്ത് മുങ്ങി ഒന്‍പതു പേരെയാണ് കാണാതായത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ നാലുപേര്‍ മരണമടഞ്ഞു. കൊവിഡ് രണ്ടാം തരംഗവും പ്രളയവും ഇരുവശത്തുനിന്നും കേരളത്തെ മാറിമാറി പ്രഹരിക്കാന്‍ തുടങ്ങിയ ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഈ ഇരട്ട പ്രതിസന്ധിയെ പൊതുസമൂഹം നേരിടേണ്ടതുണ്ട്.
 
ഇന്നലെ അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ നാല് പ്രധാന ജില്ലകളാണ് സമ്പൂര്‍ണമായി അടച്ചിട്ടത്. നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യസാധനങ്ങളും വില്‍ക്കുന്ന കടകള്‍ക്കുപോലും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. നേരത്തെ പ്രളയം ഉണ്ടാകുമ്പോള്‍ ആളുകളെ ഒന്നിച്ചു ക്യാംപുകളില്‍ പാര്‍പ്പിച്ചിരുന്നതുപോലെ കൊവിഡ് കാലത്ത് അങ്ങനെ പാര്‍പ്പിക്കാനാവില്ല. കൊവിഡ് പോസിറ്റീവായവരെ ക്യാംപുകളില്‍ പ്രത്യേകം താമസിപ്പിക്കേണ്ടി വരും. ഇതിനായി പ്രത്യേകം കെട്ടിടങ്ങള്‍ കണ്ടെത്തേണ്ടിയും വരും. മുന്‍വര്‍ഷങ്ങളിലെപ്പോലെ അതിവര്‍ഷമുണ്ടായാല്‍, (അങ്ങനെ തന്നെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു) കൊവിഡ് ബാധിതര്‍ക്കായി പ്രത്യേകം കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് ഇതു ഗുരുതരമായ വെല്ലുവിളിയായിരിക്കും.
 
കൊവിഡിനൊപ്പം ചുഴലിക്കാറ്റ് പ്രതിസന്ധിയും കാലവര്‍ഷക്കെടുതിയും നേരിടുന്നതിനു സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും മനുഷ്യന്റെ പരിമിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കവച്ചുവയ്ക്കുന്ന നാശനഷ്ടങ്ങള്‍ വരുത്തിവച്ചാണ് ഓരോ പ്രകൃതിക്ഷോഭവും കടന്നുപോകുന്നത്.
 
ഇത്തരമൊരു സന്നിഗ്ധാവസ്ഥയില്‍ സ്വയം പ്രതിരോധം തീര്‍ക്കുക എന്നതുതന്നെയാണ് മുന്‍പിലുള്ള മാര്‍ഗം. ഇതില്‍ ഏറ്റവും പ്രധാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുക എന്നതു തന്നെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം വാക്‌സിന്‍ പോലും കിട്ടാത്ത ഒരവസ്ഥയില്‍ കേരളം പ്രയാസപ്പെടുമ്പോള്‍ രോഗം വരാതിരിക്കാന്‍ പരമാവധി സൂക്ഷിക്കുക എന്നതാണ്. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, കൂട്ടംകൂടാതിരിക്കുക, അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ ഇരട്ട മാസ്‌ക് ധരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഓരോരുത്തരും കര്‍ശന നിലപാട് സ്വീകരിച്ചാല്‍ത്തന്നെ സംസ്ഥാനത്തിനു കൊവിഡ് മഹാമാരിയെ തടഞ്ഞുനിര്‍ത്താന്‍ കഴിയും. ഇതുവഴി കാലവര്‍ഷക്കെടുതി മൂലം ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനും സംസ്ഥാന സര്‍ക്കാരിനു കഴിയും.
 
രണ്ട് പ്രളയങ്ങളില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കു മതിയായ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയില്ല എന്നത് തീരാവേദന തന്നെയാണ്. അതിനു പുറമെയാണിപ്പോള്‍ ടൗട്ടേ ചുഴലിക്കാറ്റ് പലരുടെയും വീടുകളും കൃഷിയും നശിപ്പിച്ചത്. ഇതിനെല്ലാം മതിയായ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ കൊടുത്തേ പറ്റൂ. സാങ്കേതിക കാരണങ്ങളും മുട്ടാപ്പോക്ക് ന്യായവും പറഞ്ഞ് വീടുകള്‍ നഷ്ടപ്പെട്ട് തെരുവിലെറിയപ്പെട്ടവരുടെ കണ്ണുനീര്‍, വര്‍ധിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ കാണാതെ പോകരുത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago