HOME
DETAILS
MAL
മിണ്ടരുത്... അഴിയെണ്ണും കൊവിഡ്: പ്രധാനമന്ത്രിയെ വിമര്‍ശിച്ച 21 പേര്‍ അറസ്റ്റില്‍
backup
May 16 2021 | 21:05 PM
ന്യൂഡല്‍ഹി: കൊവിഡ് കൈകാര്യംചെയ്യുന്നതിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഴ്ചയെ വിമര്‍ശിച്ച 21 പേരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ കാംപയിനുമായി പ്രതിപക്ഷം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ട മോദിവിരുദ്ധ പോസ്റ്ററുകളുടെ പേരിലാണ് അറസ്റ്റ്. 'ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തുകൊണ്ട് വിദേശത്തേക്കയച്ചു?' എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളടങ്ങിയ പോസ്റ്ററുകളുടെ പേരിലാണ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 21 പേരെ അറസ്റ്റ് ചെയ്തത്. മോദിയെ വിമര്‍ശിക്കുന്ന നൂറുകണക്കിന് പോസ്റ്ററുകള്‍ ഡല്‍ഹി പൊലിസ് കണ്ടെത്തിയിട്ടുമുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറങ്ങലിച്ച സംസ്ഥാനമായ ഡല്‍ഹിയില്‍ നൂറിലധികം പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ഈ പശ്ചാത്തലത്തിലാണ് രാജ്യതലസ്ഥാനത്ത് മോദിക്കെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ പൊതുസ്വത്തിന് ഹാനി വരുത്തിയെന്നാരോപിച്ച് 24 പേര്‍ക്കെതിരേ കേസെടുത്തതായും വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ഡല്‍ഹി പൊലിസ് പറഞ്ഞു.
അതേസമയം 'അങ്ങനെയെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യൂ' എന്ന ഹാഷ് ടാഗോടെ അറസ്റ്റിനിടയാക്കിയ പോസ്റ്ററുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ച് പ്രതിപക്ഷം കേന്ദ്രത്തിനെതിരേ രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ പോസ്റ്ററുകളും ഹാഷ് ടാഗും ട്വിറ്ററില്‍ പങ്കുവച്ചു. 'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്?' എന്നുള്ള പോസ്റ്ററിനൊപ്പം 'എന്നെയും അറസ്റ്റ് ചെയ്യൂ' എന്ന് രാഹുലും പ്രിയങ്കയും ട്വീറ്റ് ചെയ്തു.
മോദിയെ വെല്ലുവിളിക്കുന്നെന്നും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്നും പോസ്റ്റര്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും ട്വീറ്റ് ചെയ്തു. 'ചോദ്യമുന്നയിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യൂ' എന്ന് നടന്‍ പ്രകാശ് രാജും ട്വീറ്റ് ചെയ്തു. പൊലിസ് നടപടിയെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയിത്ര പരിഹസിച്ചു.
അതിനിടെ മണിപ്പൂരില്‍ ബി.ജെ.പി നേതാവ് കൊവിഡ് ബാധിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ പരിഹാസം പങ്കുവച്ചതിന് സംസ്ഥാനത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവ് സൈഖോം തികേന്ദ്ര സിങ് കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍, ചാണകവും ഗോമൂത്രവും ഫലം ചെയ്തില്ലേ എന്നു ചോദിച്ചതിനാണ് മണിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കിഷോരെ ചന്ദ്ര വാങ്‌ഖേം, ആക്ടിവിസ്റ്റ് എറേന്ദ്രോ ലെയ്‌ചോംബം എന്നിവരെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."