HOME
DETAILS
MAL
ടൗട്ടേ നാളെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കും
backup
May 16 2021 | 21:05 PM
ന്യൂഡല്‍ഹി: നാളെ പുലര്‍ച്ചെ ഗുജറാത്ത് തീരത്തിനടുത്തുകൂടി ആഞ്ഞടിക്കുന്ന ടൗട്ടേ ചുഴലിക്കാറ്റിന് മുന്നോടിയായുള്ള പേമാരിയും കാറ്റുംമൂലം കര്‍ണാടകയില്‍ നാലും ഗോവയില്‍ രണ്ടുപേരും മരിച്ചു. കര്‍ണാടകയിലെ ഉത്തരകന്നഡ, ഉഡുപ്പി, ചിക്ക്മംഗളൂരു, ശിവോഗ്ഗ എന്നിവിടങ്ങളിലാണ് മരണം. മരങ്ങള്‍ വീണും മറ്റുമുണ്ടായ അപകടങ്ങളിലാണ് ആറുപേരും മരിച്ചത്. കേരളം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നീ തീരസംസ്ഥാനങ്ങളില്‍ വലിയനാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്ര ടൗട്ടേ ചുഴലിക്കാറ്റായി മാറി നാളെയാവും ഗുജറാത്ത് തീരത്ത് പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലൂടെ കടന്നുപോവുക. ഗോവയിലെ പനാജിയില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായും മുംബൈയില്‍ നിന്ന് 490 കിലോമീറ്റര്‍ തെക്ക് ഭാഗത്തായും ഗുജറാത്തിലെ വെരാവലിന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് 730 കിലോമീറ്ററും കേന്ദ്രീകരിച്ചാണ് കൊടുങ്കാറ്റ് സഞ്ചരിക്കുക.
പേമാരിയും ശക്തമായ കാറ്റുംമൂലം സംസ്ഥാനങ്ങളിലെ മിക്കയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതിയും നിലച്ചു. നിരവധി കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മെഡിക്കല്‍ കോളജില്‍ വൈദ്യുതിവിതരണം തടസപ്പെട്ടു. കര്‍ണാടകയിലെ ആറുജില്ലകളിലെ നൂറോളം ഗ്രാമങ്ങളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിച്ചേക്കാവുന്ന ഗുജറാത്തില്‍ കേന്ദ്ര സേനയുടെ 54 സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നിന്ന് ഒന്നരലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താനും തയാറെടുപ്പുകള്‍ അവലോകനം ചെയ്യാനും ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സംസ്ഥാനങ്ങളുമായി സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."