HOME
DETAILS
MAL
ഗസ്സ തേങ്ങുന്നു; ഒറ്റ രാത്രിയില്‍ 42 മരണം ഇതുവരെ കൊല്ലപ്പെട്ടത് 55 കുട്ടികള്‍
backup
May 16 2021 | 21:05 PM
ഗസ്സ സിറ്റി: ഒരാഴ്ചയായി തുടരുന്ന ഗസ്സ ആക്രമണത്തില്‍ ഇസ്‌റാഈലി സേന ഇന്നലെ പുലര്‍ച്ചെ നടത്തിയത് ഇതുവരെയുള്ളതില്‍ ഏറ്റവും രൂക്ഷമായ ആക്രമണം. 2000ത്തിലെ രണ്ടാം ഇന്‍തിഫാദയ്ക്കു ശേഷമുണ്ടായ അതിഭീകരമായ ആക്രമണത്തില്‍ ഒരൊറ്റ ദിവസം മരിച്ചുവീണത് 42 ഫലസ്തീനികള്‍. ഒരു മണിക്കൂര്‍ നീണ്ട ആക്രമണത്തിനിടെ 150 ഷെല്ലുകളാണ് ഗസ്സയില്‍ പതിച്ചത്. ഇതില്‍ പകുതിയും ലക്ഷ്യമിട്ടത് ജനത്തിരക്കേറിയ ജനവാസ കേന്ദ്രങ്ങളെയായിരുന്നു.
ഗസ്സയിലെ ആശുപത്രിയിലേക്കുള്ള പ്രധാന റോഡുകളും വീടുകളും ആക്രമണത്തില്‍ തകര്‍ന്നു. അല്‍ശിഫ ആശുപത്രിയിലെ വിദഗ്ധ ഡോക്ടറായ അയ്മന്‍ അബുല്‍ ഔഫും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ഹമാസിന്റെ മുതിര്‍ന്ന നേതാവ് യഹ്‌യ അല്‍ സിന്‍വാറിന്റെയും സഹോദരന്റെയും വീടിനു നേരെയും ആക്രമണമുണ്ടായി.
ഇതുവരെ 188 ഫലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 55 കുട്ടികളും 33 സ്ത്രീകളും ഉള്‍പ്പെടുന്നു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 13 പേരും കൊല്ലപ്പെട്ടു. 10 ഇസ്‌റാഈലികളും മരിച്ചു.
ഗസ്സയിലെ യു.എന്‍ ഓഫിസിനു സമീപത്തും ഇന്നലെ ബോംബാക്രമണമുണ്ടായി.
മുക്കാല്‍ മണിക്കൂറോളം ഓഫിസിനു സമീപം ബോംബ് വര്‍ഷമുണ്ടായതായി ഫലസ്തീനികള്‍ക്കു വേണ്ടിയുള്ള യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ ഗസ്സ ഡയരക്ടര്‍ മാറ്റിയാസ് ഷമാലെ പറഞ്ഞു. ഇസ്‌റാഈല്‍ ഗസ്സയില്‍ യുദ്ധക്കുറ്റമാണ് നടത്തുന്നതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി യു.എന്നില്‍ പറഞ്ഞു. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രക്ഷാസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ആക്രമണം പൂര്‍വാധികം ശക്തമായി തുടരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചു.
യുദ്ധക്കുറ്റമെന്ന് ആംനസ്റ്റി
ഗസ്സയില്‍ ഇസ്‌റാഈല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ ചിലത് യുദ്ധക്കുറ്റ പരിധിയില്‍ വരുന്നതാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഗസ്സയില്‍ നടത്തുന്ന ക്രൂരത മറച്ചുവയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
2021 മുതല്‍ ആംനസ്റ്റിക്ക് ഗസ്സയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും സംഘടനയുടെ പശ്ചിമേഷ്യന്‍ ഡെപ്യൂട്ടി റീജ്യനല്‍ ഡയരക്ടര്‍ സാലിഹ് ഹിജാസി വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി 2014 മുതലുള്ള ഫലസ്തീന്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ അന്വേഷിച്ചുവരുകയാണ്. ഗസ്സയിലെ അന്താരാഷ്ട്ര മാധ്യമ ഓഫിസുകള്‍ക്കു നേരെയുണ്ടായ ആക്രമണം കൂടി അന്വേഷിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ 50ലേറെ ജനവാസ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."