HOME
DETAILS
MAL
ഗംഗാതീരത്ത് കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍
backup
May 16 2021 | 21:05 PM
ലഖ്‌നൗ: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വിധത്തില്‍ ഗംഗ, യമുന നദികളില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതിന് പിന്നാലെ നദീതീരത്ത് കുഴിച്ചിട്ട നിലയിലും കൂടുതല്‍ മൃതദേഹങ്ങള്‍.
ഉത്തര്‍പ്രദേശിലെ പ്രായാഗ് രാജില്‍ (അലഹാബാദ്) മണലില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
രണ്ടാം കൊവിഡ് തരംഗം രൂക്ഷമായതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ ഇത്രയധികം കണ്ടുതുടങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് ബാധിതരുടെതെന്ന് കരുതുന്ന രണ്ടായിരത്തോളം മൃതദേഹങ്ങള്‍ നദീതീരങ്ങളില്‍ അടിഞ്ഞുകൂടിയതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം പ്രദേശവാസികളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ത്രിവേണി സംഗമത്തിനടുത്തും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസിയായ ദിവ യാദവ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. 400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഗംഗാതീരത്തെ മണലില്‍ സംസ്‌കരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യു.പിയിലെ ഉന്നാവ് ജില്ലയിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കാറ്റിലും മറ്റും മണല്‍ നീങ്ങുന്നതോടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പലതും പുറത്തുവരികയാണ്. നായ്ക്കളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കുന്നുണ്ട്.
ജഡാവശിഷ്ടങ്ങള്‍ പുറത്തുവന്നത് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധത്തിനും കാരണമായി. ഇതുകാരണം പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നു.
അധികൃതര്‍ ഇടപെടണമെന്നും മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് പ്രവേശവാസികള്‍ ആവശ്യപ്പെടുന്നത്. മൃതദേഹങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കുമെന്നും രോഗബാധ വര്‍ധിപ്പിക്കുമെന്നും പ്രദേശവാസിയായ സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തര്‍ ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് നിര്‍ത്തിയതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."