HOME
DETAILS
MAL
ലക്ഷദ്വീപ് ബോട്ടപകടം: എട്ട് പേരെ കണ്ടെത്തി
backup
May 16 2021 | 21:05 PM
കൊച്ചി/മട്ടാഞ്ചേരി: ലക്ഷദ്വീപിന് സമീപം കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട ബോട്ടിലുണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി.
ഇന്നലെ കോസ്റ്റ് ഗാര്‍ഡിന്റെ രക്ഷാപ്രവര്‍ത്തനം തുടരവേ കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ശക്തമായ കാറ്റില്‍ ബോട്ട് മുങ്ങിയതോടെ ദ്വീപിലേക്ക് ഇവര്‍ നീന്തി കയറുകയായിരുന്നു. ഒരാളെകുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
കോസ്റ്റ് ഗാര്‍ഡ് പ്രാഥമികചികിത്സ നല്കി രക്ഷപെട്ടവരെ കവരത്തിയിലേക്ക് നീക്കി. കടല്‍ ശാന്തമാകുന്നതോടെ ഇവരെ നാട്ടിലേയ്ക്ക് കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ 12 ന് ബിത്രാ ദ്വീപില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ആണ്ടവര്‍ തുണൈ എന്ന ബോട്ട് കടല്ക്ഷോഭത്തില്പെട്ടത്.
ലക്ഷദ്വീപ് പൊലിസ്, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റ പ്രത്യേക കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തി. കൊച്ചി വൈപ്പിനില്‍ നിന്ന് ഏപ്രില്‍ 29ന് പോയ ബോട്ടിനോപ്പം രാഗേഷ് ഒന്ന്, രാഗേഷ് രണ്ട് എന്നീ ബോട്ടുകളുമുണ്ടായിരുന്നു. ശക്തമായ തിരമാലകളില്‍പ്പെട്ട ഈ രണ്ടു ബോട്ടുകള്‍ ലക്ഷദ്വീപിലേക്ക് അടുപ്പിക്കുകയായിരുന്നു. ഈ ബോട്ടുകളാണ് ദ്വീപ് അധികൃതരെ അപകട വിവരമറിയിച്ചത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നാഗപട്ടണം സ്വദേശികളായ ബോട്ട് ഉടമയും സ്രാങ്കുമായ മണിവേല്‍, സഹോദരന് മണികണ്ഠന്, ഇരുമ്പന്‍, മുരുകന്, ദിനേശ്, ഇലഞ്ചയ്യന്‍, പ്രവീണ്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. കൊച്ചിയില്‍ നിന്ന് പോയ 100 ഓളം ബോട്ടുകളെക്കുറിച്ചും അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് എത്തും മുന്‍പേ മീന്‍ പിടിക്കാന്‍ പോയതാണ് ബോട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."