പാവപ്പെട്ടവന്റെ അടുക്കളയിലും അടുപ്പിലും ധിക്കാരത്തിന്റെ കെ.റെയില്‍ കല്ലിട്ട പിണറായിക്കുള്ള താക്കീതാകണം തൃക്കാക്കരയെന്ന് ചെന്നിത്തല
കൊച്ചി: വോട്ട് നല്‍കി ജയിപ്പിച്ച ജനങ്ങളെ പുച്ഛത്തോടെ കണ്ട പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള താക്കീതാകണം തൃക്കാക്കരയുടെ തിരഞ്ഞെടുപ്പ് ഫലമെന്ന് രമേശ് ചെന്നിത്തല. മഹാ ദുരന്തമായി മാറുമെന്ന് വിദഗ്ധരും ശാസ്ത്രജ്ഞരും സി.പി.എമ്മിന്റെ സ്വന്തം ശാസ്ത്ര സാഹിത്യ പരിഷിത്തും അഭിപ്രായപെട്ടിട്ടും ധിക്കാരപൂര്‍വം പാവപ്പെട്ടവന്റെ അടുക്കളയിലും, അടുപ്പിലും അതിക്രമിച്ചു കയറി പിണറായിക്കുള്ള കെ-റെയിലിന്റെ കമ്മിഷന്‍ കല്ലുകള്‍ നാട്ടുന്ന സി.പി.എമ്മിന്റെ അഹന്തയ്ക്കുള്ള താക്കീതാകണം തൃക്കാക്കരയെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
വര്‍ഗീയ ശക്തികളുടെ കൈയില്‍ വാളെടുത്തുകൊടുത്തിട്ട് മാറിനിന്ന് പരസ്പരം'ചാമ്പിക്കോ'എന്ന് പറയുന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള താക്കീതാകണം തൃക്കാക്കരയെന്നും അദ്ദേഹം കുറിച്ചു.
കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട തൃക്കാക്കരയിലെ കോണ്‍ഗ്രസ് പ്രചാരണതന്ത്രത്തില്‍ എതിര്‍പ്പുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇടത് സ്ഥാനാര്‍ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്നും നിക്ഷിപ്ത താല്‍പര്യക്കാരാണ് കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപം
താക്കീതാകണം തൃക്കാക്കര... വോട്ട് നല്‍കി ജയിപ്പിച്ച ജനങ്ങളെ പുച്ഛത്തോടെ കണ്ട് ധാര്‍ഷ്ഠ്യത്തോടെ സ്വന്തം താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള താക്കീതാകണം തൃക്കാക്കര. മഹാ ദുരന്തമായി മാറുമെന്ന് വിദഗ്ധരും ശാസ്ത്രജ്ഞരും സി പി എമ്മിന്റെ സ്വന്തം ശാസ്ത്ര സാഹിത്യ പരിഷിത്തും ഒരുപോലെ അഭിപ്രായപെട്ടിട്ടും ധിക്കാരപൂര്‍വം പാവപ്പെട്ടവന്റെ അടുക്കളയിലും, അടുപ്പിലും അതിക്രമിച്ചു കയറി പിണറായിക്കുള്ള കെ-റെയിലിന്റെ കമ്മീഷന്‍ കല്ലുകള്‍ നാട്ടുന്ന സി പി എമ്മിന്റെ അഹന്തയ്ക്കുള്ള താക്കീതാകണം തൃക്കാക്കര. വര്‍ഗ്ഗീയ ശക്തികളുടെ കൈയില്‍ വാളെടുത്തുകൊടുത്തിട്ട് മാറിനിന്ന് പരസ്പരം 'ചാമ്പിക്കോ' എന്ന് പറയുന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള താക്കീതാകണം തൃക്കാക്കര. തെറ്റുകള്‍ ചൂണ്ടിക്കാണിക്കപെടുമ്പോള്‍ എതിരഭിപ്രായം പറയുന്ന രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്ന സി പി എമ്മിന്റെ കഠാര രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതാകണം തൃക്കാക്കര.
വിയര്‍പ്പൊഴുക്കുന്നവന്റെ വിഷമതകള്‍ക്കുമേലെ വികസനത്തിന്റെ പേരുപറഞ്ഞും കേരളത്തിന്റെ അടിവേരുതോണ്ടി കുംഭകോണ കച്ചവടം സ്വപനം കാണുന്ന പിണറായി സര്‍ക്കാരിനുള്ള താക്കീതാകണം തൃക്കാക്കര. അധികാരത്തിന്റെ തിമര്‍പ്പില്‍ വിവേകത്തിന്റെ ഭാഷ നഷ്ടപെടുന്ന കമ്മ്യൂണിസ്റ്റ് ഭരണകര്‍ത്താക്കള്‍ക്കുള്ള താക്കീതാകണം തൃക്കാക്കര കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി പിണറായി വിജയന്റെ ജനനിന്ദയ്ക്ക് താക്കീത് നല്‍കാന്‍ തൃക്കാക്കരയ്ക്ക് ലഭിച്ച അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പ് പ്രിയപ്പെട്ട പി ടി തുടങ്ങിവച്ച തൃക്കാക്കരയുടെ വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പി ടി യുടെ പ്രിയതമ, ഉമ തോമസ്, നിങ്ങളുടെ സമ്മതിദാനം തേടുമ്പോള്‍ ഉമയ്ക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വിലയേറിയ വോട്ടും കേരളത്തിലെ മുഴുവന്‍ ജങ്ങള്‍ക്കും വേണ്ടി പിണറായി വിജയനുള്ള തൃക്കാക്കരയുടെ താക്കീതാകണം ഒരു സംശയവും വേണ്ട പിണറായി വിജയനുള്ള ശക്തമായ താക്കീത് തന്നെയാകും തൃക്കാക്കര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."