അമേരിക്കയിലെ ബാങ്ക്<br>തകർച്ചയിൽ ഭയക്കണോ?
ഗിരീഷ് കെ. നായർ
ബാങ്ക് പൊളിയുന്നു എന്ന് കേൾക്കുമ്പോൾ ഇന്ത്യക്കാരുടെ ഉള്ളിലും തീയാളും. അത് ഇന്ത്യയിലായാലും വിദേശത്തായാലും. ഇന്ത്യക്കാർ ഏറെയുള്ള അമേരിക്കയിലെ ബാങ്കുകളാണ് തകർന്നിരിക്കുന്നത്. ആഗോളതലത്തിൽ നിരവധി പേരുടെ നിക്ഷേപത്തെ അത് ബാധിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. അമേരിക്കയിലെ ബാങ്കുകൾക്ക് ഇതെന്തുപറ്റി?
അമേരിക്കയിലെ പ്രധാന രണ്ടു ബാങ്കുകളാണ് ഒന്നിനുപിന്നാലെ ഒന്നായി തകർച്ച നേരിട്ടത്. സിലിക്കൺ വാലി ബാങ്ക് എന്നറിയപ്പെടുന്ന എസ്.വി.ബി, സിഗ്‌നേച്ചർ ബാങ്ക് എന്നിവയ്ക്കു പിന്നാലെ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കും തകർച്ച നേരിടുന്നതായ വാർത്ത നിക്ഷേപകരുടെ ഉള്ളുലച്ചിട്ടുണ്ട്. അമേരിക്കയിലെ 16ാമത്തെ വലിയ ബാങ്കാണ് എസ്.വി.ബി. ദുർബലമായ സാമ്പത്തിക ഭരണസംവിധാനമാണ് ഈ ബാങ്കിന് ചരമഗതി വിധിച്ചതെങ്കിൽ സിഗ്‌നേച്ചർ ബാങ്ക് തകരാൻ പ്രധാന കാരണം ക്രെഡിറ്റ് സ്വീസിന്റെ ഓഹരി ഇടിഞ്ഞതുമൂലമാണ്. ഫസ്റ്റ് ബാങ്കിന്റെ ഓഹരിവിലയും എസ്.വി.ബിക്കുണ്ടായതുപോലെ നെല്ലിപ്പലകയിലെത്തി നിൽക്കുന്നു. ആഗോളതലത്തിൽ സാമ്പത്തിക ഭീമൻമാരായ ജെ.പി മോർഗൻ, മോർഗൻ സ്റ്റാൻലി എന്നിവ ഫസ്റ്റ് ബാങ്കിന് രക്ഷാകരം നീട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.അധികൃതർക്ക് എന്തെങ്കിലും ചെയ്യാനാകും മുമ്പ് മേൽപ്പറഞ്ഞ രണ്ടു ബാങ്കുകളും നിലംപൊത്താൻ പ്രധാനകാരണം നിക്ഷേപകർ ക്യൂനിന്ന് തങ്ങളുടെ നിക്ഷേപം പിൻവലിച്ചതാണ്, അതും ഒരേസമയം. വിലക്കയറ്റം പോലെ മറ്റു ചില കാരണങ്ങളും ഇതിന് ആധാരമായി പറയുന്നുണ്ട്.
ഇന്ത്യയെ അമേരിക്കൻ ബാങ്ക് തകർച്ച എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാനം. വികസിത രാജ്യവും സമ്പന്നവുമായ അമേരിക്കയുടെ രണ്ട് ബാങ്കുകൾ നിലംപൊത്തിയെന്നത് ഇന്ത്യൻ വിപണിയെ പിടിച്ചുലക്കുക തന്നെ ചെയ്യും. രൂപയുടെ തകർച്ച പ്രധാന ഉദാഹരണം. വിപണിയിലുണ്ടായിരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത വേവലാതിയും ആശങ്കയുമാണ്. അദാനി പൊളിഞ്ഞതോടെ എൽ.ഐ.സി പോലുള്ള പ്രസ്ഥാനങ്ങളെ ബാധിച്ച വാർത്ത ഒട്ടൊന്നുമല്ല ഇന്ത്യൻ ജനതയെ അലട്ടിയതെന്നോർക്കണം. അമേരിക്കയിലെ ബാങ്ക് പൊട്ടിയെന്ന വാർത്ത വന്നതോടെ ഇന്ത്യയിൽ ബാങ്കുകളുടെ ഓഹരിയെയാണ് അത് ആദ്യമേ ബാധിച്ചത്. ഓഹരിവില പെട്ടെന്നിടിഞ്ഞു. നിക്ഷേപകർ ബാങ്കിലേക്കുള്ള മുതൽമുടക്കിൽ മിതത്വം പാലിച്ചതോടെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.
ഉള്ള ഓഹരികൾ വിറ്റൊഴിക്കാൻ ശ്രമിക്കുന്നത് ഫലത്തിൽ രൂപയുടെ മൂല്യത്തിനാണ് ഇടിവുണ്ടാക്കുക. റിസർവ് ബാങ്കിനെ ഇടപെടാൻ പ്രേരിപ്പിക്കുന്നതിലേക്ക് ഇതെത്തുകയും ചെയ്യും. മാത്രമല്ല, മൂലധന നിക്ഷേപത്തെയും അത് ഗുരുതരമായി ബാധിക്കും. അതോടെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ അനുരണനങ്ങളെത്തും. എസ്.വി.ബിയെക്കാൾ ക്രെഡിറ്റ് സ്വീസിൻ്റെ തകർച്ച ഇന്ത്യൻ ബാങ്കിങ് രംഗത്തിന് ആഘാതം തന്നെയാണ്. ആഗോളതലത്തിൽ വായ്പനൽകുന്ന ബാങ്കാണിതെന്നതാണ് പ്രധാനകാരണം.
അമേരിക്കൻ ബാങ്കുകളുടെ തകർച്ച നിക്ഷേപകർക്ക് ആഘാതമാണ്. പ്രത്യേകിച്ച് രാജ്യാന്തര തലത്തിലുള്ള നിക്ഷേപകർക്ക്. എന്നിരുന്നാലും ഇന്ത്യൻ നിക്ഷേപകരെ ബാധിച്ചേക്കില്ലെന്ന ആശ്വാസമാണ് ബാങ്കിങ് രംഗത്തെ വിദഗ്ധർ നൽകുന്നത്. ഇന്ത്യയിൽ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളെ ആഭ്യന്തര പ്രധാന ബാങ്കുകളായി തിരിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്ക്‌സ് (ഡി.എസ്.ഐ.ബി) ഇവർക്ക് പ്രവർത്തനങ്ങൾക്ക് കൂടുതലായി മൂലധന ശേഖരണത്തിന് അനുവദിച്ചിരിക്കുന്നതുതന്നെ സുരക്ഷ മുൻനിർത്തിയാണ്. ഇങ്ങനെ തരംതിരിച്ച് പ്രാധാന്യം നൽകിയിരിക്കുന്നതിനാൽ എന്ത് ധനപ്രതിസന്ധിയും ഉണ്ടായാൽ ഈ ബാങ്കുകൾക്ക് അതൊക്കെ കടന്ന് മുന്നോട്ടുപോകാൻ സാധിക്കും. ഈ ബാങ്കുകൾ പൊളിയാൻ സാധ്യതയില്ലതാനും.
ഇന്ത്യയിലെ ഐ.ടി കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും അമേരിക്കൻ ബാങ്കുകളുടെ തകർച്ച ബാധിക്കും. വിദേശ നിക്ഷേപത്തെ ആശ്രയിച്ചാണ് ഇവയുടെ പ്രവർത്തനമെന്നതിനാലാണിത്. ഇവർക്ക് കൂടുതൽ മൂലധനം സ്വരൂപിക്കാൻ സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."