ചേർത്തുപിടിക്കുക<br>മുലയൂട്ടുന്ന അമ്മമാരെ
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് മകനെയും കൂട്ടി അമ്മ ജീവനൊടുക്കിയ വാർത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. കുഞ്ഞിന്റെ മരണത്തിനു പിന്നാലെ രണ്ടു ജീവനുകൾകൂടി പൊലിഞ്ഞു. വെറുമൊരു വാർത്തയായി വായിച്ചു മറക്കേണ്ടവയല്ല ഇത്തരം സംഭവങ്ങൾ.
നൊന്തുപെറ്റ മക്കളെത്തന്നെയും കൊലപ്പെടുത്തുന്ന അമ്മമാരുടെ എണ്ണം വർധിച്ചുവരികയാണ്. എന്താണ് കാരണമെന്നോ പ്രതിവിധിയെന്നോ ചർച്ച ചെയ്യപ്പെടുന്നില്ല. എന്നാൽ അമ്മമാരിൽ വിഷാദരോഗം കൂടിവരികയാണെന്ന് കണക്കുകൾ പറയുന്നു. വിഷാദത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ആത്മഹത്യാപ്രവണത. സ്വയം ജീവനൊടുക്കുകയും കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുന്നത് അതികഠിന മാനസിക സമ്മർദത്തിൻ്റെ ഫലമായാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത് എന്നതിനെക്കുറിച്ച് സമൂഹത്തിന്റെ അടിയന്തരശ്രദ്ധ പതിയേണ്ടതുണ്ട്.
അമ്മമാരിലെ വിഷാദംപോലുള്ള അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകേണ്ടത് അവരുടെ കുടുംബത്തിൽനിന്നു തന്നെയാണ്. പ്രസവിച്ച സ്ത്രീകളെ മാറ്റിനിർത്താതെ അവരെയും കുടുംബത്തിന്റെ സന്തോഷങ്ങളിൽ പങ്കെടുപ്പിക്കണം. ഇടയ്ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് പ്രവർത്തിക്കണം. കുടുംബം പുറത്തുപോകുമ്പോഴും മറ്റും അവരെയും യാത്രയിൽ ഉൾപ്പെടുത്തണം. ഹോർമോൺ അസന്തുലിതാവസ്ഥയെ തടയാൻ ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പ്രസവാനന്തരം രക്ത രൂപത്തിൽ ധാരാളം ഇരുമ്പ് ശരീരത്തിൽനിന്ന് നഷ്ടപ്പെടും. വളർച്ചയ്ക്കും ശരീര കോശങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനും ചില ഹോർമോണുകളെ സൃഷ്ടിക്കാനും ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും. പച്ചക്കറികളും കടൽമത്സ്യങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ജീവിതശൈലി മാറിയ സാഹചര്യത്തിൽ മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യം കുഞ്ഞിന്റെയും ആരോഗ്യത്തെ ബന്ധപ്പെട്ടു കിടക്കുന്നു. ആരോഗ്യമുള്ള യുവജനതയെ സൃഷ്ടിച്ചെടുക്കുന്ന പ്രാരംഭകാലമാണ് ഗർഭകാലവും മുലയൂട്ടൽ കാലവും. ആരോഗ്യമുള്ള പൗരന്മാരെ വാർത്തെടുക്കാൻ സർക്കാരും പ്രതിജ്ഞാബദ്ധരാണ്. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻ തുക ചെലവഴിക്കുന്നുണ്ട്. പോഷകാഹാരക്കുറവിന് നിലവിൽ ആരോഗ്യകേന്ദ്രങ്ങളും അങ്കണവാടികളും വഴി സഹായം ലഭിക്കുന്നുണ്ട്. പ്രസവാനന്തര വിഷാദം പോലുള്ള രോഗസാധ്യതകൂടി സർക്കാർ സ്‌ക്രീനിങ്ങിലൂടെ കണ്ടെത്തി സൗജന്യ ചികിത്സ നൽകണം. ഇതിന് ആശാവർക്കർമാരും മറ്റും വീടുകളിൽ നിന്ന് വിവര ശേഖരണം നടത്തിയാൽ മതിയാകും. കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കിയെന്ന വാർത്ത ഇനി വായിക്കാൻ ഇടവരുത്താതിരിക്കട്ടെ. സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടടിത്തേക്ക് ശ്രദ്ധക്ഷണിക്കൽ മാധ്യമങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്.
സ്ത്രീകളിൽ കണ്ടുവരുന്ന മാനസിക പ്രശ്‌നമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന പ്രസവശേഷമുള്ള വിഷാദം. ലോകത്ത് എട്ടു സ്ത്രീകളിൽ ഒരാളെ ഇത് ബാധിക്കുന്നുവെന്നാണ് കണക്ക്. സൈക്കോളജിസ്റ്റിന്റെയോ ആവശ്യമെങ്കിൽ സൈക്യാട്രിസ്റ്റിന്റെയോ ഉപദേശമോ ചികിത്സയോ തേടിയാൽ ഈ പ്രശ്‌നത്തിൽ നിന്ന് രക്ഷനേടാനാകും. പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവപ്പെടുന്നുണ്ടോയെന്ന് ഗൈനക്കോളജിസ്റ്റുകളും നിരീക്ഷിക്കണം. പലപ്പോഴും ഗർഭിണിയുടെ ബന്ധുക്കൾക്ക് ഇത്തരം അറിവുകൾ ഉണ്ടാകണമെന്നില്ല.
പ്രസവത്തിനുശേഷമുള്ള ഹോർമോൺ അസന്തുലിതാവസ്ഥയാണ് അമ്മമാരിലെ വിഷാദത്തിലേക്ക് നയിക്കുന്നത്. ഈസ്ട്രജൻ, പ്രോജസ്റ്റീറോൺ ഹോർമോണുകളുടെ കുറവാണ് വിഷാദത്തിലേക്ക് നയിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ കുറവും അമ്മമാരെ ഈ അവസ്ഥയിലേക്ക് നയിക്കുന്നു. ക്ഷീണവും അലസതയും വിഷാദവും ഇത്തരക്കാരിൽ കാണപ്പെടുന്നു. ഇത്തരം ലക്ഷണങ്ങൾ പ്രസവത്തിനുശേഷം കണ്ടാൽ വീട്ടുകാർ ഡോക്ടർമാരുമായി ഇക്കാര്യം പങ്കുവയ്ക്കണം. രക്ത പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനാകും. സാധാരണ, പ്രസവം കഴിഞ്ഞ് ആദ്യത്തെ ആഴ്ചകളിൽ തന്നെ ഹോർമോൺ വ്യതിയാനം അമ്മമാരുടെ മൂഡിനെ (മാനസികനില) ബാധിച്ചു തുടങ്ങാറുണ്ട്. ഇത് മാസങ്ങൾ നിലനിൽക്കാം.
അമ്മമാരിലെ വിഷാദത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രസവത്തിനുശേഷം വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉടലെടുക്കാറുണ്ട്. പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പലർക്കും കാണപ്പെടാറുണ്ട്. പ്രസവത്തിനുശേഷം ആറാഴ്ചവരെ ഹോർമോൺ വ്യതിയാനം മൂലം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അതിലും നീണ്ടുനിൽക്കുന്ന പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ തേടണം. ഗർഭാവസ്ഥയിലുള്ള പരിചരണം പോലെ പ്രധാനമാണ് പ്രസവത്തിനുശേഷമുള്ള ആരോഗ്യ പരിശോധനകൾ. 2015ൽ ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആന്റ് മെറ്റാബോളിസത്തിൽ വന്ന പഠന റിപ്പോർട്ട് 40 ലക്ഷം സ്ത്രീകൾക്ക് ഗസ്‌റ്റേഷനൽ ഡയബറ്റിക്‌സ് ബാധിച്ചെന്ന് കണ്ടെത്തുകയുണ്ടായി.
പ്രസവത്തിനുശേഷമുള്ള വിഷാദമാണ് ഇവിടെ പ്രതിപാദിച്ചതുപോലെ അപകടകരം. പ്രസവം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ ഇത് കണ്ടെത്താറുണ്ട്. ചിലരിൽ വർഷങ്ങൾ നീണ്ടുനിൽക്കും. പഠനങ്ങളനുസരിച്ച് ദക്ഷിണേഷ്യയിൽ 19.8 ശതമാനത്തിനും തെക്കേ അമേരിക്കയിൽ 21.7 ശതമാനത്തിനും കിഴക്കൻ ഏഷ്യയിൽ 17.4 ശതമാനത്തിനും വടക്കൻ യൂറോപ്പിൽ 13.8 ശതമാനത്തിനും വിഷാദരോഗം ബാധിച്ചതായി ഈ മാസം 15 ന് പുറത്തുവന്ന ബി.എം.സി സൈക്യാട്രി ജേണലിലെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊവിഡിനുശേഷം പ്രസവിച്ച അമ്മമാരിലെ വിഷാദമാണ് ഈ പഠനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയത്.
യുവതികളിൽ രോഗം കൂടിവരുന്നതായി പഠനത്തിൽ കണ്ടെത്തി. ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ ബ്രസീലിയൻ സ്ത്രീകളിലാണ് രോഗം കൂടുന്നത്. കുറഞ്ഞ സാമൂഹിക പിന്തുണയും ഗർഭിണികൾക്കും അമ്മമാർക്കും രോഗം കൂടാനുള്ള കാരണമായി പഠനം നിരീക്ഷിക്കുന്നുണ്ട്. പ്രൊഫഷനൽ സ്‌ക്രീനിങ് വഴി സമൂഹത്തിലെ വിഷാദ രോഗികളായ അമ്മമാരെ കണ്ടെത്തി രോഗവിമുക്തിക്ക് വേണ്ട സഹായം നൽകണമെന്നാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."