മിഹ്‌റജാനുൽ ബിദായ 2022; വിദ്യനുകരാം, വിജയംനേടാം
നമ്മുടെ മദ്‌റസകൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. മതബോധവും ധാർമിക ചിന്തയുമുള്ള, സമൂഹത്തിനും രാഷ്ട്രത്തിനും ശക്തിപകരുന്ന, സമൂഹസൃഷ്ടിപ്പിൽ ശ്രദ്ധേയ ഭാഗധേയം വഹിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴിലുള്ള മദ്‌റസകളിൽ ഇത്തവണയും പതിനായിരക്കണക്കിനു വിദ്യാർഥികൾ വിദ്യാരംഭം കുറിക്കും.
കേരളീയ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന വർത്തമാന ചൈതന്യത്തിന്റെയും ഉയർന്ന രീതിയിലുള്ള മതകീയ പ്രബുദ്ധതയുടെയും അടിക്കല്ലുകളാണ് മദ്‌റസകൾ എന്നത് അവിതർക്കമാണ്. മറ്റേതൊരു ദേശത്തും മലയാളക്കരയിലേതു പോലെ സാർവത്രികവും ക്രിയാത്മകവുമായ മദ്‌റസാ സംവിധാനം കണ്ടെത്തുക സാധ്യമല്ല. അറിവും സംസ്‌കാരവും സാമൂഹികബോധവുമുള്ള പൗരരെ രാജ്യവ്യാപകമായി വളർത്തിയെടുക്കാനുള്ള തീവ്രശ്രമങ്ങളാണിപ്പോൾ ഈ വിദ്യാലയങ്ങളിലൂടെ സമസ്ത ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെയും പൂർവ വിദ്യാർഥി സംഘടന ഹാദിയയുടെയും മറ്റു സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കീഴിൽ കേരളത്തിനുപുറത്ത് നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സമസ്തയുടെ ഈ ശ്രമങ്ങൾക്ക് ശക്തിപകർന്നുകൊണ്ടിരിക്കുന്നു.
ഇസ്‌ലാമിക ദൃഷ്ട്യാ ഏറെ പവിത്രമായ ഒരു ആരാധനയാണ് ജ്ഞാനാഭ്യാസം. വിദ്യ നേടുക എന്നത് ഓരോ മുസ്‌ലിമിന്റെയും നിർബന്ധ ബാധ്യത കൂടിയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. വിശുദ്ധ ദീനിന്റെ ആത്മാവായി അറിവിനെയും അറിവന്വേഷണത്തെയും ഇസ്‌ലാം പരിചയപ്പെടുത്തി. എന്റെ സമുദായത്തിലെ ഏറ്റവും താഴെ തട്ടിലുള്ള വ്യക്തിയുടെയും എന്റെയും ഇടയിലുള്ള അന്തരം പോലെയാണ് അറിവില്ലാത്തവന്റെയും പാണ്ഡിത്യമുള്ളവന്റെയും ഇടയിലുള്ള അന്തരമെന്നാണ് പ്രവാചകാധ്യാപനം. ഓരോ സമൂഹവും നശിച്ച് തുടങ്ങുമ്പോൾ അവരെ സംസ്‌കരിച്ചെടുക്കാൻ അല്ലാഹു പ്രവാചകന്മാരെ അയക്കാറുണ്ട്. സാമൂഹിക പദവിയോ, സാമ്പത്തിക സുസ്ഥിരതയോ, ജനങ്ങളെ കൈയിലെടുക്കാനുള്ള കാന്തിക ശക്തിയോ ആയിരുന്നില്ല അവരുടെ സുപ്രധാന ആയുധങ്ങൾ. മറിച്ച് വിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നത് പോലെ ദൈവിക വിജ്ഞാനത്തിന്റെ അപാരമായ സമ്പത്തായിരുന്നു സ്വന്തം സമൂഹത്തെസംസ്‌കരിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകരുടെ പ്രധാന ആയുധം. പ്രവാചകരുടെ അനന്തരാവകാശികളാണ് മതപണ്ഡിതർ. ജ്ഞാനപ്രസരണമാണ് അവരുടെ പ്രധാന ദൗത്യം. ആ ഉദാത്ത ദൗത്യമാണിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്കുകീഴിൽ നടന്നുകൊണ്ടിരിക്കുന്നത്.
1950 കൾക്ക് ശേഷമാണ് വ്യവസ്ഥാപിത രീതിയിലുള്ള മദ്‌റസാ സംവിധാനം കേരളക്കരയിൽ രൂപംകൊണ്ടത്. മലപ്പുറം ജില്ലയിലെ വാളക്കുളം ജുമാ മസ്ജിദിൽ 1951-ൽ നടന്ന വിദ്യാഭ്യാസ ബോർഡിന്റെ പ്രതിനിധി യോഗത്തിലാണ് പിൽക്കാല കേരളത്തിന്റെ മതകീയ ജീവിതം നിർണയിച്ചെടുത്ത മദ്‌റസാ പ്രസ്ഥാനത്തിന്റെ പിറവി സംഭവിക്കുന്നത്. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ നിർദേശ പ്രകാരം വ്യവസ്ഥാപിത രീതിയിൽ മദ്‌റസകൾ ആരംഭിക്കാൻ നേരത്തേത്തന്നെ ധാരണയിലെത്തിയിരുന്നുവെങ്കിലും മദ്‌റസകൾ സാർവത്രികമായി സ്ഥാപിക്കാനും അവ ഏകീകരിക്കാനും പാഠപുസ്തകങ്ങളും പരീക്ഷാ സമ്പ്രദായവും ഏർപ്പെടുത്താനുമെല്ലാം പ്രസ്തുത യോഗത്തിലാണ് തീരുമാനമുണ്ടാകുന്നത്. പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, മൗലാനാ അബ്ദുൽ ബാരി മുസ്‌ലിയാർ, കെ.പി ഉസ്മാൻ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങളെല്ലാം ശരവേഗത്തിൽ നടക്കുകയും വിദ്യാഭ്യാസ ബോർഡിന്റെ ആദ്യ മദ്‌റസയായി വാളക്കുളം ബയാനുൽ ഇസ്‌ലാമിന് അംഗീകാരം നൽകുകയും ചെയ്തു. ആദ്യവട്ടത്തിൽ പത്ത് മദ്‌റസകൾക്ക് അംഗീകാരം നൽകി പ്രവർത്തനമാരംഭിച്ച വിദ്യാഭ്യാസ ബോർഡിനു കീഴിൽ നിലവിൽ 10,462 മദ്‌റസകൾ കേരളത്തിനകത്തും പുറത്തും വിവിധ രാഷ്ട്രങ്ങളിലുമായി പ്രവർത്തിക്കുന്നു.
ഏഴു പതിറ്റാണ്ടിലധികം കാലത്തെ സുദീർഘ പ്രവർത്തനങ്ങളുടെ ഫലമായി തലയുയർത്തി നിൽക്കുന്ന പ്രാഥമിക മതപഠന കേന്ദ്രങ്ങളായ മദ്‌റസകൾ മുസ്‌ലിം കേരളത്തിന്റെ അവിഭാജ്യ ഘടകമാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. മുസ്‌ലിം കേരളത്തിന്റെ വർത്തമാന-ഭാവിയെ കുറിച്ചുള്ള മുഴുവൻ ചിന്തകളും മദ്‌റസകളിൽ നിന്ന് പ്രയാണമാരംഭിക്കുന്നതിനാൽ തന്നെ മദ്‌റസകൾക്ക് സംഭവിക്കുന്ന മുഴുവൻ ഗതിമാറ്റങ്ങളും സമുദായത്തിന്റേത് കൂടിയാണ്. വിദ്യാഭ്യാസ രംഗത്തെ നൂതന സംവിധാനങ്ങളും പാഠ്യ-പാഠ്യേതര സമ്പ്രദായങ്ങളും നമ്മുടെ മദ്‌റസകളിൽ സമയോചിതമായി തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. പാരമ്പര്യ തനിമ ചോരാതെ തന്നെ കരിക്കുലം രംഗത്തെ മാറ്റങ്ങൾ അധ്യാപന ശൈലിയിലും ക്ലാസ് റൂമുകളിലും നടപ്പാക്കാനുള്ള പദ്ധതികളും സമയാസമയം ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു.
മദ്‌റസാ പ്രസ്ഥാനങ്ങൾക്കെതിരേയുള്ള ആസൂത്രിത നീക്കങ്ങളും അസത്യംനിറഞ്ഞ വിമർശനങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമാണിത്. കാലങ്ങളായുള്ള ഇസ്‌ലാം വിരോധം മാത്രമാണ് ഇത്തരം നിർഥകമായ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും പിന്നിലെ ഹേതുകം. മതവിരോധവും രാഷ്ട്ര വിരുദ്ധതയും പഠിപ്പിക്കുന്നത് മദ്‌റസകൾ വഴിയാണെന്ന കല്ലുവച്ച നുണകൾ പ്രചരിപ്പിക്കുന്നവർ വരെയുണ്ട്. കേവലം മതവിദ്യാഭ്യാസം പകർന്നുനൽകുക എന്നതിനപ്പുറം ധാർമികമായി ഉന്നത മൂല്യമുള്ള പൗരരെ ഉത്പാദിപ്പിക്കുക എന്നത് കൂടി മദ്‌റസാ സംവിധാനം ലക്ഷ്യമാക്കുന്നുണ്ട്. സംസ്‌കാര സമ്പന്നരായ തലമുറ വളർന്നുവരണമെങ്കിൽ അവർക്ക് മതചിന്തയും ധാർമിക ബോധവും ശരിയായ മാനവികതയും പകർന്നുനൽകണം. കേവല ഭൗതിക താത്പര്യങ്ങളും ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള വിദ്യാഭ്യാസം പ്രതികൂല സാഹചര്യങ്ങളിലേക്കായിരിക്കും വഴിനടത്തുക. അച്ചടക്കം, അനുസരണ, ലക്ഷ്യബോധം, ധാർമിക ചിന്ത തുടങ്ങിയവ അഭ്യസിക്കണമെങ്കിൽ മദ്‌റസാ പഠനം മക്കൾക്ക് ലഭിക്കേണ്ടതുണ്ട്. സ്‌കൂൾ പഠനത്തിനു പ്രാമുഖ്യവും മതപഠനത്തിനു നാമമാത്ര പ്രാതിനിധ്യവുമാണെങ്കിൽ നമ്മുടെ കുടുംബത്തിലും തലമുറയിലും ഇസ്‌ലാമിക വ്യക്തിത്വനിർമിതി സാധിച്ചെടുക്കുക എന്നത് അസാധ്യമായിരിക്കും.
കൊവിഡ് പ്രതിസന്ധി എല്ലാ മേഖലയിലേതെന്ന പോലെ നമ്മുടെ മദ്‌റസാ സംവിധാനങ്ങളെയും വിദ്യാർഥികളുടെ പഠന രീതികളെയും അനൽപമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ, ഏതു സാഹചര്യങ്ങളെയും അതിജീവിക്കാൻ വിശ്വാസി ബാധ്യസ്ഥനായതിനാൽ, മദ്‌റസാ രംഗത്തും സജീവതയും ക്രിയാത്മകതയും സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും നാട്ടുകാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാർഥികളുടെ അലസതയും മതപഠനത്തോടുള്ള വിരക്തിയും ഇല്ലാതാക്കാനുള്ള പദ്ധതികളും ആസൂത്രണങ്ങളും ആലോചിക്കുകയും വേണം.
വിദ്യാർഥികളുടെ മദ്‌റസാ പ്രവേശനാരംഭത്തോടനുബന്ധിച്ച് 'വിദ്യനുകരാം, വിജയംനേടാം' എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മദ്‌റസകൾ കേന്ദ്രീകരിച്ച് 'മിഹ്‌റജാനുൽ ബിദായ' എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പുതുപ്പറമ്പിലുള്ള സമസ്തയുടെ പ്രഥമ അംഗീകൃത മദ്‌റസയായ ബയാനുൽ ഇസ്‌ലാമിൽ നടക്കുകയാണ്. മതവൈജ്ഞാനിക വിദ്യാഭ്യാസ മേഖലയിൽ ദിശനിർണയിക്കുന്ന സംവിധനമാകാൻ എക്കാലത്തും നമ്മുടെ മദ്‌റസകൾക്ക് സാധിക്കട്ടെയെന്ന് പ്രാർഥിക്കാം.
(സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."