HOME
DETAILS

പിഴയ്ക്കാത്ത 'ജോർജിയൻ' ലക്ഷ്യം

  
backup
May 07 2022 | 18:05 PM

45245936-252-10

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

പി.സി ജോർജ് ഒരു വിടുവായനാണെന്നു ധരിച്ചുവച്ച ധാരാളമാളുകളുണ്ട് കേരളത്തിൽ. ജോർജിന്റെ പ്രസ്താവനകൾ വിവാദമാകുന്ന ഘട്ടങ്ങളിലെല്ലാം പലരും അതു പറയാറുമുണ്ട്. കാര്യങ്ങളെ ഉപരിതലത്തിൽ മാത്രം കണ്ടു ശീലിച്ചവർ അങ്ങനെ കരുതുന്നതിൽ ഒട്ടുമില്ല അത്ഭുതം. എന്നാൽ കിറുകൃത്യമായ ലക്ഷ്യങ്ങളോടെ സംസാരിക്കുകയും ഓരോ ഘട്ടത്തിലും എടുക്കുന്ന നിലപാടുകളോട് സത്യസന്ധത പുലർത്തുകയും ചെയ്യുന്ന മികച്ചൊരു രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്ന് കേരള ചരിത്രം സാക്ഷിപറയും.
വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലംകൈയായിരുന്ന ജോർജ് നടത്തിയ ഇടപെടലുകൾ ഓർക്കുന്നു. അന്ന് ഇടതുമുന്നണിയുടെ ഭാഗമായിരുന്ന അദ്ദേഹം അനൗദ്യോഗിക പ്രതിപക്ഷ ഉപനേതാവിന്റെ റോളാണ് നിർവഹിച്ചത്. അഴിമതികളുടെ രേഖകൾ കഷ്ടപ്പെട്ട് സംഘടിപ്പിച്ച് ജോർജ് നടത്തിയ പത്രസമ്മേളനങ്ങൾ അന്നത്തെ യു.ഡി.എഫ് സർക്കാരിനുണ്ടാക്കിയ തലവേദന ചെറുതല്ല. വനം കൈയേറ്റങ്ങളും മറ്റും കണ്ടെത്താൻ വി.എസിനൊപ്പം ജോർജ് നടത്തിയ കാടുകയറ്റങ്ങൾ സി.പി.എം എം.എൽ.എമാരേക്കാൾ മികച്ച ഇടതുപക്ഷക്കാരൻ എന്ന ഇമേജ് അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്തു.


ജോർജിന്റെ പോരാട്ടങ്ങളുടെ കൂടി ഫലമായി വി.എസിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം മന്ത്രിയാകുമെന്ന് പലരും കരുതിയതാണ്. വി.എസ് അത് ആഗ്രഹിച്ചതുമാണ്. എന്നാൽ വി.എസുമായുള്ള ചങ്ങാത്തം സി.പി.എമ്മിലെ ഔദ്യോഗിക പക്ഷം എന്ന് വിശേഷിപ്പിക്കപ്പെട്ട പിണറായി പക്ഷത്ത് സൃഷ്ടിച്ച അതൃപ്തി ജോർജിന് വിനയായതിനാൽ അതു നടന്നില്ല. അതിന്റെ വേദന ഉള്ളിലൊതുക്കിക്കൊണ്ടുതന്നെ ജോർജ് നാലു വർഷത്തോളം ഇടതു സർക്കാരിനുവേണ്ടി നിയമസഭയിൽ ഘോരഘോരം വാദിച്ചു.


എന്നാൽ രാഷ്ട്രീയം പുണ്യം ലക്ഷ്യംവച്ചുള്ള പ്രവർത്തനമൊന്നുമല്ലല്ലോ. വി.എസ് സർക്കാരിന്റെ അവസാനകാലത്ത് ക്രൈസ്തവ സഭകളുടെ കാർമികത്വത്തിൽ കേരള കോൺഗ്രസുകൾ ഒന്നിച്ചപ്പോൾ ജോർജ് അതിനൊപ്പം കൂടി. അവിടെയും കണ്ടു ജോർജിന്റെ ആത്മാർഥത. അതുവരെ കടുത്ത വിരോധത്തോടെ 'പാലാ മെമ്പർ' എന്നു മാത്രം വിളിച്ചിരുന്ന കെ.എം മാണിയുടെ വിശ്വസ്ത സഹചാരിയാവാൻ ജോർജിന് ഒട്ടും മടിയുണ്ടായില്ല.


എത്ര സ്ഥാനങ്ങൾ കിട്ടിയാലും മതിയാകാത്ത പാർട്ടിയാണല്ലോ കേരള കോൺഗ്രസ്. അതിന്റെ ജനിതക സ്വഭാവം അങ്ങനെയാണ്. അതുകൊണ്ട് പിന്നീട് യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോഴും ജോർജ് മന്ത്രിയായില്ല. കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എങ്കിലും യു.ഡി.എഫിന്റെ മുന്നണിപ്പോരാളിയാളിയാവാൻ അദ്ദേഹം ഒട്ടും മടിച്ചില്ല. രണ്ട് എം.എൽ.എമാരുടെ മാത്രം ഭൂരിപക്ഷത്തിൽ തൂങ്ങിനിന്ന ഉമ്മൻ ചാണ്ടി സർക്കാരിന് കൂടുതൽ ബലം പകരാൻ സി.പി.എം എം.എൽ.എയായിരുന്ന സെൽവരാജിനെ രാജിവപ്പിച്ച് മറുകണ്ടം ചാടിച്ചത് ജോർജിന്റെ മിടുക്കനായിരുന്നു. എന്നിട്ടും ജോർജിന് മുന്നണിയിൽ പ്രതീക്ഷിച്ച പരിഗണന കിട്ടിയില്ല. ഒടുവിൽ മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്ന മഹാരഹസ്യം പുറത്തുവിട്ട് വലിയ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ചാണ് അദ്ദേഹം മുന്നണിക്ക് പുറത്തുകടന്നത്.
2016ലെ തെരഞ്ഞെടുപ്പ് വന്നപ്പോൾ തീർത്തും രാഷ്ട്രീയ അനാഥാവസ്ഥയിലായിപ്പോയ ജോർജ് അവിടെയും വീണില്ല. പൊതു മുസ്‌ലിം സമൂഹം അകലെ മാറ്റിനിർത്തിയ ചില തീവ്ര ചിന്താഗതിക്കാരായ പലരുമായി ചങ്ങാത്തമുണ്ടാക്കി അദ്ദേഹം പൂഞ്ഞാറിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ചുകയറി. അക്കാലത്ത് അദ്ദേഹം നടത്തിയ ചില പ്രസ്താവനകൾ കടുത്ത വർഗീയവാദികൾ പോലും പറയാൻ മടിക്കുന്നതായിരുന്നു.
വെറുമൊരു എം.എൽ.എ മാത്രമായി കാലാകാലം ഒതുങ്ങിപ്പോകേണ്ടയാളല്ല തന്നെപ്പോലൊരു രാഷ്ട്രീയ പ്രതിഭാശാലിയെന്ന് ജോർജിനു തോന്നിപ്പോയത് സ്വാഭാവികം. എന്നാൽ കേരളത്തിലെ രണ്ടു പ്രബല മുന്നണികൾക്കും തീർത്തും അനഭിമതനായി മാറിക്കഴിഞ്ഞ ജോർജിനു മുന്നിൽ അവശേഷിച്ചത് സംഘ്പരിവാർ പാളയമാണ്. ആ ലക്ഷ്യം മുന്നിൽ കണ്ട് പ്ലേറ്റ് മാറ്റിയ ജോർജ് മുസ്‌ലിം വിരുദ്ധ വർഗീയ പ്രസ്താവനകൾ തുടങ്ങി. എന്നിട്ടും എൻ.ഡി.എയുടെ പിന്തുണ അന്ന് നേടാനായില്ല. അങ്ങനെ ആർക്കും വേണ്ടാതായ അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റു. ഒരബദ്ധം ഏതു ജോർജിനും പറ്റുമല്ലോ.
അതിനു ശേഷം ഒട്ടും ഗതികിട്ടാതെ അലയുന്ന ജോർജിനു മുന്നിൽ കണ്ട കച്ചിത്തുരുമ്പാണ് കേരളത്തിൽ ഒരു മുസ്‌ലിം വിരുദ്ധ ക്രിസ്ത്യൻ വർഗീയപ്പാർട്ടി രൂപീകരിച്ച് അവരെ കൂടെ നിർത്താൻ സംഘ്പരിവാർ നടത്തുന്ന നീക്കം. ഈ സാഹചര്യത്തിലാണ് സംഘ്പരിവാർ ജോർജിനെ ഹിന്ദു മഹാസമ്മേളനത്തിലേക്ക് ക്ഷണിച്ചതും അദ്ദേഹം അവിടെപ്പോയി കടുത്ത ഹിന്ദുത്വ തീവ്രവാദികളെപ്പോലും വെല്ലുന്ന തരത്തിൽ മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയതും.


ജോർജിന്റെ ലക്ഷ്യം പിഴച്ചില്ല. സംസ്ഥാന ഭരണകൂടം അറിഞ്ഞു സഹായിച്ചതോടെ അതു വലിയ വിജയമായി എന്നുതന്നെ പറയാം. ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട ജോർജിനെ ആഘോഷപൂർവമാണ് തലസ്ഥാനത്തേക്ക് കൊണ്ടുപോയത്. സ്വന്തം വാഹനത്തിൽ പൊലിസ് അകമ്പടിയോടെ വഴിനീളെ സംഘ്പരിവാറുകാരുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട്. ഇത്തിരി കടുത്ത വകുപ്പുകൾ ചുമത്തിയെങ്കിലും മജിസ്‌ട്രേറ്റ് മുമ്പാകെ പൊലിസ് നൽകിയ ദുർബലമായ റിമാൻഡ് റിപ്പോർട്ട് ജോർജിന് ഉടൻ ജാമ്യം കിട്ടാൻ കാരണമായെന്ന വാർത്ത പുറത്തുവന്നുകഴിഞ്ഞു.


ഇതോടെ ജോർജിന് ശുക്രദശ ഉദിച്ചെന്നാണ് തോന്നുന്നത്. ഇപ്പോൾ പലയിടങ്ങളിലും ഹിന്ദുത്വ, ക്രൈസ്തവ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ. കേരളത്തിലെ മിശ്രവിവാഹങ്ങളെ ലൗ ജിഹാദ് ആയി ചിത്രീകരിച്ചും മറ്റും സംഘ്പരിവാറും ചില ക്രൈസ്തവ സഭാനേതാക്കളും സൃഷ്ടിച്ചെടുക്കുന്ന മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് ചെറുതെങ്കിലും തരക്കേടില്ലാത്ത സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഈ പശ്ചാത്തലത്തിൽ സംഘ്പരിവാർ ലക്ഷ്യമിടുന്ന ക്രൈസ്തവ വർഗീയ കക്ഷി രൂപംകൊള്ളുകയും അത് എൻ.ഡി.എയുടെ ഭാഗമാവുകയും ആ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലേക്ക് വരികയും ഭരണകൂട സംവിധാനങ്ങളിൽനിന്ന് അല്ലറചില്ലറ സഹായങ്ങൾ തുടർന്നും ലഭിക്കുകയുമൊക്കെ ചെയ്താൽ ജോർജ് ഇനിയും കേരള രാഷ്ട്രീയത്തിൽ കളം നിറഞ്ഞു കളിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  13 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  13 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  13 days ago