ബ്രൂവറി അനുമതി ; ചെന്നിത്തലയുടെ ഹരജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി തള്ളി
തിരുവനന്തപുരം
സംസ്ഥാനത്ത് ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിച്ചതിന് എതിരായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി നിലനിൽക്കില്ലെന്ന സർക്കാർ വാദം തള്ളി കോടതി.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ഗോപകുമാറാണ് വാദം തള്ളിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചത്. ഇന്നലെ ഹരജി പരിഗണിക്കാൻ എടുത്തപ്പോൾ തന്നെ ഹരജി നിലനിൽക്കില്ലെന്നും തള്ളണമെന്നും പ്രോസിക്യൂട്ടർ ഉന്നയിച്ചു. എന്നാൽ ഹരജിയുമായി ബന്ധപ്പെട്ട് മുന്നിൽ വരുന്ന എല്ലാ വിശദാംശങ്ങളും കോടതി പരിശോധിക്കട്ടെ എന്നും അതിനുശേഷം ഇതു സംബന്ധിച്ച് തീരുമാനം കോടതി തന്നെ സ്വകരിച്ചുകൊള്ളാമെന്നും കോടതി പറഞ്ഞു. ആദ്യം കോടതിയുെട അന്വേഷണം നടക്കട്ടെയെന്നും ജഡ്ജി കൂട്ടി ചേർത്തു.അതിനിടെ രമേശ് ചെന്നിത്തല പുതിയ ഹരജി കൂടി കോടതിയിൽ സമർപ്പിച്ചു. ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിച്ചതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിലുള്ള എല്ലാ ഫയലുകളും ഹാജരാക്കാൻ ഉത്തരവിടണം എന്ന് ആവശ്യപ്പെടുന്ന ഹരജികളാണ് സമർപ്പിച്ചത്. ഹരജികൾ ഈ മാസം 21ലേക്ക് പരിഗണിക്കാനായി മാറ്റി.മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഹരജി. നേരത്തെ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഗവർണറെ സമീപിച്ചെങ്കിലും ആരോപണങ്ങളെ തുടർന്ന് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ച ഉത്തരവ് സർക്കാർ പിൻവലിച്ചതിനെ തുടർന്ന് ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."