മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യവേളകൾ സസ്‌പെന്റ് ചെയ്യാൻ സ്പീക്കർക്ക് തിടുക്കം
തിരുവനന്തപുരം : തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയിൽ ഇന്നലേയും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ട സാഹചര്യം ഒഴിവായി. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ ബഹളത്തിലാണ് നിയമസഭ ഇന്നലെ സ്തംഭിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സ്പീക്കർ സഭാനടപടികൾ വേഗത്തിൽ തീർക്കുകയും ഇന്നലത്തേക്ക് പിരിയുകയായിരുന്നു. പത്ത് മിനിറ്റ് മാത്രമാണ് ഇന്ന് സഭ ചേർന്നത്. മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തിയത്. അതേസമയം ബോധപൂർവം ഭരണബെഞ്ച് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാനുള്ള അവസരമുണ്ടാക്കുന്നു എന്നതാണ് വസ്തുത.
പ്രതിപക്ഷം പ്രകോപനമുണ്ടായാൽ പ്രതിഷേധിക്കുകയും അതിന്റെ പേരിൽ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പിരിയുകയൊ സെഷൻ സസ്‌പെന്റ് ചെയ്യുകയോ ചെയ്യുന്ന രീതിയാണ് സ്പീക്കർ സ്വീകരിച്ചുവരുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുന്ന ചോദ്യോത്തരവേള, സബ്മിഷൻ, കാളിംഗ് അറ്റൻഷൻ, അടിയന്തരപ്രമേയം എന്നിവയിലാണ് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുന്ന നിലപാട് സ്പീക്കർ സ്വീകരിക്കുന്നത്. ഇതോടൊപ്പം മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങൾ നക്ഷത്രചിഹ്നം ഇടാത്തതായി മാറ്റിവെക്കുന്ന പതിവും തുടങ്ങിയിട്ടുണ്ട്.
അൺസ്റ്റാർഡ് ചോദ്യമാക്കിയാൽ സഭയിൽ നേരിട്ട് മറുപടി നൽകേണ്ടി വരില്ല. പിന്നീട് രേഖാമൂലം അംഗത്തിന് നൽകിയാൽ മതിയെന്ന സൗകര്യമുണ്ട്. ഒരു കാരണവശാലും നിയമസഭ നടക്കരുതെന്ന വാശിയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് പലപ്പോഴും സ്പീക്കറുടെ നടപടികൾ. മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുന്നതുകൊണ്ടാണ് തുടർച്ചയായി പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തരപ്രമേയങ്ങളെല്ലാം അവതരണാനുമതി നിഷേധിക്കാൻ കാരണമാകുന്നത്. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."