ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ നാടകീയ പൊലിസ് നടപടികൾക്ക് പിന്നാലെ ബി.ജെ.പി നേതാവ് ബാഗയ്‌ക്ക് അറസ്റ്റ് വാറന്റ്
മൊഹാലി
ബി.ജെ.പി നേതാവ് തേജീന്ദർപാൽ സിങ് ബാഗയെ പഞ്ചാബ് പൊലിസ് അറസ്റ്റ് ചെയ്തത് വിവാദമായതിനു പിന്നാലെ അദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മൊഹാലി കോടതി. ഐ.പി.സി 153എ, 505, 505(2), 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബാഗയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ സൈബർ ക്രൈംബ്രാഞ്ചിനോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങൾ ഉൾപ്പെട്ട തികച്ചും നടകീയമായ പൊലിസ് നടപടികൾക്ക് പിന്നാലെയാണ് അറസ്റ്റ് വാറന്റുമായി കോടതിയുടെ രംഗപ്രവേശം. ഇതോടെ തേജീന്ദർ ബാഗയുടെ കേസ് മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.
യുവമോർച്ച ദേശീയ സെക്രട്ടറിയും ബി.ജെ.പി വക്താവുമായ 36കാരനായ ബാഗയെ വെള്ളിയാഴ്ച പുലർച്ചെ ഡൽഹി ജാനക്പുരിയിലെ വീട്ടിൽ വച്ച് പഞ്ചാബ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് മൊഹാലിയിലെ എ.എ.പി നേതാവ് സണ്ണി സിങ് അലുവാലിയയുടെ പരാതിയിലായിരുന്നു പൊലിസ് കേസെടുത്തത്.
തുടർന്ന് പ്രതിയുമായി പഞ്ചാബ് പൊലിസ് പോകുന്നതിനിടെ ഡൽഹി പൊലിസ് പഞ്ചാബ് പൊലിസിനെതിരേ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. ഡൽഹി പൊലിസ് അറിയിച്ചതനുസരിച്ച് ഹരിയാന പൊലിസ് ബാഗയെ മോചിപ്പിച്ച് ഡൽഹി പൊലിസിനു കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."