വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ് ഹോട്ടലില്‍ മറന്നുവച്ചു; 12 കിലോമീറ്റര്‍ ബുള്ളറ്റില്‍ പറന്നെത്തി കുട്ടികള്‍ക്ക് നല്‍കി പൊലിസുകാര്‍
കാസര്‍കോട്: എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ മറന്നുവച്ച ഹാള്‍ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ച് പൊലിസ് ഉദ്യോഗസ്ഥര്‍. 5 വിദ്യാര്‍ഥികളാണ് പൊലിസിന്റെ സഹായത്തില്‍ പരീക്ഷ എഴുതിയത്. ഹോട്ടലില്‍ അഞ്ച് വിദ്യാര്‍ഥികള്‍ മറന്നുവച്ച ഹാള്‍ ടിക്കറ്റുമായി 12 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പൊലിസുകാര്‍ ഹാള്‍ ടിക്കറ്റ് കൈമാറിയത്.
പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളും പയ്യന്നൂര്‍, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹല്‍, കെ.കെ.അന്‍ഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാല്‍ എന്നിവര്‍ എസ്എസ്എല്‍സി രസതന്ത്രം പരീക്ഷ എഴുതാന്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്!ലാമിക് സ്‌കൂളില്‍ എത്തിയപ്പോഴാണ് ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
മാവേലി എക്‌സ്പ്രസിന് കാസര്‍കോട് ഇറങ്ങിയ വിദ്യാര്‍ഥികള്‍ പുതിയ ബസ് സ്റ്റാന്‍ഡിലെത്തി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാല്‍ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തില്‍ ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ 12 കിലോമീറ്റര്‍ പിന്നിട്ട് ചട്ടഞ്ചാല്‍ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള 5 വിദ്യാര്‍ഥികളുടെയും ഹാള്‍ ടിക്കറ്റ് ആ ബാഗിലായിരുന്നു. 9.30നു മുന്‍പ് ഹാള്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ കഴിയില്ല. അപ്പോഴേക്കും സമയം ഒന്‍പത് മണികഴിഞ്ഞിരുന്നു.
പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഓടിയെത്തി വിവരം പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്‍, സി.പി.ഒ ശ്രീജിത്ത് എന്നിവര്‍ വിവരം കണ്‍ട്രോള്‍ റൂമിലേക്കും അവിടെ നിന്ന് സ്‌ട്രൈക്കര്‍ ഫോഴ്‌സിലെ ഓഫീസര്‍ പി.വി നാരായണനും കൈമാറി. തൊട്ടുപിന്നാലെ സ്‌ട്രൈക്കര്‍ ഫോഴ്‌സിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ , മുകേഷ് എന്നിവര്‍ ചട്ടഞ്ചാലിലേക്ക് പായുകയായിരുന്നു. സമയത്തിന്റെ മൂല്യമറിഞ്ഞ് പോലീസ്, വിദ്യാര്‍ഥികള്‍ ചായ കുടിച്ച ഹോട്ടലില്‍ ചെന്ന് ബാഗ് കണ്ടെടുത്തു. കുട്ടികളെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ നിന്ന് പോലീസ് വാഹനത്തില്‍ സ്‌കൂളില്‍ എത്തിക്കുകയും ചെയ്തു. കരച്ചലിന്റെ വക്കോളമെത്തിയ കുട്ടികള്‍ പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. പരീക്ഷ കഴിഞ്ഞതിന് ശേഷം പോലീസ് സ്റ്റേഷനില്‍ എത്തി മധുരപലഹാരം നല്‍കിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികള്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."