ഇടമില്ലാത്തവള്‍
സിന്ദു കൃഷ്ണ
പോകാന്‍
ഒരിടമില്ലാത്തതു കൊണ്ടു മാത്രം
വേരുകള്‍ മുളക്കുന്ന അപൂര്‍വം
ചില കാല്‍പാദങ്ങളുണ്ടെന്നു
നിങ്ങള്‍ക്കറിയാമോ?
എത്രമേല്‍ ശക്തിയില്‍
കുടഞ്ഞെറിയാന്‍ ശ്രമിച്ചാലും
ആവതില്ലാതെ ആഴത്തില്‍
പടരുമ്പോള്‍ പറന്നുയരാന്‍
ചിറകു മുളയ്ക്കാതെ
വേരിറങ്ങിയേടത്തു തന്നെ
തങ്ങുന്ന ചില പാദങ്ങള്‍
നനയുന്ന കവിളോരത്ത്
ഞാനുണ്ടെന്ന
മുറിയാത്തൊറ്റ വാക്കിന്റെ
അരികുപറ്റി
നനഞ്ഞ വരികളില്‍
ഒതുങ്ങിക്കൂടി മാറ്റത്തിന്റെ
കാറ്റു വീശുമെന്നു നിനച്ചു
വര്‍ഷങ്ങള്‍
വാടക കൊടുക്കാതെ
കടംകൊണ്ടവള്‍
കുത്തിനോവിനവസാനം
മുറിവേറ്റൊരിക്കല്‍
മനസു നഷ്ടമായവളുടെ
ചിരിപ്പൂവിതളുകള്‍
കൊഴിഞ്ഞടര്‍ന്നതാരറിയാന്‍!
ശാപവാക്കുകള്‍ കേട്ടുകേട്ടൊടുവില്‍,
ക്ഷമയുടെ അതിര്‍ത്തിയിലെ
കാവല്‍ക്കിളികള്‍ പറന്നുപോയിട്ടും
മനസിനെയുരുക്കി കുടുംബമെന്ന
സങ്കല്‍പ്പത്തിനു വേണ്ടി
സ്വയം ബലികൊടുത്തവള്‍.
പിന്നെയൊരിക്കല്‍ മൗനം
മുറിച്ചുനടത്തിയ പൊട്ടിത്തെറിയില്‍
എല്ലാറ്റിനേയും തകര്‍ത്തു തരിപ്പണമാക്കി
ഒഴുകിയ ചൂടുള്ള ലാവാ പ്രവാഹങ്ങള്‍
പ്രവാഹ ചുഴികളില്‍ എവിടെയോ
നഷ്ടമായ മുറിവേറ്റ ഹൃദയത്തെയിനിയും
കണ്ടെടുക്കാനായിട്ടില്ലത്രേ!
ഇപ്പോളവള്‍ക്കു പേര്
ഹൃദയമില്ലാത്തവളെന്നാകുന്നു
എന്നിട്ടുമവള്‍
മരണമില്ലാത്തവളാകുന്നു
ആത്മാവു നഷ്ടമായിട്ടും
ജീവന്റെ തുടിപ്പുകള്‍
അവളിലിപ്പോഴും
ശേഷിക്കുന്നുണ്ടത്രേ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."