അവസാന സത്യവും<br>അപവാദ ഹൽഖകളും
കെ. അർശദ്
ജമാഅത്തെ ഇസ്‌ലാമിയുടെ നിരന്തര ദുഷ്പ്രചാരണങ്ങള്‍ക്ക് വിധേയനായ മറ്റൊരാളാണ് മാധ്യമപ്രവര്‍ത്തകനും ജമാഅത്തിൻ്റെ സന്തതസഹചാരിയുമായിരുന്ന ഒ. അബ്ദുല്ല. അദ്ദേഹത്തിനു മുന്നില്‍ ജമാഅത്തിന്റെ നുണകളെല്ലാം ചീട്ടുകൊട്ടാരം പോലെ ഇന്നും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. നിരവധി വര്‍ഷങ്ങള്‍ മാധ്യമം ദിനപത്രത്തില്‍ ജോലി ചെയ്ത ഒ. അബ്ദുല്ലയെ എന്തിന് പുറത്താക്കി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇനിയും പറയാന്‍ കഴിഞ്ഞിട്ടില്ല. മറ്റുപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നപ്പോള്‍ അന്ന് പത്രം നടത്തുന്ന ട്രസ്റ്റിന്റെ ചെയര്‍മാന്‍ മാധ്യമത്തില്‍ തന്നെ നിഷേധക്കുറിപ്പ് കൊടുത്തു. അസോസിയേറ്റ് എഡിറ്റര്‍ കൂടിയായിരുന്ന അദ്ദേഹത്തിനെതിരേ ഒരു നടപടിയും ഇല്ലെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഏതാനും മാസത്തിനുശേഷം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. നിഷേധക്കുറിപ്പില്‍ ഇങ്ങനെ കൂടിയുണ്ടായിരുന്നു. വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെട്ട അസോസിയേറ്റ് എഡിറ്റര്‍ ഒ. അബ്ദുല്ല മുമ്പെന്നപോലെ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നു. അദ്ദേഹത്തിന്റെ സേവനത്തിന് കാലാവധിയൊന്നും ട്രസ്റ്റ് നിശ്ചയിച്ചിട്ടില്ല.
ശത്രുക്കളല്ല സ്‌നേഹിതന്‍മാര്‍ എന്ന പുസ്തകത്തില്‍ ഒ. അബ്ദുല്ല പറയുന്നു 'വിശുദ്ധ നുണ എന്നതില്‍ കവിഞ്ഞ ഒരു വിശേഷണവും ഈ നിഷേധം അര്‍ഹിക്കുന്നില്ല'. എന്തായിരുന്നു ഈ ഔദ്യോഗിക നുണപറച്ചലിന്റെ ലക്ഷ്യം എന്നതും വ്യക്തം. ഈ പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം. 'ജമാഅത്ത് നേതൃത്വം പുറമേക്ക് മൗനമായിരുന്നെങ്കിലും അതിന്റെ വിപുലമായ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് എനിക്കെതിരേ നിന്ദ്യമായ ദുഷ്പ്രചാരണങ്ങള്‍ ഇതിനകം വ്യാപകമാക്കി കഴിഞ്ഞിരുന്നു. എന്നെ എതിര്‍ത്ത് പത്രങ്ങളിലും മറ്റും എഴുതിയില്ലെങ്കിലും ഏരിയാ സമിതികള്‍ വഴി എവിടെ ജമാഅത്ത് പ്രവര്‍ത്തകരുണ്ടോ അവിടങ്ങളിലൊക്കെയും എനിക്കെതിരായ നുണക്കഥകള്‍ എത്തിക്കുന്നതില്‍ അവര്‍ അസാധാരണമായ മികവ് പുലര്‍ത്തി. എന്റെ അയല്‍വാസിയായ ഒരു ജമാഅത്ത് പ്രവര്‍ത്തകന്‍ സലാലയില്‍ നിന്ന് വന്നപ്പോള്‍ പറഞ്ഞു. നിങ്ങള്‍ക്കെതിരേ അതിനീചമായ പ്രചാരണങ്ങളാണ് നടക്കുന്നത്. സലാലയില്‍ ഒരു ജമാഅത്തെ പ്രവര്‍ത്തകന്‍ പ്രസംഗമധ്യേ താങ്കളെ ഉദ്ധരിച്ചു. പ്രസംഗം കഴിഞ്ഞപാടെ ശൂറ അയാളെ വിചാരണ ചെയ്തു. മേലില്‍ ഒ. അബ്ദുല്ല എന്ന പേര് പോലും ഉച്ചരിച്ചുപോകരുത്. അന്നേരം ഞാന്‍ അയാളോട് പറഞ്ഞു. അപ്പോള്‍ ഞാന്‍ വെറും പട്ടിയല്ല. പേപ്പട്ടിയാണല്ലെ. സഊദിയിലെ ഓണംകേറാമൂലയായ ഹായിലില്‍ എന്റെ മകന്‍ ഡോ. ഉമര്‍ തസ്‌നീം ചെന്നിറങ്ങിയ ഉടനെ അവനെ ജമാഅത്ത് നേതാക്കള്‍ സമീപിച്ചു പറഞ്ഞു. താങ്കള്‍ ജമാഅത്ത് പ്രവര്‍ത്തനവുമായി സഹകരിക്കണം. അവരോട് തസ്‌നീം പറഞ്ഞു. ഞാനും എന്റെ പിതാവും എല്ലാവരും ജമാഅത്തിലേക്ക് പെറ്റു വീണതാണ്. ഞങ്ങളുടേത് ജമാഅത്ത് കുടുംബമാണ്. പക്ഷെ അകാരണമായി നിങ്ങള്‍ ബാപ്പയെ മാധ്യമത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. ഇത് എന്തിനായിരുന്നു എന്ന് വിശദീകരിച്ചാല്‍ ഞാന്‍ ജമാഅത്തുമായി സഹകരിക്കാം. കാരണം എനിക്ക് ജമാഅത്ത് അല്ലാതെ മറ്റൊന്നും അറിഞ്ഞുകൂട. ഉടനെ വന്നു അടുത്ത ചോദ്യം. താങ്കളോടൊപ്പമുള്ളത് താങ്കളുടെ ആദ്യ ഭാര്യയോ, രണ്ടാമത്തേതോ? ഞങ്ങള്‍ക്കെതിരായ ദുഷ്പ്രചാരണത്തിന്റെ ആഴവും പരപ്പും കണ്ട് മകന്‍ ഞെട്ടി. കാരണം ചില ജമാഅത്ത് ശൂറ അംഗങ്ങളെ പോലെ അവന്‍ ഒരു കാലത്തും രണ്ടും മൂന്നും കെട്ടിയിരുന്നില്ല'.
ബാങ്ക് മന്‍സ് ക്ലബിന്റെ യോഗത്തില്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ എറണാകുളത്തെ ഒരു ജമാഅത്ത് പ്രവര്‍ത്തകന്‍ പറഞ്ഞു. താങ്കളോട് ഒരു വിധത്തിലും സഹകരിക്കരുതെന്നും താങ്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ തന്നെ പോകരുതെന്നും ഞങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. നബി തിരുമേനിയുടെ കാലത്ത് തബൂക്ക് യുദ്ധത്തിന് പോകാതെ മടികാണിച്ചവരെ ബഹിഷ്‌കരിച്ചപോലെ താങ്കളെ ബഹിഷ്‌കരിക്കണമെന്നാണ് കഴിഞ്ഞയാഴ്ച്ച വാരാന്തയോഗത്തില്‍ ക്ലാസ് എടുത്തയാള്‍ പറഞ്ഞിരിക്കുന്നത്.
ഒ. അബ്ദുല്ലയെ മാധ്യമത്തില്‍ നിന്നും ഒഴിവാക്കി പ്രബോധനത്തിലും ആരാമത്തിലും നിയമിക്കാന്‍ തീരുമാനിച്ചു എന്ന നുണയാണ് സംഘടന ആദ്യം പറയാന്‍ തീരുമാനിച്ചിരുന്നത്. അബ്ദുല്ല അത് സമ്മതിച്ചില്ല. മരിച്ചുപോയ മുന്‍ അമീറുമാരായ ടി.കെ അബ്ദുല്ല, സിദ്ദീഖ് ഹസന്‍ എന്നിവരുടെ ഗൂഢാലോചനയായിരുന്നു അതിന്റെ കാരണം. ടി.കെയെക്കാള്‍ അബ്ദുല്ല പ്രശസ്തനാകുന്നതിന്റെ അസൂയയും. അബ്ദുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ജമാഅത്ത് വല്ലാതെ വിയര്‍ത്തു. അദ്ദേഹത്തിന്റെ മൂന്നാം പതിപ്പിലെത്തിയ ശത്രുക്കളല്ല സ്‌നേഹിതന്‍മാര്‍ എന്ന പുസ്തകമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ മുഖമൂടി സമൂഹത്തില്‍ പിച്ചിച്ചീന്തുന്നതില്‍ വലിയ പങ്കുവഹിച്ചത്.
എറണാകുളത്തെ മദീനാ മസ്ജിന്റെ മുതവല്ലിയായിരുന്ന പി.കെ ഹാശിം ഹാജി ജമാഅത്തെ ഇസ്‌ലാമിയുടെ അനൗദ്യോഗിക വക്താവായിരുന്നു. പ്ലാസ്റ്റിക് കച്ചവടക്കാരനായിരുന്ന അദ്ദേഹം ഇസ്‌ലാമിക് സെന്ററും മദീനാ മസ്ജിദും സ്വപരിശ്രമത്താല്‍ നിര്‍മിച്ചു. സൂത്രത്തില്‍ ഇസ്‌ലാമിക് സെന്റര്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ കൈക്കലാക്കി. മദീനാ മസ്ജിദ് പിടിച്ചെടുക്കാന്‍ കൈയാങ്കളിയുമായെത്തി. ഹാശിം ഹാജിയേയും മകന്‍ റഹീസിനേയും കൂടെയുള്ളവരേയും അക്രമിച്ച് പരുക്കേല്‍പ്പിച്ച് ജുമുഅ ദിവസം ആശുപത്രിയിലാക്കി. പള്ളി ജമാഅത്തിന്റേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വാധീനം രക്ഷക്കെത്തുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍, കോടതിയിലെത്തിയതോടെ അവരുടെ അവകാശ വാദങ്ങളെല്ലാം പൊളിഞ്ഞു. മദീനാ മസ്ജിദ് ഉണ്ടാക്കിയത് ജമാഅത്ത് ഇസ്‌ലാമിയാണെന്ന കള്ളക്കഥ മാധ്യമത്തിലും പ്രബോധനത്തിലും അന്നത്തെ അമീറിന്റെ രാഷ്ട്രീയ ഉപദേഷ്ടാവും ചോദ്യോത്തരക്കാരനും എഴുതിവിട്ടു. പള്ളി ഓഫിസ് കൈയേറി രേഖകള്‍ മോഷ്ടിച്ചാല്‍ കേസില്‍ ജയിക്കുമെന്നായിരുന്നു അവരുടെ വ്യാമോഹം. പരേതനായ ആലുവ ടി.കെ പ്രബോധനത്തിലെ ആത്മകഥയില്‍ പറയുന്നതാണ് അവസാന സത്യമെന്നും അവര്‍ മനപ്പായസമുണ്ടു. എന്നാല്‍ കേസ് കോടതിയിലെത്തിയതോടെ ജമാഅത്ത്കാരുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റി. അവര്‍ കൊടുത്ത ഏഴ് കേസുകളും ഒറ്റയടിക്ക് തള്ളി കോടതി പള്ളിയുടെ പൂര്‍ണ അധികാരം ഹാശിം ഹാജിക്ക് തന്നെ നല്‍കി. ജമാഅത്തെ ഇസ്‌ലാമിയും അവരുടെ നേതൃത്വവും നടത്തിയ എല്ലാ കള്ളക്കളികളും പൊതുജന മധ്യത്തില്‍ വിചാരണ ചെയ്യപ്പെട്ടു. ഗത്യന്തരമില്ലാതെ അന്നത്തെ അമീര്‍ ആരിഫലി, രേഖ മോഷ്ടിച്ചത് ജമാഅത്തുകാര്‍ തന്നെയാണെന്ന് കോഴിക്കോട്ടെ ഹാജിയുടെ ഫ്‌ളാറ്റിലെത്തി കുറ്റസമ്മതം നടത്തി.
പള്ളി നിര്‍മാണത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ക്കും ഇന്‍കം ടാക്‌സ്‌കാര്‍ക്കും ഊമക്കത്തയച്ച് ഹാജിയെ പൂട്ടാനും അവര്‍ വിഫല ശ്രമം നടത്തി. ഹാജിക്കെതിരേ മകനേയും മരുമകനേയും (അമീര്‍ കെ.സിയുടെ മകന്‍) ഒപ്പം നിര്‍ത്തിയിട്ടും പ്രസ്ഥാനത്തിന് വിജയിക്കാനായില്ല. ഹാശിം ഹാജിക്കെതിരേയും സംഘടിത നുണപ്രചാരണമാണ് ജമാഅത്ത് നടത്തിയിരുന്നത്. അദ്ദേഹം പള്ളിക്ക് പിരിച്ച അഞ്ച് ലക്ഷം രൂപ ചെലവഴിക്കാതെ പ്ലാസ്റ്റിക് കച്ചവടം നടത്തി ലാഭമുണ്ടാക്കുകയാണെന്ന് ജില്ലാ കമ്മിറ്റി തന്നെ പ്രചരിപ്പിച്ചു. ബിസിനസ് എല്ലാം നിര്‍ത്തി കോഴിക്കോട്ട് ഭാര്യയോടും മകളോടുമൊപ്പം കഴിയുകയായിരുന്ന അദ്ദേഹത്തെപ്പറ്റി രണ്ടാം വിവാഹം നടത്തി കോഴിക്കോട്ടേക്ക് മാറിയെന്നും പ്രചരിപ്പിക്കുകയുണ്ടായി. ജമാഅത്തെ ഇസ്ലാമി അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയുടെ മകന്‍ ലത്തീഫാണ് ഹാജിയുടെ മകളെ വിവാഹം ചെയ്തിട്ടുള്ളത്. എന്നിട്ടും പള്ളി പിടിച്ചെടുക്കാന്‍ സംഘടന ആസൂത്രണം ചെയ്ത എല്ലാ നീക്കങ്ങളും പാളുകയായിരുന്നു. ജമാഅത്ത് ഇക്കാര്യത്തില്‍ നടത്തിയ കള്ളക്കളികളെല്ലാം വിശദീകരിക്കുന്ന സമഗ്രമായ രണ്ട് പുസ്തകങ്ങള്‍ ഹാശിം ഹാജിയുടേതായി പുറത്ത് വന്നിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ ജമാഅത്ത് ഇസ്‌ലാമി ആരുടെ സൃഷ്ടി, 2022ല്‍ പുറത്തിറങ്ങിയ ഇബ്ലീസിന്റെ സായൂജ്യം എന്നിവയാണവ. ജമാഅത്തെ ഇസ്‌ലാമിയുടെ കള്ളത്തരങ്ങള്‍ അറിയേണ്ടവര്‍ക്ക് ഈ പുസ്തകങ്ങള്‍ അധിക വായനക്ക് ഉപകരിക്കും.ചന്ദ്രിക പത്രാധിപരായിരുന്ന സി.പി സൈതലവിയുടെ ജമാഅത്തെ ഇസ്‌ലാമി ഒരു കലര്‍പ്പും ചേരാത്ത പരിശുദ്ധ നെയ്യ് എന്ന പുസ്തകം വായിച്ചാല്‍ ആരും ഞെട്ടിപ്പോകും. ഈ പ്രസ്ഥാനം കഴിഞ്ഞ കാലങ്ങളില്‍ മനുഷ്യരോട് ചെയ്ത സകല അപരാധങ്ങളും അക്കമിട്ട് നിരത്തുന്ന പുസ്തകാണിത്. ഹമീദ് വാണിമേല്‍ മുസ്‌ലിം ലീഗിലേക്ക് കൂട് മാറിയപ്പോള്‍ അദ്ദേഹത്തെ കുറിച്ചും ഒരു പാട് അപരാധങ്ങള്‍ ഇവരുടെ പ്രസിദ്ധീകരണങ്ങളും ഹല്‍ഖ യോഗങ്ങളിലൂടെയും പ്രചരിപ്പിക്കുകയുണ്ടായി.
ആദ്യകാല ജമാഅത്ത് നേതാക്കളില്‍ പ്രമുഖനായിരുന്ന മൗലാനാ മന്‍സൂര്‍ നൂഅ്മാനിയുടെ മൗലാന മൗദൂദിയോടൊപ്പം എന്റെ സൗഹൃദം എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം അടുത്ത്തന്നെ പുറത്തിറങ്ങുന്നുണ്ട്. അതിലും നിരവധി വസ്തുതകള്‍ ഉണ്ടാകും. സംഘടന വിടുന്നവരെ സംഘടിത ആക്രമണത്തിലൂടെ നിശബ്ദരാക്കാനാണ് എക്കാലത്തും ഇസ്‌ലാമിന്റെ പേരില്‍ ജമാഅത്ത് ശ്രമിച്ചിട്ടുള്ളത്. ചോദ്യം ചെയ്യുന്നവരെ നേതൃത്വത്തിന് ഇഷ്ടമല്ല. സിദ്ദീഖ് ഹസന്‍ അമീറായ കാലത്ത് ജമാഅത്തില്‍ കൂട്ടപ്പുറത്താക്കല്‍ തന്നെ നടന്നിരുന്നു. ജോലി നഷ്ടപ്പെടുത്തുന്നതും സംരംഭങ്ങള്‍ മുടക്കുന്നതുമെല്ലാം ഇവരുടെ അടവുകളില്‍ ചിലതാണ്. ഇനിയും കൂടുതല്‍ അറിയേണ്ടവര്‍ മുന്‍ ശൂറാ അംഗം ഖാലിദ് മൂസാ നദ്‌വിയോട് അന്വേഷിച്ചാല്‍ മതി. ജമാഅത്തിനെ ഇസ്‌ലാമിക നിലപാടുകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്ന സുന്നീ, സലഫി പണ്ഡിതന്‍മാരെ പറ്റി സഊദി സര്‍ക്കാരിന്റെ ഫണ്ട് വാങ്ങുന്നവര്‍ എന്നാണിവര്‍ ആക്ഷേപിക്കാറ്. ഞങ്ങളെല്ലാത്തവരെല്ലാം മോശക്കാര്‍ എന്ന് വരുത്താനുള്ള ജമാഅത്ത് ശ്രമം പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. രാജാവ് നഗ്‌നനാണെന്ന് അനുയായികള്‍ പറയുന്ന കാലം അതി വിദൂരമല്ല.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."