ചോദ്യം വേണ്ട; പ്രവചനമാവാം
ഡൽഹി നോട്സ്
കെ.എ സലിം
അജ്ഞാനമാകും അന്ധകാരത്തില്‍ അലയുന്ന നേതാവല്ല സ്പീക്കര്‍ സാക്ഷാല്‍ എ.എന്‍ ഷംസീര്‍. ത്രികാലജ്ഞാനിയും പാര്‍ട്ടിയുടെ ത്രിഭുവനമായ തലശ്ശേരിയില്‍ നിന്നുള്ള എം.എല്‍.എയുമാണ്. കൂടാതെ കവടി നിരത്താതെ തന്നെ ജ്യോതിഷ പ്രവചനവും നടത്തും. നരവംശ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരി ആയതിനാല്‍ മനുഷ്യവംശത്തിന്റെ ആവിര്‍ഭാവവികാസ ചരിത്രത്തെക്കുറിച്ച് ആഴത്തിലായിരുന്നു പഠിച്ചത്. മനുഷ്യരാശിയുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ ആവിര്‍ഭാവം മുതല്‍ വിവിധ ചരിത്രഘട്ടങ്ങളിലൂടെയുള്ള വികാസപരിണാമമാണ് നരവംശ ശാസ്ത്രത്തിന്റെ വിഷയമെന്ന ഉള്‍വിളി ഇടയ്‌ക്കൊക്കെ ഉണ്ടാകാറുണ്ട്.
പാര്‍ട്ടിയുടെ നരവംശ ശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തങ്ങളും അധികാര ശ്രേണിയിലെ നരാധിപത്യവും പാരമ്പര്യപൈതൃക പിന്തുടര്‍ച്ചാവകാശങ്ങളും ഷംസീറിനെ കൊണ്ടെത്തിച്ചത് സ്പീക്കര്‍ കസേരയിലാണ്. കോടിയേരി കൊടി നാട്ടിയ തലശ്ശേരിയില്‍ നിന്നും പാര്‍ട്ടിയുടെ കൊടിയും പിടിച്ച് രണ്ടാംതവണയും നിയമസഭയിലെത്തിയ ഷംസീര്‍ കൊതിച്ചത് മന്ത്രിക്കസേരയുടെ പകിട്ടും പത്രാസുമായിരുന്നു. എന്നാല്‍ ആ അപ്പക്കഷണം തിന്നാന്‍ യോഗം കോഴിക്കോട്ടുകാരന്‍ മുഹമ്മദ് റിയാസിനായിരുന്നു. പൊതുമരാമത്തിലും ടൂറിസത്തിലും റിയാസിന്റെ നിഴലും നിലാവുമാണ് റാഡിക്കലായ ചിന്തകളിലേക്ക് ഷംസീറിനെ എത്തിച്ചത്. വത്സലശിഷ്യന്റെ കണ്ണീര്‍ത്തുള്ളികളായിരുന്നു അവസാന നാളുകളിലും കോടിയേരിയുടെയും സങ്കടം. ഒറ്റയ്ക്കിരുന്നു മുഷിഞ്ഞപ്പോഴാണ് ഷംസീര്‍ നിയമസഭയിലും സെല്‍ഫ് ഗോളടിക്കാന്‍ പഠിച്ചത്. അന്നത്തെ സഭാനാഥന്റെ കല്‍പന കേട്ടു മാത്രം നടക്കാനല്ലായിരുന്നു തലശ്ശേരിക്ക് സ്വര്‍ഗം പണിയാനിറങ്ങിയ ഷംസീറിന്റെ മോഹം. തലശ്ശേരിയുടെ തല ഉയര്‍ന്നു നില്‍ക്കണമെങ്കില്‍ തലശ്ശരിക്കും വേണം ഒരു മന്ത്രി. എന്നാല്‍ ഷംസീറിന് ആര് മണികെട്ടുമെന്ന ചിന്തയായിരുന്നു പാര്‍ട്ടിക്ക്. കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയായി ഗോവിന്ദന്‍ മാസ്റ്റര്‍ അവരോധിക്കപ്പെട്ടപ്പോള്‍ മാഷിന്റെ മന്ത്രിക്കസേര സ്വപ്നത്തിലും ജാഗ്രത്തിലുമൊക്കെ ഷംസീര്‍ എം.എല്‍.എയെ സദാ ഉള്‍പ്പുളകിതനാക്കി.
അതിനിടെ എം.ബി രാജേഷ് ആ കസേരയില്‍ കയറിയിരിക്കുമെന്നും താന്‍ സഭാനാഥനാകുമെന്നും പാവം ഷംസീര്‍ സ്വപ്‌നേപി വിചാരിച്ചു കാണില്ല.
ഷംസീര്‍ സ്പീക്കറോ..? എന്ന് ആശ്ചര്യം കൂറിയവരെ നോക്കി ഷംസീര്‍ ചിരിച്ചപ്പോഴും ഇക്കാര്യത്തില്‍ പാര്‍ട്ടിയെ ചിന്തിപ്പിച്ചതിലായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും. പ്രതിപക്ഷത്തെ മാത്രമല്ല ഭരണപക്ഷത്തെ പോലും തട്ടാനും കൊട്ടാനും വി.എം സുധീരന് ശേഷം ഷംസീറിന് വേണ്ടി സഭയ്ക്ക് നീണ്ടകാലം കാത്തിരിക്കേണ്ടി വന്നു. വക്കത്തിന്റെ ഗാംഭീര്യവും സുധീരന്റെ നിഷ്പക്ഷതയും ഷംസീറില്‍ മിന്നിമായുന്നത് കണ്ടപ്പോള്‍ പ്രതിരോധത്തിലായത് പാര്‍ട്ടിയായിരുന്നു.
മുന്‍ സ്പീക്കര്‍ മന്ത്രി എം.ബി രാജേഷിന്റെ പ്രസംഗം നീണ്ടപ്പോള്‍ ചുരുക്കാന്‍ സ്പീക്കറുടെ കര്‍ശന ഇടപെടലിന് പിന്നില്‍ ചരിത്രത്തിനും പറയാനുണ്ടായിരുന്നു, മാസ്‌ക് മുതലുള്ള കഥകള്‍. സര്‍വകലാശാലാ ബില്‍ ചര്‍ച്ചയ്ക്കിടെ കെ.ടി ജലീലിന്റെ പ്രസംഗം നീണ്ടപ്പോള്‍ മൈക്ക് ഓഫ് ചെയ്തായിരുന്നു സ്പീക്കര്‍ ഞെട്ടിച്ചത്. നിയമസഭയില്‍ സത്യഗ്രഹമിരുന്ന പ്രതിപക്ഷ എം.എല്‍.എമാരെ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം സമയം ചെലവിട്ട സ്പീക്കറെ കണ്ടപ്പോള്‍ പാര്‍ട്ടിയുടെ നെറ്റിയാണ് ചുളിഞ്ഞത്.
പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വച്ചപ്പോള്‍ ''ഭരണപക്ഷം മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ നെറ്റി വീണ്ടും ചുളിഞ്ഞു. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ വെള്ളക്കരം കൂട്ടി ഉത്തരവിറക്കിയതിന് മന്ത്രി റോഷി അഗസ്റ്റിനെതിരേ റൂളിങ് നടത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ ഇടനെഞ്ചും തേങ്ങി. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ മാത്യു കുഴല്‍നാടന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെ സ്പീക്കറെ നോക്കി ''അങ്ങ് ഇതൊന്നും കേള്‍ക്കുന്നില്ലേ?'' എന്ന് രണ്ട് തവണ മുഖ്യമന്ത്രി പറഞ്ഞപ്പോഴും പതറാത്ത ഷംസീര്‍ പാര്‍ട്ടിക്ക് പുറത്ത് വാഴ്ത്തപ്പെട്ടവനായപ്പോള്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിനെതിരേ വെറുക്കപ്പെട്ടവരുടെ നിരയും നീണ്ടു. പരുന്തും പറക്കാത്ത പാര്‍ട്ടിക്ക് മേല്‍ സ്പീക്കര്‍ പറന്നാല്‍ അത് വ്യക്തിപൂജയാകുമെന്നായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷണശാസ്ത്രം.
വി.എസും പി.ജെയും കെ.കെ ശൈലജയും കവിശ്രേഷ്ഠന്‍ ജി. സുധാകരനും വരെ സ്പീക്കറെ നോക്കി അര്‍ഥം വച്ച് ചിരിക്കുന്നതായി തോന്നി. ഒടുവില്‍ വൈകിട്ടു വരെ വെള്ളംകോരിയ കുടം സ്പീക്കര്‍ ഉടച്ചെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടുപിടിത്തം. മുഖ്യമന്ത്രിയുടെ ശാസനയോടെയാണ്, മാത്യു കുഴല്‍നാടന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കിയതും അടിയന്തര പ്രമേയങ്ങള്‍ക്ക് അവതരണാനുമതി നിഷേധിച്ചതെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്തായാലും തനിക്കു ജ്യോതിഷം വഴങ്ങുമെന്നും സഭയില്‍ തന്റെ പ്രവചനം മുഴങ്ങുമെന്നും ഷംസീര്‍ തെളിയിച്ചു. കരിമ്പനയുടെ നാട്ടില്‍ ഷാഫി പറമ്പിലിന്റെ ആരൂഢം മറഞ്ഞതായാണ് സ്പീക്കറുടെ പ്രവചനം. പാലക്കാട്ടുകാര്‍ മാത്രമല്ല കരിമ്പനക്കൂട്ടങ്ങളും ഷാഫി തോല്‍ക്കുമെന്ന് തമ്മില്‍ പറയുന്നതായി സ്പീക്കര്‍ക്ക് തോന്നിയെങ്കില്‍ തെറ്റ് പറയാനൊക്കില്ല. കാരണം നരവംശ ശാസ്ത്രത്തില്‍ നരന്‍ നാടിന് അശുദ്ധമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഷംസീര്‍ പഠിച്ചിട്ടുണ്ട്. മാത്രമല്ല തുച്ചമായ ഭൂരിപക്ഷത്തിന് ജയിച്ച പ്രതിപക്ഷ എം.എല്‍.എമാരുടെ ജാതകദോഷങ്ങളും ഷംസീറിന് കാണാപ്പാഠമാണ്.
റോജി എം. ജോണിനും സനീഷ്‌കുമാറിനുമൊക്ക ഏഴരാണ്ടന്‍ ശനിയുടെ അപഹാരം ഉണ്ടെന്നുവരെ സ്പീക്കര്‍ക്കറിയാം. അടിയന്തര പ്രമേയമൊക്കെ തരാതരം പോലെ കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് കഴിയും. അതിന് വ്യക്തമായി മറുപടി പറയാന്‍ കഴിയുന്ന മന്ത്രിയും ഉണ്ടാകണം. അവതാരകനെ നിഷ്പ്രഭനാക്കുന്ന ഉത്തരമാണ് മന്ത്രിയുടെ തുറുപ്പ് ചീട്ട്. എന്നുവച്ച് പാര്‍ട്ടിയുടെ അടിയന്തരവും സ്പീക്കര്‍ക്ക് നോക്കണം. തലശ്ശേരി കൈവിട്ടാലും പാര്‍ട്ടിയിലെ തലവര മങ്ങാതെയും കാക്കണം. നാനൂറോളം ചോദ്യങ്ങള്‍ ഉത്തരമില്ലാതെ മന്ത്രിമാരെ ഉത്തരംമുട്ടിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന് മാര്‍ക്‌സ് പറഞ്ഞതും ഷംസീര്‍ അറിഞ്ഞിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."