HOME
DETAILS
MAL
ഇടതിലായപ്പോള്‍ കോട്ടയത്ത് മന്ത്രിയില്ലാതെ കേരള കോണ്‍ഗ്രസ് (എം)
backup
May 17 2021 | 17:05 PM
കോട്ടയം: തലമുറമാറ്റത്തിനൊപ്പം മുന്നണിമാറ്റവും സംഭവിച്ച കേരള കോണ്‍ഗ്രസി(എം)ന് ഭരണപക്ഷത്തിരിക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി ശക്തികേന്ദ്രമായ കോട്ടയത്തുനിന്ന് മന്ത്രിയില്ല.
ഭരണപക്ഷത്തായിരുന്ന കാലത്തെല്ലാം മാണി ഗ്രൂപ്പിന് രണ്ടു മന്ത്രിപദവികളും ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രണ്ടു മന്ത്രിസ്ഥാനങ്ങളും ചീഫ് വിപ്പ് പദവിയും ലഭിച്ചു. കെ.എം മാണിയുടെ നിര്യാണത്തിനു പിന്നാലെയുണ്ടായ പിളര്‍പ്പും തലമുറ, മുന്നണി മാറ്റവും പാര്‍ട്ടിക്കു സമ്മാനിച്ചത് നഷ്ടങ്ങള്‍ മാത്രം.
പാലായില്‍ ജോസ് കെ. മാണിയുടെ കനത്ത തോല്‍വി ജന്മനാട്ടില്‍ ഒരു മന്ത്രിയില്ലാത്ത സ്ഥിതിയിലാക്കി. ആഭ്യന്തരം, ധനം, റവന്യൂ ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ഭരിച്ച പാര്‍ട്ടിക്ക് മുന്നണി മാറിയപ്പോള്‍ വകുപ്പുകളുടെ കാര്യത്തിലും ഉറപ്പില്ല. അഞ്ച് എം.എല്‍.എമാരുണ്ടായിട്ടും ഒരു മന്ത്രിയിലും ചീഫ് വിപ്പിലും പ്രാതിനിധ്യം ഒതുങ്ങുന്നു.
ഒരു എം.എല്‍.എ മാത്രമുള്ള പാര്‍ട്ടികള്‍ക്കൊപ്പം മന്ത്രി പരിഗണന കിട്ടിയതിന്റെ അമര്‍ഷം പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുതുടങ്ങി. എല്‍.ഡി.എഫ് നിലപാടില്‍ കോട്ടയത്തെ നേതാക്കളും പ്രവര്‍ത്തകരും അമര്‍ഷത്തിലാണ്. ബാര്‍കോഴ ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍നിന്ന് മാണി രാജിവച്ചതോടെയാണ് പാര്‍ട്ടിക്ക് കോട്ടയത്ത് അവസാനമായി മന്ത്രിയില്ലാതായത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് ഏക മന്ത്രിയായി എത്തുന്ന റോഷി അഗസ്റ്റിന്‍ രാമപുരംകാരനാണെങ്കിലും ഇടുക്കിയുടെ പ്രതിനിധിയാണ്.
എക്കാലത്തും കോട്ടയമായിരുന്നു മാണി ഗ്രൂപ്പിന്റെ അധികാരകേന്ദ്രം. മന്ത്രിയും നിയമസഭാകക്ഷി നേതാവുമായി റോഷി മാറുന്നതോടെ അധികാരകേന്ദ്രത്തിലും മാറ്റം വരികയാണ്. രണ്ടാമന്‍ അധികാരകേന്ദ്രമാകുന്നതാണ് കേരള കോണ്‍ഗ്രസുകളുടെ ഭിന്നിപ്പിന് വഴിയൊരുക്കിയതെന്നത് ചരിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."