HOME
DETAILS
MAL
ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം; എന്ത് നടപടിയെടുത്തെന്ന് വ്യക്തമാക്കണം: ദേശീയ വനിതാകമ്മിഷന്‍
backup
May 17 2021 | 17:05 PM
മലപ്പുറം:മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയ വനിതാ കമ്മിഷന്റെ ഇടപെടല്‍.
സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എന്‍.രാജന്‍ കോബ്രഗഡേക്ക് കത്തയച്ചിരുന്നു. ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അറിയ്ക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് യാതൊരു മറുപടിയും നല്‍കാന്‍ ആരോഗ്യവകുപ്പ് തയാറായില്ല. ഇതേ തുടര്‍ന്ന് ഇന്നലെയാണ് ദേശീയ വനിതാ കമ്മിഷന്‍ വീണ്ടും സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്.
എന്തുകൊണ്ടാണ് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതെന്ന് ചോദിച്ച കമ്മിഷന്‍, ഒരു മാസത്തിനകം സംഭവത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മിഷന്റെ ഇടപെടല്‍. മാധ്യമ പ്രവര്‍ത്തകനായ എന്‍.സി മുഹമ്മദ് ഷെരീഫ് - സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27ന് മരിച്ചത്. സംഭവം നടന്ന് എട്ട് മാസത്തോളം ആയെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ വീണ്ടും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."