ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം ഫലം കണ്ടു; അടുത്ത ഐ.എസ്.എല്ലില്‍ ' വാര്' വരുന്നു
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ.എസ്.എല്‍) ന്റെ അടുത്ത സീസണ് മുതല്‍ വാര്(വീഡിയോ അസിസ്റ്റന്റ് റഫറി)- ലൈറ്റ് സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബേ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ചൗബേ ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്പില്‍ അടക്കം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉപയോഗിക്കുന്ന വാറിനേക്കാള്‍ ചെലവു കുറഞ്ഞ സംവിധാനമാണ് വാര് ലൈറ്റ്. ചെലവ് കുറഞ്ഞ രീതിയില്‍ വാര് നടപ്പിലാക്കുന്ന ബെല്‍ജിയം ഫുട്ബോള്‍ അസോസിയേഷന്റെ സംവിധാനമാണ് ഇന്ത്യയില്‍ ഒരുക്കുന്നത്. കഴിഞ്ഞ മാസം ബെല്‍ജിയം സന്ദര്‍ശന വേളയില്‍ വാര് ലൈറ്റ് സംവിധാനത്തിന്റെ സാധ്യതകള്‍ കല്യാണ്‍ ചൗബേ മനസിലാക്കിയിരുന്നു. ഇതിനായി ബെല്‍ജിയം ഫുട്ബോള്‍ ആസ്ഥാനം അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
റഫറിയിങിലെ പിഴവുകളാണ് വാര് കൊണ്ടുവരാന്‍ കാരണമായിരിക്കുന്നത്. പ്ലേ ഓഫ് എലിമിനേറ്ററില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് എതിരേ ബെംഗളൂരു എഫ് സി യുടെ സുനില്‍ ഛേത്രി, ക്വിക് ഫ്രീ കിക്കിലൂടെ നേടിയ ഗോള്‍ റഫറി അനുവദിച്ചിരുന്നു. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മൈതാനം വിട്ടിരുന്നു. ആ പ്രതിഷേധം കൂടിയാണ് ഇപ്പോള്‍ ഫലം കാണുന്നത്.
ശനിയാഴ്ച നടന്ന ഐഎസ്എല്‍ ഫൈനലിലും റഫറിയിംഗിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ ബഗാന്റെ രണ്ടാം ഗോളിന് കാരണമായ പെനാല്‍റ്റി റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് ബംഗലൂരു എഫ്സി ആരോപിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ഇന്ത്യന്‍ ഫുട്ബോളിലും വാര് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."