മീഡിയ ടവര്‍ ആക്രമണം ഇസ്‌റാഈലിനെ തള്ളി യു.എസ്
വാഷിങ്ടണ്‍: ഗസ്സയില്‍ മീഡിയ ടവര്‍ വ്യോമാക്രമണത്തില്‍ തകര്‍ത്ത ഇസ്‌റാഈല്‍ നടപടിക്കെതിരേ യു.എസ്. മീഡിയ ടവര്‍ പ്രവര്‍ത്തിച്ച ബഹുനിലക്കെട്ടിടത്തില്‍ ഹമാസുമായോ മറ്റോ ബന്ധമുള്ളതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗണില്‍ പറഞ്ഞു.
ഇസ്‌റാഈല്‍ സേന ബോംബിട്ട ഗസ്സയിലെ മറ്റു പ്രദേശങ്ങളെ കുറിച്ചും ഇത്തരത്തില്‍ ആക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോംബാക്രമണത്തില്‍ തകര്‍ന്ന മീഡിയ ടവറില്‍ എ.പി, അല്‍ ജസീറ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെയും പ്രാദേശിക മാധ്യമങ്ങളുടെയും ഓഫിസുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ഹമാസ് സാന്നിധ്യമില്ലായിരുന്നുവെന്നും എന്തിനാണ് ബോംബിട്ടതെന്ന് ഇസ്‌റാഈല്‍ സേന വിശദീകരിക്കണമെന്നും ബ്ലിങ്കണ്‍ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളിലും ഹമാസ് സാന്നിധ്യമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്നും അവിടെയും ആക്രമണം നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്‌റാഈല്‍ അനുകൂല നിലപാടെടുത്ത പ്രസിഡന്റ് ബൈഡന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ നിലപാടില്‍ ഇസ്‌റാഈല്‍ ആശങ്കയിലായി.
സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണത്തിന് പിന്നാലെ ഇസ്‌റാഈല്‍ സൈനിക വക്താവ് പ്രതികരണവുമായി രംഗത്തെത്തി. തങ്ങള്‍ പോരാട്ടത്തിന്റെ മധ്യത്തിലാണെന്നും സമയംലഭിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമാക്കാമെന്നും ഇസ്‌റാഈലി സൈനിക വക്താവ് ലെഫ്. ജനറല്‍ ജൊനാഥന്‍ കോണ്‍റികസ് പറഞ്ഞു.
ഹമാസ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നായിരുന്നു മീഡിയ ടവര്‍ തകര്‍ത്തതെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത് യു.എസ് തള്ളിയതോടെ നെതന്യാഹുവിന്റെ പ്രതികരണം ആവര്‍ത്തിക്കാന്‍ സൈനിക വക്താവും തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."