കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ദമ്പതികളുടെ ഐക്യദാര്‍ഢ്യം
തിരൂര്‍ (മംഗലം): മസ്ജിദുല്‍ അഖ്സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലും ഇസ്രയേല്‍ ആക്രമണം നടത്തിയ ദിവസം
ജനിച്ച കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ദമ്പതികളുടെ ഐക്യദാര്‍ഢ്യം. തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശികളായ വളപ്പില്‍ യൂനുസ് , സുല്‍ഫത്ത് ദമ്പതികളാണ് ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇതേ ദിവസം തങ്ങള്‍ക്ക് ജനിച്ച പെണ്‍കുഞ്ഞിന് അഖ്സ എന്ന് പേര് നല്‍കിയത്. വിശുദ്ധ റമദാനിലെ അവസാനത്തെ വെളളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സുല്‍ഫത്ത് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ ദിവസമായിരുന്നു ഫലസ്തീനികള്‍ക്കു നേരെയുള്ള ആക്രമണത്തിന് ഇസ്രായേല്‍ തുടക്കമിട്ടത്.
അവസാന വെളളി ആയതിനാല്‍ ആയിരക്കണക്കിനു ഫലസ്തീനികളാണ് മസ്ജിദുല്‍ അഖ്സയില്‍ എത്തിയിരുന്നത്. നിരവധി പേര്‍ക്ക് ഇസ്രായേല്‍ ആക്രമണത്തില്‍ പരുക്കേറ്റു.
രാത്രിയിലാണ് യൂനുസ് ഈ വാര്‍ത്തകളറിയുന്നത്. ഫലസ്തീന് ജനതയുടെ വേദനയോര്‍ത്ത് മനസ് അസ്വസ്ഥമായി. ഭാര്യയുമായി വിഷയം പങ്കുവച്ചു. ഒടുവില്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യമായി ലോക ജനത ആദരിക്കുന്ന മസ്ജിദുല്‍ അഖ്സയുടെ പേര് തങ്ങളുടെ കുഞ്ഞിന് നല്കാന് തീരുമാനിക്കുകയായിരുന്നുവെന്ന് യൂനുസ് പറഞ്ഞു. പ്രവാസിയായിരുന്ന യൂനുസ് ഇപ്പോള്‍ നാട്ടില്‍ പാചകത്തൊഴിലാളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."