HOME
DETAILS
MAL
ദേശീയ ആരോഗ്യനയത്തില്‍ മാറ്റമുണ്ടാകണം
backup
May 17 2021 | 18:05 PM
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാവുകയാണ്. ഇത് തടയാനായി അതീവ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാതെ ഓരോ വ്യക്തികളും തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട അത്യാസന്നമായ സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ ഒരുപരിധിവരെ ശരിയാണെന്ന് പറയാന്‍ സാധിക്കും. സര്‍ക്കാര്‍ ആശുപത്രികളെല്ലാം കൊവിഡ് ആശുപത്രികളാക്കി മാറ്റി. കൊവിഡ് ബാധിതന് ഏതു സര്‍ക്കാര്‍ സംവിധാനത്തെയും സമീപിച്ചാല്‍ മതിയായ ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
വിദേശ, ഇതര സംസ്ഥാനത്തുനിന്നു വരുന്നവരെയാണ് ഒന്നാം ഘട്ടത്തില്‍ പ്രധാനമായും കൊവിഡ് ബാധിച്ചിരുന്നത്. അവരെ ക്വാറന്റൈനിലാക്കി പരമാവധി രോഗം തടയാന്‍ സാധിച്ചു. എന്നാല്‍ രണ്ടാം തരംഗം സമൂഹത്തിന്റെ അടിത്തട്ടിലേക്കുവരെ വ്യാപിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടാത്തവരെ ഹോം ക്വാറന്റൈനിലേക്കും കാറ്റഗറി ബി, സിയില്‍ (ഗുരുതര രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നവര്‍) ഉള്‍പ്പെട്ടവരെ ആശുപത്രികളിലേക്കുമാണ് വിടുന്നത്. അതിനാല്‍ ആശുപത്രികള്‍ നിറഞ്ഞുകവിയുന്നില്ല. പക്ഷേ രോഗികളുടെ എണ്ണം പ്രതിദിനം നാല്‍പതിനായിരത്തിലധികമൊക്കെ ഉണ്ടാകുമ്പോള്‍ ഒരാഴ്ചയില്‍ മൂന്നു ലക്ഷത്തോളം രോഗികള്‍ വരും. രോഗികളുടെ ക്രമാതീതമായ ഈ വര്‍ധനവ് ജനങ്ങളില്‍ ആശങ്കയും ഉത്കണ്ഠയും സൃഷ്ടിക്കുന്നു. ഇതിനെ മറികടക്കാന്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി, ഐ.സി.യു ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഒക്‌സിജന്‍ സംവിധാനം തുടങ്ങിയ സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഇപ്പോള്‍ കേരളം നേരിടുന്നില്ല. ആരോഗ്യവകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ള സംഘടനയും ഒരുമിക്കുമ്പോള്‍ ഡോക്ടര്‍മാരെ ലഭ്യമാകാത്ത അവസ്ഥ നിലവിലില്ല. എന്നാല്‍ നേരത്തെ അടച്ചുപൂട്ടിയ ആശുപത്രികള്‍ കൊവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ മെഡിക്കല്‍ ഡോക്ടര്‍മാരും സൂപ്രണ്ടും മാത്രം അവിടെയുണ്ടാകുന്നതില്‍ അര്‍ഥമില്ല. ഫിസിഷ്യന്‍, കെയര്‍ മാനേജര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചുമാത്രമേ സി കാറ്റഗറിയിലുളള രോഗികളെ അവിടെ അഡ്മിറ്റ് ചെയ്യാന്‍ പറ്റൂ. ഇത്തരം സ്ഥാപനങ്ങളിലേക്കാണ് ഇനി ശ്രദ്ധ വേണ്ടത്. ഗുരുതരരോഗികളെ ചികിത്സിക്കുന്നതിനു പ്രാഗത്ഭ്യവും പരിചയവുമുള്ള ഡോക്ടര്‍മാരെയാണ് തേടേണ്ടത്. ഇങ്ങനെയൊക്കെ സംവിധാനിച്ചാല്‍ മരണനിരക്ക് കുറയ്ക്കാനും സാധിക്കും.
ആദ്യഘട്ടത്തിലേതു പോലെയുള്ള ഒരുക്കങ്ങള്‍ രണ്ടാം ഘട്ടത്തിലുണ്ടായില്ല. പനി, ജലദോഷം, തൊണ്ടവേദന, വയറിളക്കം, മണം - രുചിയില്ലായ്മ എന്നിവയായിരുന്നു ലക്ഷണങ്ങളെങ്കില്‍ രണ്ടാം തരംഗത്തില്‍ കൈകാലിലെ തരിപ്പ്, ഉറക്കമില്ലായ്മ, ക്ഷീണം, സോഡിയം കുറയല്‍, വയറിളക്കം ശക്തമാവല്‍ എന്നിവയായി. ഇതിലെ പ്രധാന വ്യത്യാസം രോഗം മൂര്‍ച്ഛിച്ച് രണ്ടാം തരംഗത്തില്‍ ആളുകള്‍ വെന്റിലേറ്ററുകളിലാകുന്നു എന്നതാണ്. വൈറസില്‍ വന്ന ജനിതകമാറ്റമാണ് ഗുരുതര രോഗങ്ങളാണുണ്ടാക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രമേഹം, കരള്‍ രോഗം, വൃക്ക സംബന്ധമായ അസുഖം തുടങ്ങിയവയുള്ളവരിലാണ് രോഗം ബാധിച്ചതെങ്കില്‍ രണ്ടാം വരവില്‍ വാക്‌സിനേഷന്‍ കാരണം പ്രായമായ ആളുകളില്‍ രോഗത്തിന്റെ തീവ്രത കുറഞ്ഞു.
ഓക്‌സിജന്‍ ലഭ്യത; ആശങ്ക
ഒക്‌സിജന്‍ വാര്‍ റൂമുകള്‍ സജ്ജമാക്കിയത് ചികിത്സാ രംഗത്തെ മികച്ച സംവിധാനമാണ്. നിലവില്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ നിശ്ചിത സ്ഥാപനങ്ങളില്‍ മാത്രമാണ് ചികിത്സയുള്ളത്. ഓരോ ആശുപത്രികളിലെയും ഓക്‌സിജന്റെ ഉപയോഗമനുസരിച്ചാണ് സിലിണ്ടറുകള്‍ നല്‍കുന്നത്. എല്ലായ്‌പ്പോഴും നിശ്ചിത അളവില്‍ നല്‍കാതെ മുന്‍കരുതലെടുത്ത് കൂടുതല്‍ എത്തിക്കാന്‍ കഴിയേണ്ടതുണ്ട്. രോഗം പൊടുന്നനെ രൂക്ഷമാകുന്ന അവസ്ഥ മുന്നില്‍ക്കണ്ടുവേണം ഇതു നടപ്പാക്കാന്‍.
വാക്‌സിനേഷന്‍ ജീവന്റെ രക്ഷ
ചികിത്സ, ആരോഗ്യപ്രവര്‍ത്തകര്‍, ഓക്‌സിജന്‍ സംവിധാനം എന്നിവ കൃത്യമായി ലഭ്യമായാല്‍ അടിയന്തരമായി ചെയ്യേണ്ടത് വാക്‌സിനേഷനാണ്. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. എന്തു വിലകൊടുത്തും ഈ വര്‍ഷം ഓഗസ്റ്റ് പകുതിയോടു കൂടി സമ്പൂര്‍ണ വാക്‌സിന്‍ സംസ്ഥാനമായി കേരളം മാറേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് കൊവിഡ് മഹാമാരിക്കെതിരേയുള്ള ഏറ്റവും വലിയ ചെറുത്തുനില്‍പ്പ്. കൊവിഡ് ആദ്യം കണ്ടെത്തിയ ചൈന പോലും പഴയ രീതിയിലേക്ക് മടങ്ങിയതിനു പ്രധാന കാരണം വാക്‌സിന്‍ തന്നെയായിരുന്നു. വൈറസ് ബാധിക്കുന്ന രോഗങ്ങള്‍ക്കു പരിഹാരം വാക്‌സിന്‍ തന്നെയാണ്. ഇന്ത്യ പോലുള്ള ദരിദ്രര്‍ കൂടുതലായും ജീവിക്കുന്ന രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധമായും എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം ജനസാന്ദ്രത കൂടുതലായതുകൊണ്ട് വൈറസ് പടര്‍ന്നുപിടിക്കാന്‍ കൂടുതല്‍ സമയമൊന്നും വേണ്ടതില്ലെന്ന് ഇപ്പോള്‍ തന്നെ തെളിഞ്ഞതാണ്. നിലവില്‍ ഒന്നാം ഡോസ് എടുത്ത 45 വയസിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസിനു സമയമായിട്ടും ലഭ്യമാകുന്നില്ല. കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും ആദ്യ ഡോസെടുത്ത് എട്ടാഴ്ച കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടുന്നില്ല. ഈ സാഹചര്യത്തില്‍ അടിയന്തരപരിഗണന നല്‍കേണ്ടത് 45 വയസിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് എടുക്കാന്‍ സംവിധാനമൊരുക്കുക എന്നതാണ്. ഇതിനായി ഒരു മാര്‍ഗനിര്‍ദേശം സര്‍ക്കാരിനു പുറപ്പെടുവിക്കാവുന്നതാണ്. അതേസമയം, വാക്‌സിനേഷന്‍ സൗകര്യം വ്യാപകമായി സ്വകാര്യ ആശുപത്രികളില്‍ കൂടി ലഭ്യമാക്കേണ്ടതുണ്ട്. (നിലവില്‍ നിശ്ചിത സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ്).
ലോക്ക്ഡൗണും ടെസ്റ്റിങ്ങും
സമ്പര്‍ക്കത്തിലൂടെ മാത്രമല്ല, കൊവിഡ് വായുവിലൂടെയും പകരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിനാല്‍ ലോക്ക്ഡൗണ്‍ കൊണ്ട് ഒരുപരിധിവരെ മാത്രമാണ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയൂ. അടച്ചിടലിന്റെ കാലത്ത് വീട്ടിലും സുരക്ഷിതരല്ലെന്നാണ് ഇതു ഓര്‍മിപ്പിക്കുന്നത്. കഴിഞ്ഞ തവണ ഒരാളെ മാത്രം ക്വാറന്റൈനിലാക്കി രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. ടെസ്റ്റിങ് വ്യാപകമായി നടത്തിയാല്‍ മാത്രമേ കൊവിഡിന്റെ വ്യാപ്തി കുറയുകയുള്ളൂ, രണ്ടാം ലോക്ക്ഡൗണിനു തൊട്ടുമുന്‍പ് ഒന്നര ലക്ഷത്തോളം പേരില്‍ ടെസ്റ്റ് നടത്തിയതില്‍ അന്‍പതിനായിരത്തിനടുത്ത് കൊവിഡ് ബാധിതരുണ്ടായി. എന്നാല്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഒരുലക്ഷത്തിനടുത്ത് മാത്രമാണ് ടെസ്റ്റ് നടത്തിയത്. ലോക്ക്ഡൗണ്‍ ടെസ്റ്റിങ് കുറക്കാനുള്ള മാര്‍ഗമാവരുത്. ടെസ്റ്റിങ് അത്രമേല്‍ വ്യാപകമാക്കിയാല്‍ മാത്രമേ ഇനിയുള്ള ദിനങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. ടെസ്റ്റുകളുടെ എണ്ണത്തിലാണ് ഇതുവരെയുള്ള പ്രതിരോധ നടപടികളില്‍ കേരളം പിന്നോട്ടുപോയത്. രോഗവ്യാപനത്തിന്റെ തുടക്കത്തില്‍തന്നെ സര്‍ക്കാര്‍, ഇതര ലാബുകളില്‍ ആര്‍.ടിപി.സി.ആര്‍, ട്രൂനാറ്റ് ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടിയിരുന്നു. ടെസ്റ്റുകളുടെ ഫലം നേരത്തെ ലഭ്യമാക്കുന്നതിലും നടപടിയെടുക്കേണ്ടതുണ്ട്.
ഗവേഷണവും
പോസ്റ്റ് കൊവിഡ് ചികിത്സയും
മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ പറയുമ്പോള്‍ വൈറസിനു ഇനിയും ജനിതക മാറ്റം വരാമെന്ന ഭീതിയുണ്ട്. ഇതിന്റെ വ്യാപനതോതും രോഗതീവ്രതയും കൂടാന്‍ സാധ്യതയുണ്ട്. വിശാഖപട്ടണത്തില്‍ കണ്ടെത്തിയ കൊറോണ വൈറസിനു കേരളത്തിലെ വൈറസില്‍നിന്നും പതിമൂന്ന് ഇരട്ടിയാണ് തീവ്രത കൂടുതലുള്ളത്. പൊടുന്നനെ രോഗം മൂര്‍ച്ഛിക്കുകയും 72 മണിക്കൂറുകള്‍ക്കുള്ളില്‍ രോഗി മരിക്കുന്ന അവസ്ഥ. വൈറസിലെ ഇത്തരം മാറ്റങ്ങള്‍ കണ്ടെത്തുന്നതിനായി പഠനവും ഗവേഷണവും അനിവാര്യമായിത്തീരുകയാണ്. ഇന്ത്യ ഗവേഷണകാര്യത്തില്‍ വളരെ പിന്നോക്കം പോയിട്ടുണ്ട്. കേരളം കുറച്ചുകൂടി മുന്നോട്ടുവരേണ്ടതുമുണ്ട്. രോഗം ബാധിച്ചവര്‍, മൂര്‍ച്ഛിച്ചവര്‍, പൊടുന്നനെ മരണം സംഭവിച്ചവര്‍ എന്നിവരില്‍നിന്നും രോഗതീവ്രത കൂടിയ പ്രദേശങ്ങള്‍, മരണസംഖ്യ ഉയര്‍ന്ന മേഖലകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നും സാംപിളുകള്‍ ശേഖരിച്ച് എങ്ങനെയാണ് വൈറസിന്റെ ജനിതകമാറ്റം നടക്കുന്നതെന്ന് കണ്ടെത്തി ഗവേഷണം നടത്തേണ്ടതുണ്ട്. എന്നാല്‍ മാത്രമേ വൈറസിന്റെ രൂപമാറ്റം സ്ഥല, കാല സമീപനം എന്നിവ സംബന്ധിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ. നേരത്തെ മറ്റു അസുഖമുള്ളവരില്‍ കൊറോണ വൈറസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നൊക്കെ പഠനം നടത്തിയാല്‍ പ്രതിവിധി കണ്ടെത്തി മരണനിരക്ക് കുറയ്ക്കാന്‍ കഴിയും.
കഴിഞ്ഞ തവണത്തേതിനേക്കാള്‍ അതിഭീകരമായ ഒരവസ്ഥയാണ് ഇത്തവണ കൊവിഡ് സൃഷ്ടിച്ചത്. രോഗമുക്തി നേടിയവരില്‍ പോലും മാനസികമായ ഉത്കണ്ഠയും ഭയവും പിന്തുടരുന്നു. ഇതു പരിഹരിക്കാന്‍ പോസ്റ്റ് കൊവിഡ് ചികിത്സകള്‍ തുടങ്ങേണ്ടത് അത്യാവശ്യമാണ്. കൗണ്‍സലിങ്ങും മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സയും ഇതുവഴി സാധ്യമാക്കണം.
ശ്രദ്ധ വേണ്ടത്
ആരോഗ്യരംഗത്ത് മാത്രമല്ല
കൊവിഡ് ആരോഗ്യരംഗത്തു മാത്രമല്ല, സാമ്പത്തിക രംഗത്തും വലിയ തോതില്‍ പ്രതിസന്ധി തീര്‍ത്തിട്ടുണ്ട്. കൃഷിയെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി എല്ലാ മേഖലകളെയും കൊവിഡ് ബാധിച്ചു. ഒരു കുടുംബത്തിനു ശരാശരി ജീവിക്കാന്‍ മാസത്തില്‍ 7,500 - 10,000 രൂപ വേണമെങ്കില്‍ കൊറോണക്കാലത്ത് അത് ഉറപ്പുവരുത്താന്‍ ഉതകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. കേവലം അരി കൊടുത്തതുകൊണ്ടു മാത്രം ഇനിയും മുന്നോട്ടുപോകല്‍ സാധ്യമല്ല. വ്യക്ത്യാധിഷ്ഠിത തൊഴില്‍ കൊണ്ടും ജീവിതസന്ധാരണം നടക്കില്ല. കൂട്ടായ്മകളുടെ തൊഴില്‍ സംസ്‌കാരം വളര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അപ്പോള്‍ ഉല്‍പാദന മേഖല ഊര്‍ജിതപ്പെടും. അതിനു കോര്‍പറേറ്റുകളെയല്ല, കോ ഓപറേറ്റീവ് സംഘങ്ങളെയാണ് സര്‍ക്കാര്‍ പാകപ്പെടുത്തിയെടുക്കേണ്ടത്. ഉല്‍പാദന മേഖലയിലുള്ള സഹകരണ സംഘങ്ങള്‍ ചെറുകിട, ഇടത്തരം, വന്‍കിട വ്യവസായ രംഗത്തു പിടിയുറപ്പിക്കണം. അങ്ങനെയാണ് ചൈനയും വിയറ്റ്‌നാമും സാമ്പകത്തികരംഗത്ത് സുസ്ഥിരത കൈവരിച്ചത്.
കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ വേണ്ട രീതിയില്‍ ഉത്തേജനമുണ്ടാക്കിയോ എന്നതു സംശയമാണ്. മെഡിക്കല്‍ ഉപകരണ ഉല്‍പാദന മേഖല കാര്യക്ഷമമാക്കേണ്ടതുണ്ട്. പൊതുമേഖലയില്‍ ഇത്തരം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫാര്‍മ പാര്‍ക്കുകള്‍, ബയോ മെഡിക്കല്‍ പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കാം. മരുന്നുല്‍പാദന മേഖലയും ഇതോടൊപ്പം ശക്തിപ്പെടുത്തേണ്ടതുണ്ട്. ബഹുസ്വരതയെ സ്വാംശീകരിക്കുന്ന രാജ്യത്ത് ആരോഗ്യമേഖലയെ ഏകീകരണ സ്വഭാവത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ദേശീയ ആരോഗ്യനയത്തില്‍ കാര്യമായ മാറ്റം വരേണ്ടതുണ്ട്. മരുന്നുകളുടെ ലഭ്യതയില്‍ പൊതു, സ്വകാര്യമേഖല എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാകണം നയം. സര്‍ക്കാരിനു ലഭ്യമാകുന്ന തുകയ്ക്ക് സ്വകാര്യ മേഖലയിലും മരുന്നുകള്‍ വിതരണം ചെയ്യണം. കേരള സ്റ്റേറ്റ് മെഡിക്കല്‍ കോര്‍പറേറ്റ് ലിമിറ്റഡ് വഴി മരുന്നുകള്‍ ഒരുമിച്ച് വാങ്ങി രോഗികളുടെ എണ്ണമനുസരിച്ച് സ്വകാര്യ ആശുപത്രികളില്‍ വിതരണം നടത്താവുന്നതാണ്. ഇതു സ്വകാര്യ മേഖലയിലെ അമിതനിരക്കും ചികിത്സാ നിരക്കും കുറയ്ക്കാന്‍ സാധിക്കും. വര്‍ഷം രണ്ടായിരം പിറക്കുമ്പോള്‍ എല്ലാവര്‍ക്കും ആരോഗ്യമെന്ന 1978ലെ ലോകാരോഗ്യ സംഘടനയുടെ പ്രമേയം നാലു പതിറ്റാണ്ടിപ്പുറവും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ സംവിധാനങ്ങളും സമൂഹമാധ്യമങ്ങള്‍ വഴിയും വളരെയധികം ബോധവല്‍ക്കരണം നടക്കുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി ദയനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."